പൃഥ്വിരാജ് ചിത്രത്തില്‍ തന്റെ തെറ്റ് തിരിച്ചറിഞ്ഞ അയാള്‍ പറഞ്ഞ ഇംഗ്ലീഷ് ഡയലോഗ്; ആളുകള്‍ അതിന് കൈയ്യടിച്ചത് എന്തിനാണെന്ന് എനിക്ക് മനസിലായില്ല: മേജര്‍ രവി
Entertainment
പൃഥ്വിരാജ് ചിത്രത്തില്‍ തന്റെ തെറ്റ് തിരിച്ചറിഞ്ഞ അയാള്‍ പറഞ്ഞ ഇംഗ്ലീഷ് ഡയലോഗ്; ആളുകള്‍ അതിന് കൈയ്യടിച്ചത് എന്തിനാണെന്ന് എനിക്ക് മനസിലായില്ല: മേജര്‍ രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 31st March 2024, 12:01 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു ചിത്രമാണ് അനാര്‍ക്കലി. തിരക്കഥാകൃത്തായ സച്ചി ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഇത്. 2015ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നായകനായി എത്തിയത് പൃഥ്വിരാജ് സുകുമാരനായിരുന്നു.

രാജീവ് നായര്‍ നിര്‍മിച്ച ചിത്രത്തില്‍ ബിജു മേനോന്‍, കബീര്‍ ബേദി, പ്രിയാല്‍ ഗോര്‍, മിയ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. കൊച്ചിയിലും ലക്ഷദ്വീപിലുമായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്.

ചിത്രത്തില്‍ മേജര്‍ രവിയും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഇന്ത്യന്‍ നേവി ഓഫീസറായാണ് താരം അനാര്‍ക്കലിയില്‍ അഭിനയിച്ചത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ആ ചിത്രത്തെ കുറിച്ച് പറയുകയാണ് മേജര്‍ രവി.

‘ലക്ഷദ്വീപ് എന്ന് പറഞ്ഞാല്‍ മലയാളികള്‍ എല്ലാവരും ആദ്യം ഓര്‍ക്കുന്നത് അനാര്‍ക്കലി എന്ന സിനിമയാകും. സച്ചി എഴുതി സംവിധാനം ചെയ്ത മനോഹരമായ ലവ് സ്റ്റോറിയായിരുന്നു അത്. സിനിമയില്‍ ഞാന്‍ ചെയ്ത കഥാപാത്രം കണ്ടാല്‍ നെഗറ്റീവ് ഷേയ്ഡ് തോന്നുന്നതായിരുന്നു.

എന്തുകൊണ്ടാണ് അങ്ങനെ തോന്നുന്നതെന്ന് ചോദിച്ചാല്‍ ഹീറോയ്ക്കും അയാളുടെ പ്രണയത്തിനും എതിരായി എപ്പോഴും നില്‍ക്കുന്നത് പോലെയുള്ള ഒരു കഥാപാത്രമാണ് എന്റേത്. സീനിയര്‍ ഓഫീസര്‍ (കബീര്‍ ബേദിയുടെ കഥാപാത്രം) എന്ത് പറയുന്നുവോ അത് ചെയ്യാന്‍ ബാധ്യസ്ഥനായിരുന്നു എന്റെ ആ കഥാപാത്രം. സിനിമ കാണുന്നവര്‍ നോക്കുമ്പോള്‍ അതില്‍ പൃഥ്വിയുമായും മിയയുമായി തല്ലുണ്ടാക്കുകയാണ് ഞാന്‍.

കഥ മറ്റൊരു രീതിയിലേക്ക് കൊണ്ടുപോകുമോ എന്ന് തോന്നിക്കുന്ന കഥാപാത്രമായിരുന്നു ആ സിനിമയിലേത്. കബീര്‍ ബേദിയുടെ കഥാപാത്രം വളരെ നെഗറ്റീവായാണ് ഉള്ളത്. അതുകൊണ്ടായിരുന്നു ഞാനും നെഗറ്റീവായത്. എന്നാല്‍ അതിനെ മാറ്റി മറിച്ചത് ക്ലൈമാക്‌സിലായിരുന്നു.

അതില്‍ അവസാനം നാല് ഡയലോഗ് ഇംഗ്ലീഷില്‍ പറയണമെന്ന് സച്ചി എന്നോട് പറഞ്ഞു, അത്രനാള്‍ അനുസരിച്ചിരുന്ന ഒരാളെ ആ കഥാപാത്രം അവസാനം എതിര്‍ക്കുകയാണ്. അവിടെ ഏത് ഡയലോഗാണ് പറയേണ്ടതെന്ന് സച്ചിയോട് ചോദിച്ചപ്പോള്‍, നിങ്ങള്‍ കലിപ്പിലാണ് തെറ്റ് തിരിച്ചറിയുന്ന നിങ്ങള്‍ക്ക് എന്തും പറയാമെന്ന് പറഞ്ഞു.

അങ്ങനെ ആ സീനില്‍ ഞാന്‍ അയാളോട് ഇംഗ്ലീഷില്‍ കുറച്ചു ഡയലോഗുകള്‍ പറഞ്ഞ ശേഷം ജയ്ഹിന്ദ് പറഞ്ഞ് പോകുകയാണ്. പിന്നീട് തിയേറ്ററില്‍ സിനിമ കാണുമ്പോള്‍ ആ സീനിന് ഒരേ കയ്യടിയാണ്. അത് എന്തിനാണെന്ന് എനിക്ക് മനസിലായില്ല,’ മേജര്‍ രവി പറഞ്ഞു.


Content Highlight: Major Ravi Talks About Anarkkali Climax Scene