ആ മോഹന്‍ലാല്‍ സിനിമയിലെ കഥാപാത്രങ്ങളെ വലുതാക്കി എഴുതിയ സിനിമയാണ് പിക്കറ്റ് 43: മേജര്‍ രവി
Entertainment
ആ മോഹന്‍ലാല്‍ സിനിമയിലെ കഥാപാത്രങ്ങളെ വലുതാക്കി എഴുതിയ സിനിമയാണ് പിക്കറ്റ് 43: മേജര്‍ രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 23rd March 2024, 8:56 pm

1999ല്‍ മേഘം എന്ന സിനിമയില്‍ ചെറിയ വേഷത്തിലൂടെ സിനിമയില്‍ എത്തിയ മേജര്‍ രവി, പിന്നീട് നിരവധി പട്ടാള സിനിമകളില്‍ കണ്‍സള്‍ട്ടന്റ് ആയും ചെറിയ വേഷങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. 2002ല്‍ പുനര്‍ജനി എന്ന സിനിമയിലൂടെ സംവിധാനരംഗത്തും മേജര്‍ രവി തന്റെ സാന്നിധ്യമറിയിച്ചു. 2006ല്‍ കീര്‍ത്തിചക്ര എന്ന സിനിമയിലൂടെ പട്ടാളസിനിമകള്‍ക്ക് പുതിയൊരു രീതി മലയാളസിനിമക്ക് പരിചയപ്പെടുത്തി. പിന്നീട് നിരവധി സിനിമകള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു.

സുരാജ് വെഞ്ഞാറമൂടുമായി വര്‍ക്ക് ചെയ്യുമ്പോള്‍ നല്ല വൈബാണെന്നും കുരുക്ഷേത്ര എന്ന സിനിമയിലെ സുരാജിന്റെയും കൊച്ചിന്‍ ഹനീഫയുടെയും കഥാപാത്രങ്ങളുടെ കഥ വലുതാക്കിയതാണ് പിക്കറ്റ് 43 എന്ന സിനിമ ഉണ്ടാക്കിയതെന്നും മേജര്‍ രവി പറഞ്ഞു. ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയില്‍ അഭിനയിച്ചതിന്റെ ഓര്‍മകള്‍ കൗമുദി ടി.വി.യില്‍ പങ്കുവെക്കവെയാണ് രവി ഇക്കാര്യം പറഞ്ഞത്.

‘ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമ സച്ചി എഴുതിയതില്‍ വെച്ച് മികച്ച സിനിമകളില്‍ ഒന്നായിരുന്നു. ആ സിനിമയില്‍ എന്നെ സജസ്റ്റ് ചെയ്തത് സച്ചി തന്നെയായിരുന്നു. സച്ചി പറഞ്ഞതനുസരിച്ച് ജിന്‍ പോള്‍ ലാലാണ് എന്നെ ആ സിനിമയിലേക്ക് വിളിക്കുന്നത്. സുരാജിന്റെ കൂടെയായിരുന്നു എന്റെ കൂടുതല്‍ പോര്‍ഷനും. ആദ്യമായാണ് സുരാജിന്റെ കൂടെ അഭിനയിക്കുന്നത്.

സുരാജുള്ള സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കോമ്പോ സീന്‍ ആദ്യമായാണ്. ഇതിന് മുമ്പ് സുരാജ് എന്റെ സിനിമയില് അഭിനയിച്ചിട്ടുമുണ്ട്. കുരുക്ഷേത്രയിലെ സുരാജിന്റെയും കൊച്ചിന്‍ ഹനീഫയുടെയും, ബോര്‍ഡറിന്റെ അപ്പുറത്തുള്ള പട്ടാളക്കാരുടെയും ആ ഒരു ചെറിയ എപ്പിസോഡിനെ വലുതാക്കിയതാണ് എന്റെ തന്നെ മറ്റൊരു സിനിമയായ പിക്കറ്റ് 43. അതൊക്കെയായിരുന്നു ഡ്രൈവിങ് ലൈസന്‍സില്‍ അഭിനയിച്ചപ്പോള്‍ എന്റെ മനസില്‍ വന്നത്,’ മേജര്‍ രവി പറഞ്ഞു.

Content Highlight: Major Ravi about Picket 43 movie