| Sunday, 31st December 2023, 8:19 am

ലൊക്കേഷന് നാല് വശവും പട്ടാളം; ഇതൊക്കെ ലാല്‍ ഒരു കുട്ടിയെ പോലെ കാണുമായിരുന്നു: മേജര്‍ രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മേജര്‍ രവി രചനയും സംവിധാനവും നിര്‍വഹിച്ച് 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കീര്‍ത്തിചക്ര. മോഹന്‍ലാല്‍ മേജര്‍ മഹാദേവനായി എത്തിയ സിനിമയായിരുന്നു ഇത്. മോഹന്‍ലാലിന് പുറമെ ജീവ, ബിജു മേനോന്‍, ഗോപിക, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

കീര്‍ത്തിചക്രയിലൂടെ മേജര്‍ രവി മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിരുന്നു. ഇപ്പോള്‍ ഈ സിനിമയുടെ ഷൂട്ടിങ് സമയത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മേജര്‍ രവി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയുടെ ഷൂട്ടിന്റെ സമയത്ത് പല രസകരമായ സംഭവങ്ങളും ഉണ്ടാവാറുണ്ട്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഇങ്ങനെയൊക്കെ ഉണ്ടായോ എന്ന് ചിന്തിച്ചു പോകുന്നതാകും ചിലത്. കീര്‍ത്തിചക്രയുടെ കാലത്ത് ഉണ്ടായത് കുറച്ച് ഭീകരമായ സംഭവങ്ങളാണ്.

ആര്‍മിയുടെ ക്യാമ്പിന് അകത്തല്ലാതെ പുറത്ത് പല സ്ഥലങ്ങളിലും സിനിമയുടെ ഷൂട്ട് നടന്നിരുന്നു. അവിടെ പതിമൂന്ന് സ്ഥലങ്ങളിലായി ബോംബ് ബ്ലാസ്റ്റ് നടന്നിരുന്നു. 2006ല്‍ പതിനാറ് വര്‍ഷത്തിന് ശേഷമായിരുന്നു കശ്മീരില്‍ ഒരു ഷൂട്ടിങ് ടീം പോയത്. ആ ചെന്ന സമയത്ത് മിലിറ്റന്‍സി പീക്കില്‍ നില്‍ക്കുന്ന സമയമായിരുന്നു.

ഞങ്ങള്‍ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യാന്‍ വേണ്ടി സെറ്റിട്ടത് നാഗം എന്ന സ്ഥലത്താണ്. പാകിസ്ഥാനില്‍ പോയിട്ട് ട്രെയിനിങ് എടുത്ത് വന്നിട്ടുള്ള അമീന്താര്‍ എന്ന ഭീകരവാദിയുടെ വീടുള്ള വില്ലേജായിരുന്നു അത്. സെറ്റിട്ടതിന് ശേഷമാണ് ഈ കാര്യം അറിയുന്നത്. ലക്ഷങ്ങള്‍ ചെലവാക്കിയാണ് സെറ്റിട്ടിരുന്നത്. അതുകൊണ്ട് ലൊക്കേഷന്‍ ചെയ്ഞ്ച് ചെയ്യാന്‍ കഴിയില്ലായിരുന്നു.

അങ്ങനെ പട്ടാളക്കാര് അവിടെ പ്രൊട്ടക്ഷന്‍ തന്നു. ലൊക്കേഷന്റെ നാല് വശത്തും പട്ടാളമായിരുന്നു. ഇതൊക്കെ ഉണ്ടായിട്ടും ലാല്‍ വളരെ കൂളായിരുന്നു. ലാല്‍ ഇടക്ക് കുട്ടികളെ പോലെ വന്ന് നമ്മള്‍ വന്ന വഴിയില്‍ ഒരു ബോംബ് പൊട്ടിയിട്ടുണ്ടെന്ന് പറയും. പൊട്ടിയിട്ടുണ്ടെങ്കില്‍ പൊട്ടട്ടെ എന്ന് പറഞ്ഞാല്‍ ആ സ്ഥലം നമുക്ക് പോയി കണ്ടാല്ലോ എന്ന് ചോദിക്കും.

അങ്ങനെ ഒരു ദിവസം രാത്രി ബുള്ളറ്റ് പ്രൂഫ് ആയിട്ടുള്ള വണ്ടിയും എടുത്തിട്ട് പോയിരുന്നു. കീര്‍ത്തിചക്രയുടെ അവസാനം ജീവയുടെ ഡെഡ് ബോഡി കൊണ്ട് പോകുന്ന ആ വണ്ടിയാണ് അത്. അവിടെ ബോംബ് പൊട്ടിയ സ്ഥലമൊക്കെ ചോക്കും ചുണ്ണാമ്പും വെച്ച് മാര്‍ക്ക് ചെയ്തിട്ടുണ്ടാകും. ഇതൊക്കെ ലാല്‍ ഒരു കുട്ടിയെ പോലെ കൗതുകത്തോടെ നിന്ന് കാണുമായിരുന്നു,’ മേജര്‍ രവി പറഞ്ഞു.


Content Highlight: Major Ravi Talks About Keerthichakra And Mohanlal

We use cookies to give you the best possible experience. Learn more