1999ല്‍ മേഘം എന്ന സിനിമയില്‍ ചെറിയ വേഷത്തിലൂടെ സിനിമയില്‍ എത്തിയ മേജര്‍ രവി, പിന്നീട് നിരവധി പട്ടാള സിനിമകളില്‍ കണ്‍സള്‍ട്ടന്റ് ആയും ചെറിയ വേഷങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. 2002ല്‍ പുനര്‍ജനി എന്ന സിനിമയിലൂടെ സംവിധാനരംഗത്തും മേജര്‍ രവി തന്റെ സാന്നിധ്യമറിയിച്ചു. 2006ല്‍ കീര്‍ത്തിചക്ര എന്ന സിനിമയിലൂടെ പട്ടാളസിനിമകള്‍ക്ക് പുതിയൊരു രീതി മലയാളസിനിമക്ക് പരിചയപ്പെടുത്തി.
1999ല്‍ പുറത്തിറങ്ങിയ ഒളിംപ്യന്‍ അന്തോണി ആദം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചതിന്റെ അനുഭവം താരം പങ്കുവെച്ചു. ആ സിനിമയില്‍ ആദ്യം താന്‍ ഉണ്ടായിരുന്നില്ലെന്നും ഒരു ഗണ്‍ ഫയര്‍ സീന്‍ കണ്ടതിന് ശേഷമാണ് ഭദ്രന്‍ ആ സിനിമയില്‍ തന്നെ ഉള്‍പ്പെടുത്തിയതെന്നും മേജര്‍ രവി പറഞ്ഞു. മോഹന്‍ലാലിന് നേരെ യഥാര്‍ത്ഥ തോക്ക് വെച്ചാണ് ഷൂട്ട് ചെയ്തതെന്നും താരം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഞാനും പ്രിയദര്‍ശനും മുംബൈയില്‍ ഒരു ആഡിന്റെ ഷൂട്ടിന് എത്തിയതായിരുന്നു. വൈകിട്ട് പ്രിയന് ഒരു കോള്‍ വന്നു. ഫോണിലൂടെ ആരോടോ പ്രിയന്‍ ചൂടായി സംസാരിക്കുകയായിരുന്നു. ‘നീ പേടിക്കണ്ട, ഞാന്‍ അവനെ നാളെ രാവിലെ ചെന്നൈയിലെത്തിക്കാം’ എന്ന് പറഞ്ഞ് കട്ട് ചെയ്തു.
‘നീ നാളെ ചെന്നൈയില്‍ എത്തണം, ലാലാണ് വിളിച്ചത്. ഒരു സീനില്‍ ലാലിന് നേരെ ഫയര്‍ ചെയ്യുന്ന ഒരു ഷോട്ട് ഉണ്ട്. ഭദ്രന്‍ പറഞ്ഞത് ഒറിജിനല്‍ തോക്ക് വെച്ച് വേണം ആ സീന്‍ ചെയ്യാന്‍ എന്നാണ്. ആക്ഷന്‍ ചെയ്യുന്ന ആര്‍ട്ടിസ്റ്റുകളെ വെച്ച് ചെയ്യണ്ട, നിന്നെ വിടാന്‍ പറ്റുമോ എന്ന് ലാല്‍ ചോദിച്ചതാ. നീ നാളെ തന്നെ ചെന്നൈക്ക് പൊയ്‌ക്കോ’ എന്ന് പ്രിയന്‍ പറഞ്ഞു.
ചെന്നൈയിലെ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ബില്‍ഡിങില്‍ ആയിരുന്നു ഷൂട്ട്. ഞാന്‍ അവിടെ ചെന്നു. മോഹന്‍ലാലിന്റെ പിന്നില്‍ ഒരു ഫോട്ടോ തൂക്കി വെച്ചിട്ടുണ്ട്. ലാലിനെ ഷൂട്ട് ചെയ്യുമ്പോള്‍ ലാല്‍ മാറും, ആ ഫോട്ടോയുടെ നെറ്റിയില്‍ ബുള്ളറ്റ് കൊള്ളണം, അതാണ് ഷോട്ട്. പോയിന്റ് 32 പിസ്റ്റള്‍ വെച്ചാണ് ഷൂട്ട് ചെയ്യേണ്ടത്. ഞാന്‍ ആ സ്ഥലം മൊത്തം നോക്കി.
ആ ഫോട്ടോ ഒരു ചുമരില്‍ തൂക്കിയിരിക്കുകയാണ്. ഈ ബുള്ളറ്റ് ചുമരും തുളച്ച് റോഡിലൂടെ പോകുന്ന ആരുടെയെങ്കിലും ദേഹത്ത് കൊള്ളാന്‍ ചാന്‍സ് ഉണ്ട്. ആര്‍ട്ടിലെ ആള്‍ക്കാരെ വെച്ച് ചുമരിന്റെ പിന്നില്‍ മണല്‍ചാക്ക് അടുക്കി വെപ്പിച്ചു. ആ ഷോട്ട് രണ്ട് വട്ടം റിഹേഴ്‌സല്‍ ചെയ്തു. ലാല്‍ മാറുന്ന ആ സെക്കന്‍ഡില്‍ ഫോട്ടോക്ക് നേരെ ഫയര്‍ ചെയ്യണം.
ആദ്യമേ ആ ഫോട്ടോയെ എയിം ചെയ്ത് വെച്ച് അതിന് ശേഷം ലാലിനോട് മുന്നില്‍ വന്ന് നിക്കാന്‍ പറഞ്ഞു. ആദ്യം റിഹേഴ്‌സ് ചെയ്തപ്പോള്‍ ലാല്‍ മാറുന്ന സമയത്ത് കൈ കറക്കിയാണ് ചാടിയത്. ഞാന്‍ പറഞ്ഞു, അണ്ണാ, ചാടുമ്പോള്‍ കൈ ആ ഫോട്ടോയുടെ മുന്നില്‍ വരുന്നുണ്ട്. കൈയില്‍ ബുള്ളറ്റ് കൊള്ളാന്‍ ചാന്‍സ് ഉണ്ടെന്ന പറഞ്ഞു. അടുത്ത വട്ടം ചെയ്തപ്പോള്‍ അത് ഓകെയായി. ടേക്ക് പോയപ്പോള്‍ ലാല്‍ അത് കറക്ട് ടൈമിങില്‍ ചെയ്തു. ഫ്രാക്ഷന്‍ ഓഫ് സെക്കന്‍ഡില്‍ ബുള്ളറ്റ് കറക്ടായി ഫോട്ടോയുടെ നെറ്റിയില്‍ തന്നെ കൊണ്ടു,’ മേജര്‍ രവി പറഞ്ഞു.
Content Highlight: Major Ravi share the Shooting experience of Olympian Anthony Adam