2006-ൽ പുറത്തിറങ്ങിയ ഒരു യുദ്ധ ചിത്രമാണ് കീർത്തി ചക്ര. മേജർ രവി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ മേജർ മഹാദേവനായി മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. മോഹൻലാലിനെ കൂടാതെ ജീവ , ബിജു മേനോൻ , ഗോപിക , ലക്ഷ്മി ഗോപാലസ്വാമി , നവാബ് ഷാ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ജീവയുടെ മലയാള സിനിമയിൽഅരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത് . ജമ്മു കശ്മീരിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ ഗാലൻട്രി അവാർഡായ കീർത്തി ചക്രയിൽ നിന്നാണ് ഈ തലക്കെട്ട് ലഭിച്ചത്.
മേജർ മഹാദേവൻ ചലച്ചിത്ര പരമ്പരയിലെ ആദ്യ ചിത്രമാണിത്. ഈ ചിത്രത്തോടെ മേജർ മഹാദേവൻ എന്ന മോഹൻലാലിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിന് ശേഷം മേജർ മഹാദേവൻ എന്ന പേരിൽ വരുന്ന മറ്റ് കഥാപാത്രങ്ങളും മോഹൻലാലിനെ തേടിയെത്തി. വർഷങ്ങൾ പിന്നിടുമ്പോൾ മേജർ മഹാദേവൻ ഇനി സ്‌ക്രീനിൽ വരുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മേജർ രവി. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ന് മലയാളിയായ ഏതൊരു ചെറുപ്പക്കാരനും ഒരു ആരാധന പുരുഷനായി നിൽക്കുന്ന കഥാപാത്രമാണ് മേജർ മഹാദേവൻ. പട്ടാള ഓഫീസറിന്റെ ഒരു ക്യാരക്ടർ. എന്ത് അറിഞ്ഞാലും മേജർ മഹാദേവൻ എന്ന് വരും എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഞാൻ പറയും മൂന്നാല് മഹാദേവൻ വന്നില്ലേ ഇനി പോരെ എന്ന് പറയും.
കുറച്ചുകാലം ആയില്ലേ ഗ്യാപ് വന്നില്ലേ എന്നാണ് അവർ ചോദിക്കുക. ആ ഗ്യാപ്പിൽ മേജർ മഹാദേവൻ എപ്പോൾ വരും എന്നുള്ള ചോദ്യത്തിന് എനിക്ക് ഉത്തരമില്ല. കഥകൾ എഴുതി വെച്ചിട്ടുണ്ട്. ഞാനും ഇങ്ങനെ ആലോചിക്കുകയാണ്. ഒരു ഗ്യാപ്പ് ഇടട്ടെ. ഇനി വേറെ എന്തെങ്കിലും ചെയ്യാം പിന്നീട് ആവാം എന്ന് കരുതിയതാണ്.
തീരുമാനമൊന്നും ആയിട്ടില്ല ലാൽ സാറും അത് തന്നെയാണ് പറയുന്നത്. രവി സാർ നമുക്ക് വേറെ എന്തെങ്കിലും ചെയ്തിട്ട് നമുക്ക് യൂണിഫോം ചെയ്യാം എന്നുള്ളത് ധാരണയിലാണ് അദ്ദേഹം. വേറെ ഒരു സംഭവം എന്താണെന്ന് എനിക്കും അറിയില്ല. ലാൽ സാറിനും അറിയില്ല. അങ്ങനെ ഒരു കഥ വരാൻ വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു,’ മേജർ രവി പറഞ്ഞു.
Content highlight: Major ravi about major mahadevan’s next film