| Saturday, 3rd August 2024, 2:16 pm

'ചവിട്ടി നില്‍ക്കുന്ന മണ്ണിനടിയില്‍ എന്തെന്ന് പോലും അറിയില്ല'; ദുരന്ത ഭൂമിയിലെ സെൽഫിയിൽ മേജർ രവിക്ക് വ്യാപക വിമർശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മേപ്പാടി: വയനാട്ടിലെ ദുരന്തഭൂമി സന്ദര്‍ശിച്ച് സെല്‍ഫിയെടുത്ത മേജര്‍ രവിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം. ടെറിടോറിയന്‍ ആര്‍മി ലഫ്റ്റനന്റ് കേണല്‍ കൂടെയായ നടന്‍ മോഹന്‍ലാലിനൊപ്പം മുണ്ടക്കൈ സന്ദര്‍ശിച്ചപ്പോൾ മേജര്‍ രവി എടുത്ത സെല്‍ഫിയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

പി.ആര്‍.ഒ ഡിഫന്‍സ് കൊച്ചി എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് സെല്‍ഫി പങ്കുവെച്ചത്.

ഇതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ചവിട്ടി നില്‍കുന്ന മണ്ണിനടിയില്‍ എന്താണെന്ന് പോലും അറിയാത്ത അവസ്ഥയാണ് നിലവില്‍ മുണ്ടക്കൈയില്‍ ഉള്ളതെന്ന് ചിത്രത്തെ വിമര്‍ശിച്ച് ആളുകള്‍ ചൂണ്ടിക്കാട്ടി.

സെല്‍ഫി എടുത്തത് ശരിയായില്ലെന്നും ദുരന്ത ഭൂമിയില്‍ കാണിക്കേണ്ട ഔചിത്യം ഇവര്‍ കാണിക്കണമായിരുന്നെന്നും ആളുകള്‍ വിമര്‍ശിച്ചു.

അതിനിടെ, മുണ്ടക്കൈയുടെ പുനരധിവാസത്തിനായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ വഴി മൂന്ന് കോടി രൂപ നല്‍കുമെന്ന് അറിയിച്ചിരുന്നു. പിന്നീട് സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം കൂടുതല്‍ പണം നല്‍കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മുണ്ടക്കൈയിലെ ദുരന്തഭൂമി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. മുണ്ടക്കൈ എൽ.പി സ്കൂൾ പുനർനിർമിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയനാട്ടിലെ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുനിനു. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കില്‍ അത് കണ്ടെത്തി രക്ഷപ്പെടുത്താനാണ് സ്വജീവന്‍ പോലും പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിന്റെ ഔദ്യോ​ഗിക കണക്കുകൾ പ്രകാരം ഇതുവരെ കണ്ടെടുത്തത് 215 മൃതദേഹങ്ങളാണ്. 87 സ്ത്രീകൾ, 98 പുരുഷൻമാർ, 30 കുട്ടികൾ. ഇതിൽ 148 മൃതശരീരങ്ങളാണ് ബന്ധുക്കൾക്ക് കൈമാറിയത്. 206 പേരെ കണ്ടെത്താൻ ഉണ്ടെന്നും 81 പേർ പരിക്കേറ്റ് ആശുപത്രികളിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

206 പേരെ ഡിസ്ചാർജ് ചെയ്തെന്നും അവരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ വയനാട്ടിൽ 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10042 പേരാണുള്ളത്.

Content Highlight: major ravi posted selfie form lanslide hit wayanad

We use cookies to give you the best possible experience. Learn more