| Sunday, 18th February 2024, 6:02 pm

'കീര്‍ത്തിചക്രയെക്കാള്‍ എഫര്‍ട്ട് എടുത്ത സിനിമയായിരുന്നു അത്': മേജര്‍ രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുനര്‍ജനി എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് എത്തിയ ആളാണ് മേജര്‍ രവി.  2006ല്‍ കീര്‍ത്തിചക്ര എന്ന സൂപ്പര്‍ഹിറ്റ് സിനിമ സംവിധാനം ചെയ്യുകയും പിന്നീട് മമ്മൂട്ടിയെ വെച്ച് മിഷന്‍ 90 ഡേയ്‌സ് എന്ന സിനിമയും സംവിധാനം ചെയ്തു. എന്നാല്‍ കീര്‍ത്തിചക്രയുടെ വിജയം ആവര്‍ത്തിക്കാന്‍ മിഷന്‍ 90 ഡേയ്‌സിന് സാധിച്ചില്ല. രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് എന്‍.എസ്.ജി കമാന്‍ഡോസ് നടത്തിയ ഓപ്പറേഷനാണ് സിനിമയുടെ കഥ. കീര്‍ത്തിചക്രയെക്കാള്‍ എഫര്‍ട്ട് എടുത്ത സിനിമയായിരുന്നു അതെന്നും, എന്നാല്‍ പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതില്‍ നിരാശതോന്നിയിരുന്നെന്നും കൗമുദി ടി.വി.യിലെ മേജര്‍ സ്പീക്ക്‌സ് എന്ന പരിപാടിയില്‍ പങ്കുവെച്ചു.

’37 ലൊക്കേഷനുകളില്‍ 26 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത സിനിമയായിരുന്നു അത്. ചെന്നൈയിലെ പൊരിവെയിലത്തായിരുന്നു ആ സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത്. അവിടത്തെ ചൂടെന്നു പറയുന്നത് 45 ഡിഗ്രിക്കടുത്തായിരുന്നു. അത്രയും കഷ്ടപ്പെട്ട് ആ സിനിമ ഞങ്ങള്‍ ചെയ്തു. അത് റിലീസായി, പക്ഷേ വിചാരിച്ച പോലെ സാമ്പത്തികമായി വിജയിച്ചില്ല. പക്ഷേ അക്കാഡമിക്കലി നല്ല പ്രതികരണം ലഭിച്ചു. സൂര്യ കൃഷ്ണമൂര്‍ത്തി സാര്‍ അദ്ദേഹത്തിന്റെ സൂര്യ ഫെസ്റ്റിവലില്‍ ഓപ്പണിങ് സിനിമയായി ഈ സിനിമ തെരഞ്ഞെടുത്തു.

അതിന്റെ ക്ലാസ് മനസിലാക്കിയ ചുരുക്കം ആളുകളേ ഉള്ളൂ. മമ്മൂക്കയും ഇടയ്ക്ക് പറയാറുണ്ട്. എനിക്കിഷ്ടപ്പെട്ട മികച്ച സിനിമകളില്‍ ഒന്നാണ് അതെന്ന്. പക്ഷേ കീര്‍ത്തിചക്ര കഴിഞ്ഞ് ഞാന്‍ മമ്മൂക്കയെ വെച്ച് സിനിമ ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍ അവര്‍ ഒരു ബ്രഹ്‌മാണ്ഡ സിനിമ പ്രതീക്ഷിച്ചു. പക്ഷേ കീര്‍ത്തിചക്ര ചിത്രീകരിച്ചതിനെക്കാള്‍ പ്രയാസമായിരുന്നു ആ സിനിമ ഷൂട്ട് ചെയ്യാന്‍. കീര്‍ത്തിചക്രയില്‍ കാശ്മീരില്‍ അവിടവിടായി ബോംബ് പൊട്ടുന്നു, അതിന്റെ ഇടയിലൂടെ നമ്മള്‍ പോവുന്നു.

പക്ഷേ മിഷന്‍ 90 ഡേയ്‌സ് ഒരു പ്രത്യേക ഫ്‌ലോയില്‍ പോകുന്ന ഒരു സിനിമയാണ്. അത് എവിടെയെങ്കിലും മിസ്സായാല്‍ പടം മൊത്തം കൈയീന്ന് പോവും. ആര്‍ക്കും കഥ മനസിലാവില്ല. പക്ഷേ, ഇവിടെ കഥ എല്ലാവര്‍ക്കും മനസിലായി. പക്ഷേ അംഗീകരിക്കാന്‍ കഴിഞ്ഞില്ല. എല്ലാം കഴിഞ്ഞിട്ട് മമ്മൂക്ക എന്നോട് പറഞ്ഞു, നമ്മള്‍ നല്ലൊരു സിനിമ ചെയ്തു. അത് ഓടിയില്ല, ഇറ്റ്‌സ് ഓക്കെ. അതാവും ഈ സിനിമയുടെ വിധി,’ മേജര്‍ രവി പറഞ്ഞു.

Content Highlight: Major Ravi about the efforts of Mission 90 Days making

We use cookies to give you the best possible experience. Learn more