മലയാളികളുടെ സ്വന്തം മോഹന്‍ലാലിന്റെ പട്ടാള കഥാപാത്രങ്ങള്‍ എക്കാലത്തും വിസ്മയകരമായിരുന്നു. മേജര്‍ രവിയുമായുള്ള കൂട്ടുകെട്ടില്‍ പിറന്ന പട്ടാളസിനിമകളിലെ കഥാപാത്രങ്ങള്‍ക്കൊണ്ട് ആരാധകരുടെ മനസ് കീഴടക്കാനും ലാലിന് സാധിച്ചിരുന്നു.
2006ല്‍ പുറത്തിറങ്ങിയ ‘കീര്‍ത്തി ചക്ര’യെന്ന സിനിമയിലൂടെയായിരുന്നു മോഹന്‍ലാല്‍ ആദ്യമായി മേജര്‍ മഹാദേവനായി എത്തുന്നത്. പിന്നീട് 2008ല്‍ ‘കുരുക്ഷേത്ര’യിലും 2010ല്‍ ‘കാണ്ഡഹാറി’ലും 2017ല്‍ ‘1971: ബിയോണ്ട് ബോര്‍ഡേഴ്‌സി’ലും ഇതേകഥാപാത്രമായെത്തി.
ഈ സിനിമകളെല്ലാം സംവിധാനം ചെയ്തത് മേജര്‍ രവിയായിരുന്നു. ഈ സിനിമകള്‍ക്ക് ശേഷം ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം മോഹന്‍ലാലിന് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയിരുന്നു. ഇപ്പോള്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ട്രെയിനിങ്ങിന് വേണ്ടി മോഹന്‍ലാലിനൊപ്പം ജമ്മുവില്‍ പോയപ്പോള്‍ നടന്ന ഒരു അനുഭവത്തെ കുറിച്ച് പറയുകയാണ് മേജര്‍ രവി.
‘ഞാനും ലാലും ട്രെയിനിങ്ങിന് വേണ്ടി ഇടക്ക് കശ്മീരില്‍ പോകാറുണ്ടായിരുന്നു. പക്ഷേ കൊവിഡിന്റെ സമയത്ത് പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇടയ്ക്ക് ജമ്മുവില്‍ പോകുന്ന സമയത്ത് വണ്ടി നിര്‍ത്തി ചായക്കടയില്‍ കയറും. അവിടെ ആര്‍ക്കും മോഹന്‍ലാലിനെ പരിചയമുണ്ടാകില്ല.
അങ്ങനെ ഞാന്‍ ഒരിക്കല്‍ ലാലിനോട് ഇവിടെ വളരെ കംഫര്‍ട്ടബിള്‍ ഫീല്‍ ചെയ്യുന്നില്ലേ എന്ന് ചോദിച്ചു. അപ്പോള്‍ ലാല്‍ പറഞ്ഞത്, അതേ എന്നായിരുന്നു. അവിടെ ഇറങ്ങും മുമ്പ് കേരളത്തിന്റെ ഫീല്‍ ആയിരുന്നു. എവിടെ നിന്നാകും ആളുകള്‍ വരിക, എത്ര ആളുകള്‍ ചുറ്റും കൂടും എന്നൊക്കെയുള്ള പേടിയായിരുന്നു. പക്ഷേ ഇവിടെ എത്തിയപ്പോള്‍ ഒന്നും ഉണ്ടായിരുന്നില്ല,’ മേജര്‍ രവി പറഞ്ഞു.
Content Highlight: Major Ravi Talking About MohanLal