മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മ ഒരു ക്ലബ്ബാണ് എന്ന തരത്തിലുള്ള ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി. സാന്താക്രൂസ് എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഞാന്‍ ഒരു ആന്റി സോഷ്യല്‍ എലമെന്റാണ്. വൈകുന്നേരമായാല്‍ രണ്ടെണ്ണം അടിക്കുന്ന പട്ടാളക്കാരില്‍ പെട്ട ആളല്ല ഞാന്‍. എനിക്ക് മദ്യപാനമില്ല, സിഗരറ്റ് വലിയില്ല, ഒന്നുമില്ല.
ക്ലബുകളില്‍ എനിക്ക് മെമ്പര്‍ഷിപ്പുണ്ട്. നേവി ക്ലബ്ബിലുണ്ട്, ഗോള്‍ഫ് ക്ലബ്ബിലുണ്ട്, കൊച്ചിന്‍ ക്ലബ്ബിലെല്ലാം മെമ്പര്‍ഷിപ്പുണ്ട്. വര്‍ഷം പണമടച്ച് ഞാന്‍ പോരും. അല്ലാതെ ക്ലബ് ആസ്വാദനത്തിന് വേണ്ടി ഉപയോഗിക്കുന്ന ആളല്ല.
അമ്മ ഒരു ക്ലബ്ബ് ആണ് എന്ന് ബാബു പറഞ്ഞത് എന്തുകൊണ്ടാണ് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. ഞാനിതു വരെ അതിനകത്ത് പോയിട്ടില്ല. ഒരു വട്ടം ഉദ്ഘാടത്തിന് വിളിച്ചപ്പോള്‍ മാത്രമാണ് പോയത്.
ഞാനതിനകത്ത് ചെന്നതിന് ശേഷമാണെങ്കില്‍ ഇത് ക്ലബ്ബാണോ അല്ലയോ എന്ന് എനിക്ക് ആധികാരികമായി പറയാന്‍ പറ്റും. ക്ലബ് എന്ന് പറയാന്‍ പറ്റുമോ അതോ ഇതൊരു സംഘടനയാണോ എന്ന് അപ്പോള്‍ പറയാന്‍ പറ്റും. അല്ലാതെ ഞാന്‍ എല്ലാത്തിലും അഭിപ്രായം പറയാന്‍ പറ്റില്ല.
ഞാന്‍ അതിനകത്ത് മെമ്പര്‍ ആയിരുന്നെങ്കില്‍ ഞാന്‍ ആധികാരികമായി ഉത്തരം പറഞ്ഞേനെ. ഗണേഷ് എന്ത് പറഞ്ഞോ അതുപോലെ ഞാനും ചിലപ്പോള്‍ പറയുമായിരിക്കും. പക്ഷെ, ഇപ്പോള്‍ അത് അറിയാത്തത് കൊണ്ട് ഞാന്‍ അതില്‍ കമന്റ് ചെയ്യുന്നില്ല,” മേജര്‍ രവി പറഞ്ഞു.
ക്ലബ്ബെന്ന് പറഞ്ഞതില്‍ യോജിപ്പുണ്ടോ എന്ന ചോദ്യത്തിന്, ‘എത്രയോ പാവപ്പെട്ടവര്‍ക്ക് അവിടെ നിന്നും പെന്‍ഷന്‍ കൊടുക്കുന്നുണ്ട്. ഒരു ക്ലബ്ബില്‍ നിന്നും ഒരിക്കലും പെന്‍ഷന്‍ കിട്ടില്ല.
ആ വാക്ക് എന്ത് അടിസ്ഥാനത്തിലാണ് ഉപയോഗിച്ചതെന്ന് ബാബുവിനോട് തന്നെ ചോദിക്കണം. വാക്ക് പറഞ്ഞത് തെറ്റിയതാണോ എന്നൊക്കെ അറിയുമായിരുന്നെങ്കില്‍ ഞാന്‍ തുറന്ന് പറഞ്ഞിരുന്നേനെ, എനിക്കതിനോട് യോജിപ്പില്ല, എന്ന്.
ഇങ്ങനെയൊരു സംഘടനയെ ക്ലബ്ബ് എന്ന് പറയുന്നത് ശരിയല്ല. എത്രയോ വലിയ ആര്‍ടിസ്റ്റുകള്‍ അതിനകത്ത് അംഗങ്ങളായുണ്ട്. അവര് പലരെയും സഹായിക്കുന്നുണ്ട്, സമൂഹത്തിനെ സഹായിക്കുന്നുണ്ട്.
അങ്ങനെ ഒരു സ്ഥലത്തിന് കൊടുക്കേണ്ട പേരല്ല ക്ലബ് എന്നുള്ളത്. അമ്മ എന്നത് ഒരു സംഘടനയാണ്. അതിനെ ക്ലബ്ബ് എന്ന് പറയുന്നത് തെറ്റ് തന്നെയാണ്, അങ്ങനെ പറയരുത്,” എന്നായിരുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തത്.
പീഡന പരാതിയില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെ നടപടിയെടുക്കാത്തതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയായിരുന്നു ഇടവേള ബാബുവിന്റെ ‘ക്ലബ്ബ്’ കമന്റ്.
വിജയ് ബാബുവിനെ പുറത്താക്കാനാകില്ലെന്നും അയാള്‍ക്കെതിരെയുള്ള പീഡന പരാതി കോടതിയുടെ പരിഗണനയിലാണെന്നും അതിന്റെ വിധി വരുന്നതിന് മുമ്പ് എടുത്തുചാടി തീരുമാനം എടുക്കാനാവില്ലെന്നുമാണ് എ.എം.എം.എ ജനറല്‍ ബോഡി മീറ്റിങ്ങില്‍ ഇടവേള ബാബു പറഞ്ഞത്.
‘വിജയ് ബാബു നിരവധി ക്ലബ്ബുകളില്‍ അംഗമാണ്. അമ്മ അതില്‍ ഒരു ക്ലബ്ബ് മാത്രമാണ്. മറ്റു ക്ലബ്ബുകള്‍ ഒന്നും തന്നെ വിജയ് ബാബുവിനെ പുറത്താക്കിയിട്ടില്ല’, എന്നായിരുന്നു ഇടവേള ബാബു പറഞ്ഞത്.
Content Highlight: Major Ravi’s reaction on Idavela Babu’s comment that AMMA is a club