ലാല്‍ ജോസ് – മമ്മൂട്ടി ചിത്രമായ പട്ടാളത്തിന്റെ സമയത്ത് താന്‍ കീര്‍ത്തിചക്രയുടെ സ്‌ക്രിപ്റ്റ് എഴുതിയതിനെ കുറിച്ച് പറയുകയാണ് മേജര്‍ രവി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പട്ടാളം സിനിമയില്‍ എന്റെ കഥാപാത്രം മരിച്ച് കഴിഞ്ഞിട്ടും ഞാന്‍ തിരിച്ച് പോകാതെ ആ ലൊക്കേഷനില്‍ തന്നെ നിന്നിരുന്നു. ലാല്‍ ജോസിനെ സഹായിക്കാന്‍ വേണ്ടിയായിരുന്നു ഞാന്‍ അവിടെ നിന്നത്. പട്ടാളം റിലീസാകുന്ന സമയത്തും ഞാന്‍ ലാല്‍ ജോസിന്റെ കൂടെയുണ്ട്.
അപ്പോഴേക്കും ഞാന്‍ എന്റെ കീര്‍ത്തിചക്ര സിനിമയുടെ കഥയൊക്കെ ഏകദേശം സെറ്റാക്കി കൊണ്ടിരിക്കുകയായിരുന്നു. അന്ന് ഞാനും മമ്മൂക്കയുമൊക്കെ ഒരു ഹോട്ടലിലാണ് താമസിച്ചിരുന്നത്. അവിടെ വെച്ചാണ് ഞാന്‍ കീര്‍ത്തിചക്രക്കുള്ള കഥ എഴുതിയത്.
അങ്ങനെ മമ്മൂക്ക ഒരു ദിവസം ഹോട്ടലിലെ എന്റെ റൂമിലേക്ക് കയറി വന്നു. അദ്ദേഹം ചുറ്റും നോക്കിയിട്ട് ‘എന്താ ഇവിടെ കുറേ പേപ്പറും സാധനങ്ങളുമൊക്കെ’യെന്ന് ചോദിച്ചു. ഉടനെ ഒരു കഥ എഴുതുകയാണെന്ന് ഞാന്‍ മറുപടിയും പറഞ്ഞു.
എന്താണ് ആ സിനിമയുടെ കഥയെന്ന് ചോദിച്ച മമ്മൂക്ക അന്ന് അവിടെ ഇരുന്ന് സിനിമയുടെ വണ്‍ ലൈനൊക്കെ കേട്ടു. ഇക്ക ഒന്നും മിണ്ടാതെ കേട്ടിരുന്ന ശേഷം ‘നിങ്ങള്‍ക്ക് നിങ്ങളുടെ ആളുണ്ടല്ലോ അവനെവെച്ചല്ലേ പടം ചെയ്യുള്ളൂ’ എന്നാണ് പറഞ്ഞത്.
ഞാന്‍ എടുത്തടിച്ചത് പോലെ അതിന് നിങ്ങളും ലാലുമൊക്കെ എനിക്ക് ഡേറ്റ് തരുമോയെന്ന് ചോദിച്ചു. കാരണം ഇവരെ പോലെയുള്ള വലിയ നടന്മാരുടെ അടുത്തേക്ക് ചെന്ന് പ്രൊഫഷണലായി സമീപിക്കാനുള്ള കപ്പാസിറ്റി എനിക്ക് ഇല്ലെന്നായിരുന്നു അന്ന് എന്റെ ചിന്ത.
അതുകൊണ്ട് തന്നെ പുതിയ ആളുകളെ വെച്ച് പടം ചെയ്യാമെന്ന് കരുതി നില്‍ക്കുകയായിരുന്നു ഞാന്‍. എന്നാല്‍ അന്ന് എന്റെ ചോദ്യം കേട്ട് മമ്മൂക്ക ഒന്നും മിണ്ടിയില്ല. അത് കഴിഞ്ഞ് നാലോ മൂന്നോ വര്‍ഷത്തിന് ശേഷമാണ് കീര്‍ത്തിചക്ര സംഭവിക്കുന്നത്,’ മേജര്‍ രവി പറഞ്ഞു.
Content Highlight: Major Ravi Talks About Mammootty