| Friday, 21st May 2021, 11:39 am

ഗണേഷ് കുമാറിനു വേണ്ടി പ്രചരണത്തിനിറങ്ങാം, കൃഷ്ണകുമാറിനു വേണ്ടി സംസാരിച്ചാല്‍ ഉടനെ വര്‍ഗീയവാദിയാക്കും: മേജര്‍ രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നിങ്ങളൊരു മാര്‍ക്‌സിസ്റ്റുകാരനാണെങ്കില്‍ എന്തും ചെയ്യാം എന്ന സ്ഥിതിയാണ് മലയാള സിനിമയില്‍ കണ്ടുവരുന്നതെന്ന് സംവിധായകന്‍ മേജര്‍ രവി. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിലെ ‘ചോയ്ച്ച് ചോയ്ച്ച് പോവാം’ എന്ന പരിപാടിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘മലയാള സിനിമയ്ക്കകത്ത് കണ്ടുവരുന്ന ഒരു പ്രവണതയുണ്ട്. നിങ്ങളൊരു മാര്‍ക്‌സിസ്റ്റുകാരനാണെങ്കില്‍ നിങ്ങള്‍ക്ക് എന്തു വേണമെങ്കിലും ചെയ്യാം. നിങ്ങള്‍ക്ക് മാര്‍ക്‌സിസ്റ്റിന്റെ വേദിയില്‍ പോകാം. എന്തും ചെയ്യാം. പക്ഷെ മേജര്‍ രവി മോദിയുടെ സ്റ്റേജില്‍ പോയാല്‍ അത് വലിയ പ്രശ്‌നമാകും. പക്ഷെ മാര്‍ക്‌സിസ്റ്റുകാരന്റെ പ്രചാരണത്തിന് വേണ്ടി പോയാല്‍ ഈ പ്രശ്‌നമില്ല. അതിപ്പോ ഗണേഷ് കുമാറിന്റെ പ്രചരണത്തിന് ഞാന്‍ പോയാല്‍ യാതൊരു ഈ പ്രശ്‌നമില്ല. മോഹന്‍ലാല്‍ പോയാലും കുഴപ്പമില്ല. ഇതേ രീതിയില്‍ ഞാന്‍ കൃഷ്ണകുമാറിന് വേണ്ടി പ്രചരണത്തിന് വേണ്ടിയിറങ്ങിയാല്‍ ഉടനെ എന്നെ വര്‍ഗീയവാദിയാക്കും’, മേജര്‍ രവി പറഞ്ഞു.

നിലവിലെ രാഷ്ട്രീയ സ്ഥിതിയെപ്പറ്റിയും മേജര്‍ രവി തുറന്നു പറഞ്ഞിരുന്നു. രാഷ്ട്രീയം എന്നത് എല്ലാവര്‍ക്കും ഒരു കുലത്തൊഴിലാണെന്നും ഒരു ജോലിയായിട്ടാണ് പല നേതാക്കളും ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി പ്രസിഡന്റായിരുന്ന സമയത്ത് തൃപ്പൂണ്ണിത്തുറ മണ്ഡലത്തില്‍ മത്സരിക്കുമോ എന്ന് തന്നോട് കുമ്മനം രാജശേഖരന്‍ ചോദിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ നില്‍ക്കില്ലെന്ന് അദ്ദേഹത്തോട് പറയുകയായിരുന്നുവെന്നും സ്ഥാനമാനങ്ങളൊന്നും തനിക്ക് വേണ്ടെന്നും പറഞ്ഞിരുന്നുവെന്നും മേജര്‍ രവി പറഞ്ഞു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ബി.ജെ.പിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയ മേജര്‍ രവി പിന്നീട് സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയത് വാര്‍ത്തയായിരുന്നു.

പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന കോണ്‍ഗ്രസിന്റെ ഐശ്വര്യ കേരള യാത്രയില്‍ മേജര്‍ രവി പങ്കെടുത്തതും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlights; Major Ravi Opens About Marxisit Divide In Malayalam Film

We use cookies to give you the best possible experience. Learn more