| Sunday, 25th April 2021, 6:26 pm

മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കാന്‍ തയ്യാറായാല്‍ എന്റെ പെന്‍ഷനും നല്‍കാം; മേജര്‍ രവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും തങ്ങളുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തയ്യാറായാല്‍ താനും പെന്‍ഷന്‍ സംഭാവന ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ച് സംവിധായകന്‍ മേജര്‍ രവി. വാക്‌സിന്‍ വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജനങ്ങള്‍ സംഭാവന നല്‍കുന്ന വാക്‌സിന്‍ ചലഞ്ച് കഴിഞ്ഞ ദിവസങ്ങളിലാണ് ആരംഭിച്ചത്.

വാക്‌സിന്‍ ചാലഞ്ചില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്നും ഇത് താനൊരു ചാലഞ്ചായി മുന്നോട്ടുവെയ്ക്കുകയാണെന്നും ഫേസ്ബുക്ക് ലൈവിലൂടെ മേജര്‍ രവി പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തിന്റെ നിശ്ചിത ശതമാനം ദുരിതാശ്വാസനിധിയിലേക്ക് എടുക്കുന്നുണ്ടെങ്കിലും ഈ ഉത്തരവ് പുറപ്പെടുവിക്കുന്ന മന്ത്രിമാരോടും എം.എല്‍.എമാരോടും താന്‍ തിരിച്ചൊരു ചാലഞ്ച് വെയ്ക്കുകയാണെന്ന് അദ്ദേഹം പറയുന്നു.

‘ ഈ ദുരന്തസമയത്ത് മുഖ്യമന്ത്രിയടക്കം നിങ്ങളെല്ലാവരും, ദുരിതാശ്വാസനിധിയിലേക്ക് നിങ്ങളുടെ ശമ്പളം ഇട്ടുകൊടുക്കാന്‍ തയ്യാറാണെങ്കില്‍ ഞാനും എന്റെ പെന്‍ഷന്‍ നല്‍കാന്‍ തയ്യാറാണ്. എന്റെ പെന്‍ഷന്‍ കൊണ്ട് ചുരുങ്ങിയത് ഒരു പത്ത് നൂറ്റമ്പത് ആളുകള്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കാനാകും.

നിങ്ങള്‍ ഒരു മാസം കൊടുത്താല്‍ ഞാനും ഒരു മാസം കൊടുക്കും. നിങ്ങള്‍ പത്ത് മാസം കൊടുത്താല്‍ ഞാനും പത്ത് മാസം കൊടുക്കും. ഇനി വരുന്ന മന്ത്രിസഭ ആരുടേതാണെന്ന് അറിയില്ല. കോണ്‍ഗ്രസോ കമ്മ്യൂണിസ്‌റ്റോ ആകട്ടെ. വരാന്‍ പോകുന്ന മന്ത്രിമാര്‍ക്ക് മുന്നിലാണ് ഞാന്‍ ഈ ചാലഞ്ച് വെയ്ക്കുന്നത്,’ മേജര്‍ രവി പറഞ്ഞു.

താന്‍ ഈ ചലഞ്ച് ഏറ്റെടുത്താല്‍ തന്റെ ഫേസ്ബുക്ക് ഗ്രൂപ്പിലെ ചെറിയൊരു ശതമാനെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തയ്യാറാകുമെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Major Ravi says if the CM and other minister are ready to donate their salary to CMDRF he will also donate his pension

We use cookies to give you the best possible experience. Learn more