| Saturday, 27th June 2020, 4:25 pm

അലി അക്ബറിന്റെ സിനിമയ്ക്ക് ക്യാമറ ചെയ്യുന്നത് മേജര്‍ രവിയുടെ മകന്‍ ?; വെളിപ്പെടുത്തലുമായി അലി അക്ബര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് സിനിമ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ അലി അക്ബര്‍. സംവിധായകന്‍ ആഷിഖ് അബു വാരിയന്‍കുന്നന്‍ എന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും മലബാര്‍ കലാപത്തെയും കുറിച്ച് താനും സിനിമയെടുക്കുമെന്ന് അലി അകബര്‍ പ്രഖ്യാപിച്ചത്.

ഇതിന് തൊട്ട് പിന്നാലെ സിനിമയുടെ നിര്‍മ്മാണത്തിനായി അലി അക്ബര്‍ സോഷ്യല്‍ മീഡിയയിലൂടെ പണപിരിവും ആരംഭിച്ചിരുന്നു. ഇപ്പോഴിതാ തന്റെ സിനിമയ്ക്ക് സംവിധായകന്‍ മേജര്‍ രവി പിന്തുണ പ്രഖ്യാപിച്ചെന്നും മേജര്‍ രവിയുടെ മകന്‍ സിനിമയ്ക്കായി ക്യാമറ ചെയ്യുമെന്നും പറഞ്ഞിരിക്കുകയാണ് അലി അക്ബര്‍.

ഫേസ്ബുക്കിലൂടെയായിരുന്നു അലി അക്ബറിന്റെ തുറന്നുപറച്ചില്‍. നടനും സംവിധായകനുമായ മേജര്‍ രവി നമ്മടെ സിനിമയ്ക്ക് പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചെന്നും മേജര്‍ രവിയുടെ മകന്‍ സിനിമയ്ക്ക് ക്യാമറ ചെയ്യുമെന്നുമായിരുന്നു അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അതേസമയം അലി അക്ബറിന്റെ സിനിമയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു.

യഥാര്‍ത്ഥ ചരിത്രം വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതാണ് സംഘപരിവാറിന്റെ നീക്കമെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ആഷിഖ് അബു തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു.

ചിത്രത്തില്‍ നിന്ന് പൃഥ്വി പിന്മാറണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സൈബര്‍ ആക്രമണം നടത്തിയത്. പൃഥ്വിയുടെ അമ്മയെ അധിക്ഷേപിക്കുന്ന തരത്തിലടക്കം പരമര്‍ശങ്ങളാണ് സൈബര്‍ ഇടത്തില്‍ സംഘ് പ്രൊഫൈലുകളില്‍ നിന്ന് എത്തുന്നത്. അംബിക, ബി രാധാകൃഷ്ണ മേനോന്‍, അലി അക്ബര്‍ തുടങ്ങിയവരും പൃഥ്വിക്ക് എതിരെ രംഗത്ത് എത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more