| Sunday, 7th January 2024, 9:25 am

അന്ന് ആളുകള്‍ ചുറ്റും കൂടുമെന്നുള്ള പേടിയായിരുന്നു; എന്നാല്‍ ലാലിനെയാരും തിരിച്ചറിഞ്ഞില്ല: മേജര്‍ രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിന്റെ കഥാപാത്രങ്ങളില്‍ ഏറെ ഓര്‍മിക്കപ്പെടുന്ന ഒന്നാണ് മേജര്‍ മഹാദേവന്‍. 2006ല്‍ പുറത്തിറങ്ങിയ ‘കീര്‍ത്തി ചക്ര’യെന്ന സിനിമയിലൂടെയായിരുന്നു മോഹന്‍ലാല്‍ ആദ്യമായി മേജര്‍ മഹാദേവനായി എത്തുന്നത്.

പിന്നീട് 2008ല്‍ ‘കുരുക്ഷേത്ര’യിലും 2010ല്‍ ‘കാണ്ഡഹാറി’ലും 2017ല്‍ ‘1971: ബിയോണ്ട് ബോര്‍ഡേഴ്‌സി’ ലും ഇതേകഥാപാത്രമായെത്തി. ഈ സിനിമകളെല്ലാം സംവിധാനം ചെയ്തത് മേജര്‍ രവിയായിരുന്നു.

ഈ സിനിമകള്‍ക്ക് ശേഷം ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം മോഹന്‍ലാലിന് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയിരുന്നു. ഇപ്പോള്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ട്രെയിനിങ്ങിന് വേണ്ടി മോഹന്‍ലാലിനൊപ്പം ജമ്മുവില്‍ പോയപ്പോള്‍ നടന്ന ഒരു അനുഭവത്തെ കുറിച്ച് പറയുകയാണ് മേജര്‍ രവി.

തങ്ങള്‍ ഇടക്ക് ട്രെയിനിങ്ങിന് വേണ്ടി കശ്മീരില്‍ പോകാറുണ്ടുണ്ടെന്നും ജമ്മുവില്‍ ഇറങ്ങുമ്പോള്‍ കേരളത്തിന്റെ ഫീലാണ് ഉണ്ടാകുകയെന്നും, അതേസമയം എവിടെ നിന്നാകും ആളുകള്‍ വരികയെന്നും എത്രയാളുകള്‍ ചുറ്റും കൂടുമെന്നൊക്കെയുള്ള പേടി ആദ്യമുണ്ടായിരുന്നെന്നും മേജര്‍ രവി പറഞ്ഞു. എന്നാല്‍ വഴിയില്‍ വണ്ടി നിര്‍ത്തി ചായക്കടയില്‍ കയറിയാല്‍ അവിടെ മോഹന്‍ലാലിനെ പരിചയമുള്ള ആരും തന്നെയുണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു.

‘ഞങ്ങള്‍ ട്രെയിനിങ്ങിന് വേണ്ടി ഇടക്ക് കശ്മീരില്‍ പോകാറുണ്ട്. പക്ഷേ കൊറോണയുടെ സമയത്ത് പോകാന്‍ കഴിഞ്ഞിരുന്നില്ല. ഞങ്ങള്‍ ജമ്മുവില്‍ നിന്ന് പോകുന്ന സമയത്ത് ഇടക്ക് വണ്ടി നിര്‍ത്തി ചായക്കടയില്‍ കയറും. അപ്പോള്‍ അവിടെ ആര്‍ക്കും മോഹന്‍ലാലിനെ പരിചയമുണ്ടാകില്ല.

അങ്ങനെ ഞാന്‍ ഒരിക്കല്‍ ലാലിനോട് ഇവിടെ വളരെ കംഫര്‍ട്ടബിള്‍ ഫീല്‍ ചെയ്യുന്നില്ലേ എന്ന് ചോദിച്ചു. അന്ന് ലാല്‍ പറഞ്ഞത്, അതേ എന്നായിരുന്നു. അവിടെ ഇറങ്ങും മുമ്പ് കേരളത്തിന്റെ ഫീല്‍ ആയിരുന്നു.

എവിടെ നിന്നാകും ആളുകള്‍ വരിക, എത്ര ആളുകള്‍ ചുറ്റും കൂടും എന്നൊക്കെയുള്ള പേടിയായിരുന്നു. പക്ഷേ ഇവിടെ എത്തിയപ്പോള്‍ ഒന്നും ഉണ്ടായിരുന്നില്ല,’ മേജര്‍ രവി പറഞ്ഞു.


Content Highlight: Major Ravi Talks About Mohanlal

We use cookies to give you the best possible experience. Learn more