Advertisement
Film News
ഒരു വിവരവും വിദ്യാഭ്യാസവുമില്ലാത്ത ചിലരാണ് സുരേഷ് ഗോപിയെ പറ്റി ട്രോളുകള്‍ ഇറക്കുന്നത്: മേജര്‍ രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 22, 06:08 am
Tuesday, 22nd March 2022, 11:38 am

സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം സംവിധായകനായാണ് മേജര്‍ രവി തന്റെ സിനിമ കരിയര്‍ ആരംഭിച്ചത്. അഭിനേതാവായും സംവിധായകനായും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ അദ്ദേഹം 2006-ല്‍ കീര്‍ത്തി ചക്ര എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്.

പലപ്പോഴും സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ തന്റെ അഭിപ്രായം പറഞ്ഞും മേജര്‍ രവി മാധ്യമശ്രദ്ധ നേടാറുണ്ട്. നടനും എം.പിയുമായ സുരേഷ് ഗോപിയെ പറ്റി അദ്ദേഹം പറഞ്ഞ വാചകങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

സുരേഷ് ഗോപിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും, ഒരു നേതാവ് എങ്ങനെയായിരിക്കണം എന്ന തന്റെ കാഴ്ചപ്പാടിനെ പറ്റിയും അദ്ദേഹം പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സുരേഷ് ഗോപിയെ പറ്റി തുറന്ന് സംസാരിച്ചത്.

”സുരേഷ് ഗോപിയെ കുറിച്ച് പലപ്പോഴും ട്രോളുകള്‍ ഇറങ്ങുന്നത് കാണാം. അദ്ദേഹം അത് കൊടുക്കില്ല, ഇത് കൊടുക്കില്ല എന്നൊക്കെ. ഒരു വിവരവും വിദ്യാഭ്യാസവുമില്ലാത്ത ചിലരാണ് ഇതൊക്കെ പറയുന്നത്. ആ മനുഷ്യന്‍ ചെയ്യുന്ന മനുഷ്യത്വപരമായിട്ടുള്ള കര്‍മ്മങ്ങള്‍ എന്തൊക്കയാണെന്നുള്ളത് കാണുന്നില്ല. ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം.പി പോലും ചെയ്യാത്തത് അദ്ദേഹം സ്വന്തം കാശ് കൊണ്ട് ചെയ്യുന്നുണ്ട്,’ മേജര്‍ രവി പറഞ്ഞു.

”അദ്ദേഹം അഭിനയിക്കാന്‍ പോയാല്‍ കാശിന് വേണ്ടി ബാര്‍ഗെയ്ന്‍ ചെയ്യാറുണ്ട്. എനിക്ക് ഇത്ര പണം വേണം എന്ന് പറയാറുണ്ട്. അദ്ദേഹം വാങ്ങിക്കുന്നത് അപ്പുറത്ത് കൊടുക്കുന്നത് കണ്ടിട്ടുള്ള ഒരാളാണ് ഞാന്‍.

അദ്ദേഹം ഇത് പുറത്ത് കാണിക്കാറുമില്ല. സുരേഷിന്റെ ഇതുപോലെയുള്ള കുറേ കാര്യങ്ങള്‍ ഞാന്‍ അറിഞ്ഞപ്പോള്‍ എന്താ പറയാഞ്ഞത് എന്ന് ചോദിച്ചിരുന്നു. ചേട്ടാ ഇതൊക്കെ പറയാനുള്ളതാണോ, അതൊക്കെ നമ്മള്‍ ചെയ്ത് കൊണ്ടങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇങ്ങനെയുള്ള നേതാക്കന്മാരെയാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്. മനസ്സ് തുറന്ന്, ഇറങ്ങി പ്രവര്‍ത്തിക്കുന്ന ഒരു നേതാവിനെ,” മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.

അതേസമയം സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ ‘പാപ്പന്‍’ എന്ന സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. ജോഷി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ നൈല ഉഷ, നീത പിള്ള, കനിഹ, ആശാ ശരത്, ഗോകുല്‍ സുരേഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിതിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘കാവല്‍’ എന്ന ചിത്രമാണ് താരത്തിന്റെതായി അവസാനമായി റിലീസായത്.


Content Highlight: major ravi about suresh gopi