മഞ്ഞുമൂടി കാഴ്ച്ച നഷ്ടപ്പെട്ട് കഴിഞ്ഞാല്‍ നമ്മള്‍ ചിന്തിക്കുന്നതിലും മുമ്പേ അപകടമുണ്ടാകും; കശ്മീരില്‍ പോലും ഇങ്ങനെയൊരു അപകടകരമായ സാഹചര്യമില്ല: മേജര്‍ രവി
ചെന്നൈ: സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തുള്‍പ്പെടെയുള്ളവരുടെ മരണത്തിന് കാരണമായ ഹെലികോപ്റ്റര്‍ അപകടം മോശം കാലാവസ്ഥ കാരണമായേക്കാമെന്ന് റിട്ട. സൈനികനും സംവിധായകനുമായ മേജര്‍ രവി.
പെട്ടെന്ന് മഞ്ഞുകയറുന്ന പ്രദേശമാണതെന്നും പിന്നീട് മുന്നിലുള്ളതൊന്നും പൈലറ്റിന് കാണാന്‍ പറ്റില്ലെന്നും അതായിരിക്കാം അപകടത്തിന് കാരണമായതെന്നും മേജര്‍ രവി മാതൃഭൂമിയോട് പറഞ്ഞു.
അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍ സംഭവിക്കാന്‍ സാധ്യതയില്ല. മിഗ് ഹെലികോപ്റ്ററുകളില്‍ നേരത്തെ ചില പ്രശ്‌നങ്ങളുണ്ടായതിനാല്‍ അവ സൈന്യം ഒഴിവാക്കിയിരുന്നു.
സംയുക്ത സേനാ മേധാവിയെ പോലുള്ള മുതിര്‍ന്ന ഓഫീസര്‍മാരുമായി യാത്ര ചെയ്യുമ്പോള്‍ ഹെലികോപ്റ്ററിന്റെ സാങ്കേതിക പരിശോധന നടത്തുമെന്നും അതിനാല്‍ ഇക്കാര്യങ്ങളില്‍ വീഴ്ച്ചയുണ്ടാവാന്‍ സാധ്യതയില്ലെന്നും മേജര്‍ രവി പറഞ്ഞു.
മോശം കാലാവസ്ഥയാണെങ്കില്‍ യാത്ര മാറ്റിവെക്കുക എന്നത് മാത്രമാണ് ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ ഏക വഴിയെന്നും എന്നാല്‍ എത്രത്തോളം കാലാവസ്ഥയെ മുന്‍കൂട്ടി മനസിലാക്കാന്‍ സാധിക്കുമെന്നതും സംശയമാണെന്ന് അദ്ദേഹം പറഞ്ഞു.
സൈന്യത്തില്‍ താന്‍ ക്യാപ്റ്റനായിരുന്ന സമയത്ത് ബിപിന്‍ റാവത്ത് മേജറായിരുന്നുവെന്നും ദീര്‍ഘവീക്ഷണത്തോടെ തീരുമാനങ്ങള്‍ എടുക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ മികച്ച സൈനികനായിരുന്നു ബിപിന്‍ റാവത്തെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.