കോട്ടയം: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ വിമര്‍ശിച്ച് നടനും സംവിധായകനുമായ മേജര്‍ രവി. സുകുമാരന്‍ നായര്‍ നട്ടെല്ല് നിവര്‍ത്തി വിവേകത്തോടെ സംസാരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കാരനാണെന്ന കാരണം പറഞ്ഞ് മന്നം സമാധിയില്‍ നടന്‍ സുരേഷ് ഗോപിയെ കയറ്റാതിരുന്നതിനെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
ബി.ജെ.പിക്കാരനാണെന്ന കാരണം പറഞ്ഞ് മന്നം സമാധിയില്‍ നടന്‍ സുരേഷ് ഗോപിയെ അദ്ദേഹം കയറ്റിയില്ല. പിന്നെ എന്തിനാണ് പിണറായി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ കോട്ടയം ഗസ്റ്റ് ഹൗസില്‍ അദ്ദേഹത്തിന് വേണ്ടി ഒരു മണിക്കൂറോളം കാത്തിരുന്നതെന്ന് മേജര്‍ രവി ചോദിച്ചു. വിദ്യാധിരാജ വിചാരവേദി വൈക്കത്ത് സംഘടിപ്പിച്ച മന്നം അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു മേജര്‍ രവിയുടെ വിമര്‍ശനം.
‘എന്റെ അനിയന്‍ അവിടെ പോയപ്പോള്‍ അവിടെ നിന്നും ഇറക്കിവിട്ടു. എന്റെ അനിയന്‍ എന്ന് പറയുന്നത് സുരേഷ് ഗോപി. സൈസിലേ വലിപ്പമുള്ളൂ. വയസില്‍ എന്നേക്കാളും ചെറുപ്പമാണ്. നിങ്ങളാരാണ് മന്നം സമാധിയില്‍ പോകുന്നത് തടയാനെന്ന് ചോദിച്ചപ്പോള്‍, ഒരു സാധാരണക്കാരനായിട്ട് വന്നിരുന്നെങ്കില്‍ ഞാന്‍ അംഗീകരിക്കുമായിരുന്നു, ബി.ജെപിക്കാരനായിട്ട് വന്നത് കൊണ്ട് അംഗീകരിക്കാന്‍ സാധിക്കില്ല എന്നായിരുന്നു സുകുമാരന്‍ നായര്‍ അന്ന് പറഞ്ഞത്. എന്നാല്‍ പിണറായി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ കോട്ടയം ഗസ്റ്റ് ഹൗസില്‍ വന്നപ്പോള്‍ ഒരു മണിക്കൂര്‍ കാത്ത് നിന്നിട്ട് അദ്ദേഹത്തെ കാണാന്‍ പോയത് എന്തിനായിരുന്നു. അപ്പോള്‍ ഏത് പാര്‍ട്ടിയെ എവിടെ ബഹുമാനിക്കണമെന്ന് അദ്ദേഹത്തിന് അറിയാം,’ മേജര്‍ രവി പറഞ്ഞു.
സുകുമാരന്‍ നായര്‍ നട്ടെല്ല് നിവര്‍ത്തി നില്‍ക്കണമെന്നും സമുദായത്തെ വഴിയാധാരമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. തെറ്റുകളെ നട്ടെല്ലുള്ളവര്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിലാണ് മേജര്‍ രവിയുടെ വിമര്‍ശനം. 2015ല്‍ എന്‍.എന്‍.എസ് ആസ്ഥാനത്ത് എത്തിയ സുരേഷ് ഗോപിയെ കാണാന്‍ സുകുമാരന്‍ നായര്‍ വിസമ്മതിച്ചിരുന്നു. മന്നം സമാധിയില്‍ പുഷ്പ്പാര്‍ച്ചന നടത്താന്‍ മുന്‍കൂര്‍ അനുമതി നേടിയായിരുന്നു സുരേഷ് ഗോപി എത്തിയത്. എന്നാല്‍ പരിപാടിക്ക് ശേഷം സുരേഷ് ഗോപിയെ കാണാന്‍ സുകുമാരന്‍ നായര്‍ വിസമ്മതിക്കുകയായിരുന്നു.
Content Highlight: Major Ravi criticises sukumaran nair