| Sunday, 31st December 2023, 9:21 am

കയ്യിലെ തുണി പൊക്കിയതും ബോംബ് ബ്ലാസ്റ്റായി; ഞാന്‍ ദേഷ്യത്തോടെ നില്‍ക്കുമ്പോള്‍ ലാല്‍ അയാളെ നോക്കി ചിരിച്ചു: മേജര്‍ രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ നായകനായി 2008ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കുരുക്ഷേത്ര. മേജര്‍ രവി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ അഭിനയിച്ചത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കാര്‍ഗില്‍ യുദ്ധത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് സിനിമ പറഞ്ഞത്. ഇപ്പോള്‍ ഈ സിനിമയുടെ ഷൂട്ടിങ് സമയത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മേജര്‍ രവി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലാലുമായി ഷൂട്ട് ചെയ്യുമ്പോള്‍ ഒരുപാട് കൗതുകകരമായ കാര്യങ്ങള്‍ നടക്കാറുണ്ട്. രാജാജി എന്ന് പറയുന്ന ഒരു അസോസിയേറ്റുണ്ട്. രാജാജി വളരെ സീനിയറായ ഒരാളാണ്. ജോഷി ചേട്ടന്റെയൊക്കെ അസിസ്റ്റന്റ് ആയിട്ട് വര്‍ക്ക് ചെയ്ത ആളാണ്.

ഞങ്ങള്‍ കുരുക്ഷേത്ര ഷൂട്ട് ചെയ്തത് കാര്‍ഗിലില്‍ ആയിരുന്നു. അവിടെ ഒരു സീന്‍ ഷൂട്ട് ചെയ്യുകയാണ്. അനില്‍ മുരളി ദൂരെ നിന്ന് ഓടി വരുന്നതാണ് സീന്‍. അയാളുടെ പുറകില്‍ പാകിസ്ഥാന്‍ പട്ടാളമുണ്ട്. അനില്‍ മുരളിയുടെ ഫ്ളൈറ്റ് പോയി ക്ലാഷ് ചെയ്തതിന് ശേഷം അയാള്‍ ഓടി രക്ഷപെടുന്നതാണ് ഷൂട്ട് ചെയ്യേണ്ട സീന്‍.

അതില്‍ പാക്കിസ്ഥാന്‍ പട്ടാളക്കാരായി അഭിനയിക്കുന്നവരെ ദൂരെ നിര്‍ത്തിയിരിക്കുകയാണ്. അവിടെ ആണെങ്കില്‍ ബോംബും മറ്റും വെച്ചിട്ടുണ്ട്. അപ്പോള്‍ രാജാജി അവരോട് പറഞ്ഞത് ‘ഞാന്‍ കയ്യിലെ തുണി പൊക്കി താഴ്ത്തുന്നത് കണ്ടാല്‍ നിങ്ങള്‍ അവിടുന്ന് ഓടണം’ എന്നായിരുന്നു. അപ്പോള്‍ ഉടനെ ബോംബുകള്‍ ബ്ലാസ്റ്റ് ചെയ്തു തുടങ്ങും. വയര്‍ലസ് ഫോണ്‍ ഒന്നും ഉണ്ടായിരുന്നില്ല.

രാജാജി അസിസ്റ്റന്റിനോട് കയ്യിലെ തുണി പൊക്കി കാണിക്കുന്ന കാര്യം പറയുകയാണ്. അതിനിടയില്‍ കയ്യിലെ തുണി പൊക്കി കാണിച്ചിട്ട് ഇങ്ങനെയാണ് ചെയ്യുകയെന്നും പറഞ്ഞു. ആ സമയത്ത് ക്യാമറ ഓണായിരുന്നില്ല. എന്നാല്‍ തുണി പൊക്കിയത് കണ്ടതും അവിടുന്ന് ഫുള്‍ ബോംബ് ബ്ലാസ്റ്റായി തുടങ്ങി.

ഇതൊക്കെ സെറ്റ് ചെയ്യാന്‍ തന്നെ മണിക്കൂറുകള്‍ വേണം. എല്ലാം പൊട്ടുമ്പോള്‍ ഞങ്ങള്‍ ഒന്നും ചെയ്യാന്‍ കഴിയാതെ ഇങ്ങനെ നോക്കി നില്‍ക്കുകയാണ്. ലാല്‍ ആണെങ്കില്‍ രാജാജിയെ നോക്കി ചിരിച്ചു. എനിക്കാണെങ്കില്‍ ദേഷ്യം വന്നിട്ട് വയ്യ. ലാലിന്റെ മുഖത്ത് എപ്പോഴും ഈ ചിരി വരുമായിരുന്നു,’ മേജര്‍ രവി പറഞ്ഞു.


Content Highlight: Major Ravi Talks About Mohanlal And Kurukshetra

We use cookies to give you the best possible experience. Learn more