|

ആ പൃഥ്വിരാജ് ചിത്രം ഞാനും ടൊവിനോയും കൂടെ ചെയ്യേണ്ടതായിരുന്നു: മേജർ രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി മേജർ രവി സംവിധാനം ചെയ്ത ആർമി ബേസ്ഡ് ചിത്രമായിരുന്നു പിക്കറ്റ് 43.

പതിവ് പട്ടാള ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി രണ്ട് രാജ്യത്തിന്റെ പാട്ടാളക്കാർ തമ്മിലുള്ള സൗഹൃദം കാണിച്ച സിനിമ കൂടിയായിരുന്നു പിക്കറ്റ് 43. പൃഥ്വിയോടൊപ്പം ജാവേദ് ജാഫ്രിയും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ചിത്രത്തിൽ നടൻ ടൊവിനോയെ നായകനാക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ മേജർ രവി. എ.ബി.സി.ഡി എന്ന ചിത്രത്തിലെ ടൊവിനോയുടെ പ്രകടനം കണ്ട് താരത്തെ അഭിനന്ദിക്കാൻ താൻ തൃശൂർ വരെ പോയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ടൊവിനോയോടൊപ്പം ഒരു സിനിമ ചെയ്യാൻ നല്ല ആഗ്രഹം ഉണ്ടെന്നും എന്നാൽ താരം ഇതുവരെ തനിക്ക് ഡേറ്റ് തന്നിട്ടില്ലെന്നും മേജർ രവി പറഞ്ഞു.

‘ടൊവിനോയെ കുറിച്ച് പറയുകയാണെങ്കിൽ, ഞാൻ ആദ്യമായി ഒരു സിനിമ കണ്ട് വണ്ടിയെടുത്ത് തൃശൂർ വരെ പോയി രാത്രി വിളിച്ച് വരുത്തി അഭിനന്ദിച്ച നടനാണ്.

എ.ബി.സി.ഡി എന്ന സിനിമ കണ്ടിട്ടാണ് ഞാൻ ടൊവിനോയോട് സംസാരിച്ചത്. ഞാൻ ടൊവിയോട് പറഞ്ഞു, നീ ഒരുപാട് ദൂരം മുന്നോട്ട് പോകുമെന്ന്. അതും എ.ബി.സി. ഡിയിലെ ആ ചെറിയ റോൾ കണ്ടിട്ടാണ് ഞാൻ പറഞ്ഞത്.

എന്റെ ഉള്ളിലൊരു ആഗ്രഹം ഉണ്ടായിരുന്നു, ടൊവിയെ വെച്ചൊരു സിനിമ ചെയ്യാമെന്ന്. പക്ഷെ ഇന്നേവരെ ഈ പയ്യൻ എനിക്കൊരു ഡേറ്റ് തന്നിട്ടില്ല. പക്ഷെ അത് എന്റെ തെറ്റ് കൂടെയാണ്.

പിക്കറ്റ് 43 എന്ന സിനിമ ഞാനും ടൊവിയും കൂടെ ചെയ്യേണ്ടതായിരുന്നു. പക്ഷെ അത് സംഭവിച്ചില്ല. ടൊവിയുടെ കൂടെ വർക്ക്‌ ചെയ്യാൻ എനിക്ക് നല്ല ആഗ്രഹമുണ്ട്,’മേജർ രവി പറയുന്നു.

Content Highlight: Major Ravi Says That PICKET 43 Movie Was Planned With Tovino Thomas