സി.ഐ നവാസ് അനുഭവിച്ച ആത്മ സംഘര്‍ഷം തന്റെ സഹോദരനും അനുഭവിച്ചു; എ.സി.പി സുരേഷ് കുമാറിനെതിരെ മേജര്‍ രവി
Kerala
സി.ഐ നവാസ് അനുഭവിച്ച ആത്മ സംഘര്‍ഷം തന്റെ സഹോദരനും അനുഭവിച്ചു; എ.സി.പി സുരേഷ് കുമാറിനെതിരെ മേജര്‍ രവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th June 2019, 6:39 pm

കൊച്ചി: എറണാകുളം എ.സി.പി സുരേഷ്‌കുമാറിനെതിരെ ആരോപണവുമായി സംവിധായകന്‍ മേജര്‍ രവി. സുരേഷ്‌കുമാര്‍ തന്റെ സഹോദരന്റെ ഭാര്യയോട് മോശമായി പെരുമാറി. പരാതി നല്‍കിയിട്ടും തുടര്‍നടപടിയുണ്ടായില്ലെന്ന് മേജര്‍ രവി ആരോപിച്ചു.

2016ല്‍ സുരേഷ് കുമാര്‍ പട്ടാമ്പി സിഐ ആയിരിക്കുമ്പോഴാണ് സംഭവം. സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പിയുടെ ഭാര്യയോട് പട്ടാമ്പി സിഐ ആയിരിക്കുമ്പോള്‍ സുരേഷ് കുമാര്‍ അപമര്യാദയായി പെരുമാറി. ഇതില്‍ പൊലീസ് കംപ്ലെയിന്റ് അതോറിറ്റിക്കും തൃത്താല പൊലീസിലും പരാതി നല്‍കി. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും മേജര്‍ രവി പറഞ്ഞു.

പരാതി നിലനില്‍ക്കെയാണ് സുരേഷ് കുമാറിന് സ്ഥാനക്കയറ്റം നല്‍കിയത്. തന്റെ സഹോദരനെ പല ദിവസങ്ങളിലും മദ്യപിച്ച ശേഷം സുരേഷ് ഫോണില്‍ വിളിച്ച് ഭിഷണിപ്പെടുത്താറുണ്ടായിരുന്നെന്നും സി.ഐ നവാസ് അനുഭവിച്ച ആത്മ സംഘര്‍ഷം തന്റെ സഹോദരനും അനുഭവിച്ചെന്നും മേജര്‍ രവി പറഞ്ഞു.

കഴിഞ്ഞ ദിവസം ഇക്കാര്യം ചൂണ്ടി കാട്ടി ഡി.ജി.പി ക്ക് പരാതി നല്‍കി. സുരേഷിനെ പോലുള്ളവരെ സംരക്ഷിക്കുന്നവരും പൊലീസില്‍ ഉണ്ടെന്നും മേജര്‍ രവി കുറ്റപ്പെടുത്തി. പരാതിനല്‍കിയിട്ടും സുരേഷ് കുമാറിനെതിരെ കേസെടുക്കാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് മേജര്‍ രവിയും കുടുംബവും.

അതേസമയം, പരാതി സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതല്‍ പ്രതികരണത്തിനില്ലെന്നും എ.സി.പി. പി എസ് സുരേഷ് കുമാര്‍ പ്രതികരിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസമാണ് സി.ഐ നവാസിനെ കാണാതായത്. മേലുദ്യോഗസ്ഥനുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നവാസ് വീടുവിട്ട് പോവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തമിഴ്നാട്ടിലെ കരൂരില്‍ നിന്ന് തമിഴ്നാട് റെയില്‍വേ പൊലീസ് അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. എ.സി.പി സുരേഷ് കുമാര്‍ വ്യക്തിപരമായി അധിക്ഷേപിച്ചതിനെത്തുടര്‍ന്നാണ് നവാസ് നാടുവിട്ടതെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞിരുന്നു. നവാസിനെ സുരേഷ് കുമാര്‍ കള്ളക്കേസെടുക്കാന്‍ നിര്‍ബന്ധിച്ചെന്നും ഇതേ തുടര്‍ന്ന് അദ്ദേഹം കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നെന്നും ഭാര്യ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി നവാസിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.