| Sunday, 7th April 2024, 4:23 pm

അമിതാഭ് ബച്ചനടക്കം ഗംഭീരമായിട്ടുണ്ടെന്ന പറഞ്ഞ സിനിമ പ്രേക്ഷകര്‍ക്ക് വര്‍ക്കാകാത്തതിന്റെ കാരണം അതാണ്: മേജര്‍ രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ആളാണ് മേജര്‍ രവി. പുനര്‍ജനി എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്കെത്തിയ രവി എട്ടോളം സിനിമകള്‍ സംവിധാനം ചെയ്യുകയും നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. 2006ല്‍ സംവിധാനം ചെയ്ത കീര്‍ത്തിചക്ര എന്ന സിനിമ അതുവരെ കണ്ടുശീലിച്ച പട്ടാളസിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു.

മേജര്‍ രവി സംവിധാനം ചെയ്ത സിനിമകളില്‍ ഏറ്റവും ഹൈപ്പ് നേടിയ സിനിമയായിരുന്നു 2010ല്‍ റിലീസായ കാണ്ഡഹാര്‍. മോഹന്‍ലാലും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ആദ്യ മലയാള സിനിമ എന്ന നിലയില്‍ വന്‍ ചര്‍ച്ചാവിഷയമായിരുന്നു കാണ്ഡഹാര്‍. എന്നാല്‍ റിലീസിന് ശേഷം ബോക്‌സ് ഓഫീസില്‍ ചിത്രം തകര്‍ന്നടിയുകയായിരുന്നു. കാണ്ഡഹാര്‍ വിമാനറാഞ്ചലിനെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല.

ചിത്രം പരാജയപ്പെട്ടതിന്റെ കാരണം സംവിധായകന്‍ വ്യക്തമാക്കി. മോഹന്‍ലാലിനെയും അമിതാഭ് ബച്ചനെയും ഫോക്കസ് ചെയ്യാതെ ഒരു പുതിയ നടനിലേക്ക് ഫോക്കസ് ചെയ്തതും പട്ടാള ട്രെയിനിങ് കാണിക്കാന്‍ വേണ്ടി ഒരുപാട് സമയമെടുത്തതുമാണ് സിനിമ പരാജയപ്പെടാന്‍ കാരണമെന്ന് സംവിധായകന്‍ പറഞ്ഞു. കൗമുദി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവി ഇക്കാര്യം പറഞ്ഞത്.

‘മേജര്‍ മഹാദേവന്‍ സീരീസിലെ മൂന്നാമത്തെ സിനിമയായിരുന്നു കാണ്ഡഹാര്‍. ആ സിനിമ പരാജയപ്പെടാനുള്ള കാരണമെന്താണെന്ന് വെച്ചാല്‍, അമിതാഭ് ബച്ചന്‍ എവിടെ നിന്നോ വന്നുകേറി, മഹാദേവന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ വന്ന് കേറി. ഈ രണ്ട് കഥാപാത്രങ്ങളെയും ഉപയോഗിക്കാതെ ഞാന്‍ ട്രെയിനിങ് കൂടുതലായി കാണിക്കാന്‍ ശ്രമിച്ചു. നടുവിലുള്ള ക്യാരക്ടറെ ആളുകള്‍ അത്ര എക്‌സ്‌പെക്റ്റ് ചെയ്യുന്നില്ല. കാരണം അയാളൊരു പുതുമുഖമായിരുന്നു.

അവിടെയാണ് മഹാദേവന്‍ എന്ന ക്യാരക്ടര്‍ തോറ്റത്. ആ സിനിമയെ മനസിലാക്കുന്നവര്‍ക്കറിയാം അതിന്റെ ക്ലൈമാക്‌സിലെ ഫീല്‍ എന്തായിരുന്നുവെന്ന്. സ്വന്തം മകന്റെ ഡെഡ്‌ബോഡി അച്ഛന് ഹാന്‍ഡ് ഓവര്‍ ചെയ്യാന്‍ വരുന്ന മഹാദേവന്റെ മാനസിക സംഘര്‍ഷം എന്താണെന്ന് ആ സീനില്‍ കാണാന്‍ സാധിക്കും. ലാസ്റ്റ് സീന്‍ മോഹന്‍ലാല്‍ സല്യൂട്ട് അടിച്ചിട്ട് പോകുന്ന സീന്‍ ഗംഭീരമായിട്ടുണ്ടെന്നായിരുന്നു ഫസ്റ്റ് കോപ്പി കണ്ട ശേഷം അമിതാഭ് ബച്ചന്‍ പറഞ്ഞത്,’ മേജര്‍ രവി പറഞ്ഞു.

Content Highlight: Major Ravi explains the reason for the failure of Kaandahar movie

We use cookies to give you the best possible experience. Learn more