| Sunday, 28th January 2024, 10:11 pm

ഗ്രനേഡാണെന്ന് കരുതി അവര്‍ ഹനീഫ്ക്കയുടെ നേരെ തോക്കുചൂണ്ടി; അതോടെ ഇക്ക ഫ്രൂട്ടി കുടിക്കുന്നത് നിര്‍ത്തി: മേജര്‍ രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മേജര്‍ രവി രചനയും സംവിധാനവും ചെയ്ത് 2006ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കീര്‍ത്തി ചക്ര. മേജര്‍ മഹാദേവനായി മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ജീവ, ബിജു മേനോന്‍, കൊച്ചിന്‍ ഹനീഫ, ഗോപിക, നവാബ് ഷാ എന്നിവരും അഭിനയിച്ചിരുന്നു.

മോഹന്‍ലാല്‍ മേജര്‍ മഹാദേവനായെത്തിയ ആദ്യ ചിത്രവും ജീവയുടെ മലയാള സിനിമയിലെ അരങ്ങേറ്റ ചിത്രവും കീര്‍ത്തി ചക്രയായിരുന്നു.

സിനിമയുടെ ഷൂട്ടിങ് സമയത്ത് നടന്ന രസകരമായ ഒരു സംഭവത്തെ കുറിച്ച് പറയുകയാണ് മേജര്‍ രവി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ കൊച്ചിന്‍ ഹനീഫയെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കീര്‍ത്തിചക്രയുടെ ഷൂട്ടിങ് സമയത്ത് ഹനീഫ്ക്ക ഒരു വെള്ളിയാഴ്ച്ച ദിവസം നിസ്‌കരിക്കാന്‍ വേണ്ടി പള്ളിയില്‍ പോയി. അവിടുന്ന് തിരിച്ചു വരുന്ന സമയത്ത് ഹനീഫ്ക്കയുടെ കയ്യില്‍ ഒരു മാങ്കോ ഫ്രൂട്ടിയുടെ ടെട്രാ പാക്ക് ഉണ്ടായിരുന്നു. പെട്ടെന്ന് കണ്ടാല്‍ ഇത് ടെട്രാ പാക്കാണെന്ന് അറിയില്ല.

അന്ന് ഹനീഫ്ക്ക അതുമായി നടന്ന് വരികയാണ്. ഭീകരവാദമൊക്കെ മൂര്‍ച്ചയില്‍ നില്‍ക്കുന്ന സമയമാണ്. ഹനീഫ്ക്ക വരുന്ന വഴിയില്‍ മുഴുവന്‍ സി.ആര്‍.പി.എഫും, ആര്‍മിയുമൊക്കെ ചെക്ക് ചെയ്യുന്നുണ്ട്. അവര്‍ ഓരോയിടത്തും തോക്കും പിടിച്ചു നില്‍ക്കുകയാണ്.

ഹനീഫ്ക്ക ചെക്കിങ് ഉള്ള ഒരു സ്ഥലത്ത് കൂടെ കടന്ന് പോകുമ്പോള്‍ പോക്കറ്റില്‍ ഉണ്ടായിരുന്ന ടെട്രാ പാക്ക് എടുത്തു. അതിന്റെ മുകളിലെ ചെറിയ സ്റ്റിക്കര്‍ അഴിക്കാന്‍ വേണ്ടി വാ കൊണ്ട് കടിച്ചു. സാധാരണ ഗ്രനേഡൊക്കെ എറിയുന്നതിന് മുമ്പ് ഇതുപോലെ പിന്‍ കടിച്ചെടുക്കും.

ഹനീഫ്ക്കയെ കണ്ടതും അവിടെ ആകെ ബഹളമായി. എല്ലാവരും എ.കെ 47നുമായി ചാടിയിറങ്ങി. ഈ കാര്യം ഹനീഫ്ക്ക് ലൊക്കേഷനില്‍ വന്ന് പറഞ്ഞതോടെ ഞങ്ങള്‍ ഒരേ ചിരിയായിരുന്നു. അവര്‍ ഇക്കയെ കൊന്നെന്നാണ് ഹനീഫ്ക്ക ശരിക്കും കരുതിയത്.

ഭാഗ്യത്തിന് ഇക്കക്ക് ഹിന്ദി കുറച്ചൊക്കെ അറിയാമായിരുന്നു. അവസാനം ആ ആര്‍മിക്കാര്‍ക്ക് കാര്യം മനസിലായതോടെ ഇനി ജീവിതത്തില്‍ ഞാന്‍ ഫ്രൂട്ടി കുടിക്കില്ല എന്ന് ഹനീഫ്ക്ക അവരോട് പറഞ്ഞേ്രത,’ മേജര്‍ രവി പറയുന്നു.


Content Highlight: Major Ravi Talks About Kochin Haneefa

We use cookies to give you the best possible experience. Learn more