മാളികപ്പുറം സിനിമ വിജയിച്ചത് ബി.ജെ.പി നേതാക്കള്‍ സിനിമ കാണാന്‍ പറഞ്ഞതുകൊണ്ടല്ലെന്ന് സംവിധായകനും നടനും ബി.ജെ.പി സഹയാത്രികനുമായിട്ടുള്ള മേജര്‍ രവി. കേരളത്തില്‍ ബി.ജെ.പി ഇത്രവലിയ സ്‌ട്രോങ്ങായിട്ടുള്ള പാര്‍ട്ടിയാണെങ്കില്‍ എന്ത് കൊണ്ട് അവര്‍ കേരള സ്റ്റോറിയെന്ന വിദ്വേഷ സിനിമ വിജയിപ്പിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.
ദി പ്രൈം വിറ്റ്‌നസ്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ കുറച്ചാളുകള്‍ അവരുടെ കുട്ടികള്‍ ആ സിനിമ കാണമെന്ന് പറഞ്ഞുകൊണ്ട് സ്‌പോണ്‍സര്‍ ചെയ്യിപ്പിച്ച് കാണിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
‘ബി.ജെ.പിക്കാരനായത് കൊണ്ട് സിനിമയില്‍ അവസരങ്ങളില്ല എന്ന് പറയുന്നത് വെറുതെയാണ്. ഇവിടെ പലരും പറയാറുണ്ട്, ജിഹാദി ഗ്രൂപ്പുണ്ട്, കഞ്ചാവ് ഗ്രൂപ്പുണ്ട്, ബി.ജെ.പി ഗ്രൂപ്പുണ്ട് എന്നെല്ലാം. പക്ഷെ ബി.ജെ.പി ഗ്രൂപ്പൊന്നുമില്ല. ബി.ജെ.പി അല്ലെങ്കിലും ഇവിടെ വലിയ സ്‌ട്രോങ്ങായിട്ടുള്ള നേതാക്കന്‍മാരുള്ള പാര്‍ട്ടിയല്ല. അത്ര വലിയ സ്‌ട്രോങ്ങായിട്ടുള്ള പാര്‍ട്ടിയാണ് കേരളത്തില്‍ ബി.ജെ.പിയെങ്കില്‍ എന്ത് കൊണ്ടാണ് കേരള സ്റ്റോറി ഇവിടെ വിജയിക്കാതിരുന്നത്.
ഇവിടെ കുറച്ചാളുകള്‍ അവരുടെ മക്കള്‍ കാണണമെന്നുള്ളത് കൊണ്ട് അവര്‍ സ്‌പോണ്‍സര്‍ ചെയ്ത് കൊണ്ട് കാണിക്കുകയാണുണ്ടായത്. മാളികപ്പുറം വിജയിച്ചത് ബി.ജെ.പിയുടെ നേതാവ് പടം കാണാന്‍ പറഞ്ഞത് കൊണ്ടൊന്നുമല്ല. അത് ജനങ്ങളുടെ മനസിനകത്തുള്ള അയ്യപ്പ വികാരമായിരുന്നു. അത് കൊണ്ടാണ് മാളികപ്പുറം വിജയിച്ചത്. അല്ലെങ്കിലും ഇവരൊന്നും പറഞ്ഞാല്‍ ജനങ്ങള്‍ കേള്‍ക്കില്ല. ഇപ്പോഴത്തെ നേതാക്കള്‍ ആദ്യം ഇതെല്ലാം മാറ്റി വര്‍ക്ക് ചെയ്യുന്നവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണം.
സേവാഭാരതിയുടെ ചെറുപ്പക്കാരെ ഞാന്‍ പലയിടത്തും വര്‍ക്ക് ചെയ്യുമ്പോള്‍ കണ്ടിട്ടുണ്ട്. അവരുടെയൊക്കെ ആത്മാര്‍തഥ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ നിസ്വാര്‍ത്ഥമായി പണിയെടുക്കുകയും ഒരു സൈഡില്‍കൂടി പോയി കിടന്നുറങ്ങുകയും ചെയ്യുന്നുണ്ട്. കേന്ദ്രത്തില്‍ ബി.ജെ.പിയാണെന്ന് പറഞ്ഞ്, അതിന്റെ പേരില്‍ ഗുണംപറ്റുന്ന നേതാക്കന്‍മാരെയാണ് ഞാന്‍ ഇവിടെ കണ്ടിട്ടുള്ളത്. അല്ലാതെ ജനങ്ങള്‍ക്ക് വേണ്ടിയൊന്നും ചെയ്യുന്നില്ല. കേന്ദ്രം ജനങ്ങള്‍ക്ക് കൊടുക്കുന്ന കാര്യങ്ങളുടെ വാര്‍ത്ത പോലും ജനങ്ങളിലേക്കെത്തിക്കാത്തവരാണ് ഇവിടുത്തെ നേതാക്കള്‍,’മേജര്‍ രവി പറഞ്ഞു.
content highlights; major ravi about kerala story and maalikappuram