| Sunday, 18th February 2024, 3:03 pm

'മിഷന്‍ 90 ഡേയ്‌സ് ഇന്നാണ് ഇറങ്ങിയതെങ്കില്‍ പരാജയപ്പെടില്ലായിരുന്നു': മേജര്‍ രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2002ല്‍ പുനര്‍ജനി എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്കെത്തിയ ആളാണ് മേജര്‍ രവി. 2006ല്‍ കീര്‍ത്തിചക്ര എന്ന സിനിമയിലൂടെ പട്ടാളസിനിമകള്‍ക്ക് പുതിയൊരു രീതി മലയാളസിനിമക്ക് പരിചയപ്പെടുത്തി. കീര്‍ത്തിചക്രക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ചെയ്ത സിനിമയാണ് മിഷന്‍ 90 ഡേയ്‌സ്. രാജീവ് ഗാന്ധി വധവും അതേത്തുടര്‍ന്ന് എന്‍.എസ്.ജി. നടത്തിയ അന്വേഷണവുമാണ് സിനിമയുടെ കഥ. എന്നാല്‍ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. സിനിമയുടെ പരാജയത്തിന്റെ കാരണം കൗമുദി ടി.വി. ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ വിശദമാക്കി.

‘ഞാന്‍ കീര്‍ത്തിചക്ര ചെയ്ത് നില്‍ക്കുന്ന സമയത്താണ് മമ്മൂക്ക എന്നെ വിളിച്ചു. എന്നിട്ട് എന്നോട് ചോദിച്ചു, നമുക്കൊരു പടം ചെയ്യണ്ടേ എന്ന്. അതിനു മുന്നേ ശശി അയ്യഞ്ചിറയുമായി മമ്മൂക്ക സംസാരിച്ചിരുന്നു, അങ്ങനെ ശശി അയ്യഞ്ചിറക്ക് മമ്മൂക്കയുടെ ഡേറ്റ് കിട്ടി. അങ്ങനെയാണ് മമ്മൂക്ക എന്നെ വിളിച്ചത്. അദ്ദേഹം എറണാകുളത്തുനിന്ന് കോഴിക്കോടേക്ക് ബൈ റോഡ് ആയി പോവുകയായിരുന്നു. എന്നെയും കൂടെ വിളിച്ചു. ആ യാത്രയില്‍ വെച്ച് ഞാന്‍ മമ്മൂക്കയോട് കഥ പറഞ്ഞു. അദ്ദേഹത്തിന് കഥ വളരെയധികം ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ആ സിനിമ ഉണ്ടാവുന്നത്.

ആ സിനിമയുടെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍, അതില്‍ ഇതുവരെ കാണാത്ത മമ്മൂക്കയായിരുന്നു ഉണ്ടായിരുന്നത്. ഹീറോയിസം ഇല്ലാത്ത കഥാപാത്രമായിരുന്നു അത്. ഒരു കമാന്‍ഡോയുടെ കണ്‍ഫെഷന്‍ എന്ന നിലയിലാണ് ആ കഥ പോവുന്നത്. എന്താണ് അന്ന് സംഭവിച്ചതെന്ന് പബ്ലിക് അറിയണം. ആ ഓപ്പറേഷനകത്ത് പങ്കെടുത്തവരുടെ മാനസികാവസ്ഥ പ്രേക്ഷകര്‍ അറിയണം. ഈയടുത്ത് ഇറങ്ങിയ മമ്മൂക്കയുടെ സിനിമയാണ് കണ്ണൂര്‍ സ്‌ക്വാഡ്. അത് വലിയ ഹിറ്റായി. അതിലെ ഓഫീസര്‍മാരുടെ മാനസികാവസ്ഥ കാണിച്ചതുകൊണ്ടാണ് ആ സിനിമ അത്ര വലിയ ഹിറ്റായത്.

പക്ഷേ അന്ന്, 16-18 വര്‍ഷം മുന്നേ, ആളുകള്‍ അങ്ങനെയൊരു മൈന്‍ഡ്‌സെറ്റില്‍ അല്ലായിരുന്നു. അവര്‍ക്ക് സ്‌ട്രൈറ്റായിട്ടൊരു പടം വേണം, അതില്‍ ഹീറോ ജയിക്കണം എന്നിങ്ങനെയുള്ള കണ്‍സെപ്റ്റ് ഉണ്ടായിരുന്ന കാലമായിരുന്നു. അതുപോലെയല്ലായിരുന്നു മിഷന്‍ 90 ഡേയ്‌സ്. എന്നാല്‍ ഇന്ന് ഇവിടെ വരുന്ന സിനിമകളില്‍ നമുക്ക് അങ്ങനെയുള്ള കാര്യങ്ങള്‍ അക്‌സപ്റ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. ആ ഒരു സ്റ്റോറിടെല്ലിങ് വ്യത്യസ്തമാണ്. സമയം മാറിയതുകൊണ്ടാണ് അത്,’ മേജര്‍ രവി പറഞ്ഞു.

Content Highlight: Major Ravi about Misiion 90 days Failure

We use cookies to give you the best possible experience. Learn more