ആ ഓപ്പറേഷനില്‍ ഞാനുമുണ്ടായിരുന്നു, നിങ്ങള്‍ ചെയ്തത് ശരിയാണെന്ന് അറിയാം; ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിനിടയിലും ദി കശ്മീര്‍ ഫയല്‍സ് കണ്ടെന്ന് മേജര്‍ രവി
Film News
ആ ഓപ്പറേഷനില്‍ ഞാനുമുണ്ടായിരുന്നു, നിങ്ങള്‍ ചെയ്തത് ശരിയാണെന്ന് അറിയാം; ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിനിടയിലും ദി കശ്മീര്‍ ഫയല്‍സ് കണ്ടെന്ന് മേജര്‍ രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th March 2022, 11:32 am

വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തെ അഭിനന്ദിച്ച് മേജര്‍ രവി. 89, 90 കളില്‍ താന്‍ എന്‍.എസ്.ജി കമാന്‍ഡറായിരുന്നുവെന്നും അതുകൊണ്ട് നിങ്ങള്‍ ചെയ്തത് ശരിയാണെന്ന് ഞങ്ങള്‍ക്ക് അറിയാമെന്നും മേജര്‍ രവി ട്വീറ്റ് ചെയ്തു.

‘കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണെങ്കിലും കശ്മീര്‍ ഫയല്‍സ് കണ്ടു. ലവ് യു വിവേക്. 89, 90 കളില്‍ ഞാന്‍ എന്‍.എസ്.ജി കമാന്‍ഡറായിരുന്നു.

റുബയ്യയെ തട്ടിക്കൊണ്ടു പോയ സംഭവം ഞങ്ങളാണ് അന്വേഷിച്ചത്. അതുകൊണ്ട് നിങ്ങള്‍ ചെയ്തത് ശരിയാണെന്ന് ഞങ്ങള്‍ക്ക് അറിയാം. അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ നമ്മുടെ രാജ്യത്തെ വിറ്റു. സല്യൂട്ട്,’ എന്നാണ് മേജര്‍ രവി ട്വീറ്റ് ചെയ്തത്.

അതേസമയം ചിത്രത്തോടനുബന്ധിച്ച് രാഷ്ട്രീയ വിവാദങ്ങളും ഉടലെടുത്തിരുന്നു. കശ്മീര്‍ ഫയല്‍സ് സിനിമ കാണാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഹാഫ് ഡേ ലീവ് പ്രഖ്യാപിച്ചിരുന്നു. കശ്മീര്‍ ഫയല്‍സിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു.

വിവേക് അഗ്‌നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയില്‍ 1990 ല്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന കശ്മീരി പണ്ഡിറ്റുകളുടെ കഥയാണ് പറയാന്‍ ശ്രമിക്കുന്നത്.

എന്നാല്‍ സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മത വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്നാണ് വിമര്‍ശനം.


Content Highlight: major ravi apprciates the movie the kashmir files