Advertisement
Kerala
'ഷെയ്‌നെ വേദനിപ്പിക്കുന്നവര്‍ ഒന്നറിഞ്ഞിരിക്കണം'; പ്രതികരണവുമായി മേജര്‍ രവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 17, 05:33 am
Thursday, 17th October 2019, 11:03 am

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കിയ സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ മേജര്‍ രവി.

ഷെയ്നിന് തന്റെ എല്ലാ പിന്തുണയുമുണ്ടെന്നും ഇത്തരമൊരു നടപടി മലയാള സിനിമാ വ്യവസായത്തിന് യോജിച്ചതല്ലെന്നും മേജര്‍ രവി ഫേസ്ബുക്കില്‍ കുറിച്ചു.

”അന്തരിച്ച നടന്‍ അഭിയുടെ മകന്‍ ഷെയ്ന്‍ നിഗത്തിന്റെ വീഡിയോ കാണാനിടയായി. ആ കുട്ടിയെ വേദനിപ്പിക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കണം. സ്വന്തം പരിശ്രമത്തിലൂടെ മുന്നേറി വന്ന നടനാണ് അദ്ദേഹം. കഴിവുള്ള, എന്നാല്‍ പിന്തുണയ്ക്കാന്‍ ആരുമില്ലാത്ത കലാകാരന്‍മാരെ ഒരിക്കലും ഇത്തരത്തില്‍ നിരുത്സാഹപ്പെടുത്തരുത്. മലയാള സിനിമാ വ്യവസായത്തിന് അത് ഗുണം ചെയ്യില്ല… ഷെയ്‌ന് എന്റെ എല്ലാ പിന്തുണയും.. നിരാശപ്പെടരുത്. എല്ലാം ശരിയാകും… സ്‌നേഹത്തോടെ മേജര്‍ രവി – എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

ഷെയ്‌ന് പിന്തുണച്ച് കലാ സാസ്‌ക്കാരിക രംഗത്ത് നിന്നും നിരവധി പേര്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഇത്തരത്തില്‍ അക്രമഭീഷണി മുഴക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

എന്നാല്‍ തനിക്കെതിരായ ആരോപണം നിഷേധിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ് രംഗത്തെത്തിയിട്ടുണ്ട്. ആറ് ദിവസമായി പനി പിടിച്ച് കിടപ്പിലായിരുന്നെന്നും ഷെയ്ന്‍ പറയുന്നതല്ല സത്യമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു ഷൈന്‍ തനിക്കെതിരെ വധഭീഷണി ഉണ്ടെന്ന കാര്യം അറിയിച്ചത്. ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രവും മറ്റൊരു പടമായ കുര്‍ബാനിയും ഒരുമിച്ചാണ് ചിത്രീകരണം നടക്കുന്നത്. ഇരു ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് താന്‍ വരുന്നതെന്നും വെയിലിനായി, മുന്നിലെ മുടി നീട്ടിയ ഒരു ഗെറ്റപ്പുണ്ട്. എന്നാല്‍ കുര്‍ബാനി മറ്റൊരു ഗെറ്റപ്പ് വേണ്ടതിനാല്‍ പിന്നിലെ മുടി അല്‍പ്പം മാറ്റി. ഇതില്‍ തെറ്റിദ്ധരിച്ച് നിര്‍മ്മാതാവ് ജോബി, ഞാന്‍ വെയില്‍ ഷൂട്ട് മുടക്കാനാണ് ഇത് ചെയ്തത് എന്ന് ആരോപിച്ച് തനിക്കെതിരെ വധ ഭീഷണി മുഴക്കിയെന്നാണ് ഷെയ്ന്‍ പറയുന്നത്.

അഭിക്കയുടെ മകനായത് കൊണ്ട് താന്‍ അനുഭവിക്കുന്നത് ചില്ലറയല്ല എന്നും ലൈവില്‍ ഷെയ്ന്‍ പറയുന്നു. സംഭവത്തില്‍, താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ജോബിക്കെതിരെ പൊലീസിനെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ