കൊച്ചി: നിങ്ങളൊരു മാര്‍ക്‌സിസ്റ്റുകാരനാണെങ്കില്‍ എന്തും ചെയ്യാം എന്ന സ്ഥിതിയാണ് മലയാള സിനിമയില്‍ കണ്ടുവരുന്നതെന്ന് സംവിധായകന്‍ മേജര്‍ രവി. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിലെ ‘ചോയ്ച്ച് ചോയ്ച്ച് പോവാം’ എന്ന പരിപാടിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘മലയാള സിനിമയ്ക്കകത്ത് കണ്ടുവരുന്ന ഒരു പ്രവണതയുണ്ട്. നിങ്ങളൊരു മാര്‍ക്‌സിസ്റ്റുകാരനാണെങ്കില്‍ നിങ്ങള്‍ക്ക് എന്തു വേണമെങ്കിലും ചെയ്യാം. നിങ്ങള്‍ക്ക് മാര്‍ക്‌സിസ്റ്റിന്റെ വേദിയില്‍ പോകാം. എന്തും ചെയ്യാം. പക്ഷെ മേജര്‍ രവി മോദിയുടെ സ്റ്റേജില്‍ പോയാല്‍ അത് വലിയ പ്രശ്‌നമാകും. പക്ഷെ മാര്‍ക്‌സിസ്റ്റുകാരന്റെ പ്രചാരണത്തിന് വേണ്ടി പോയാല്‍ ഈ പ്രശ്‌നമില്ല. അതിപ്പോ ഗണേഷ് കുമാറിന്റെ പ്രചരണത്തിന് ഞാന്‍ പോയാല്‍ യാതൊരു ഈ പ്രശ്‌നമില്ല. മോഹന്‍ലാല്‍ പോയാലും കുഴപ്പമില്ല. ഇതേ രീതിയില്‍ ഞാന്‍ കൃഷ്ണകുമാറിന് വേണ്ടി പ്രചരണത്തിന് വേണ്ടിയിറങ്ങിയാല്‍ ഉടനെ എന്നെ വര്‍ഗീയവാദിയാക്കും’, മേജര്‍ രവി പറഞ്ഞു.
നിലവിലെ രാഷ്ട്രീയ സ്ഥിതിയെപ്പറ്റിയും മേജര്‍ രവി തുറന്നു പറഞ്ഞിരുന്നു. രാഷ്ട്രീയം എന്നത് എല്ലാവര്‍ക്കും ഒരു കുലത്തൊഴിലാണെന്നും ഒരു ജോലിയായിട്ടാണ് പല നേതാക്കളും ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി പ്രസിഡന്റായിരുന്ന സമയത്ത് തൃപ്പൂണ്ണിത്തുറ മണ്ഡലത്തില്‍ മത്സരിക്കുമോ എന്ന് തന്നോട് കുമ്മനം രാജശേഖരന്‍ ചോദിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ നില്‍ക്കില്ലെന്ന് അദ്ദേഹത്തോട് പറയുകയായിരുന്നുവെന്നും സ്ഥാനമാനങ്ങളൊന്നും തനിക്ക് വേണ്ടെന്നും പറഞ്ഞിരുന്നുവെന്നും മേജര്‍ രവി പറഞ്ഞു.