പ്രാസം ഒപ്പിച്ചിട്ട മോഹൻലാലിന്റെ ആ പേര് ചരിത്രമായി: മേജർ രവി
Film News
പ്രാസം ഒപ്പിച്ചിട്ട മോഹൻലാലിന്റെ ആ പേര് ചരിത്രമായി: മേജർ രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th April 2024, 11:52 am

2006-ൽ പുറത്തിറങ്ങിയ ഒരു യുദ്ധ ചിത്രമാണ് കീർത്തി ചക്ര. മേജർ രവി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ മേജർ മഹാദേവനായി മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. മേജർ മഹാദേവൻ ചലച്ചിത്ര പരമ്പരയിലെ ആദ്യ ചിത്രമാണിത്. ഈ ചിത്രത്തോടെ മേജർ മഹാദേവൻ എന്ന മോഹൻലാലിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിന് ശേഷം മേജർ മഹാദേവൻ എന്ന പേരിൽ വരുന്ന മറ്റ് കഥാപാത്രങ്ങളും മോഹൻലാലിനെ തേടിയെത്തി.

മഹാദേവൻ എന്ന പേരിലേക്ക് എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും മേജറുമായ മേജർ രവി. താൻ ഒരു ഞാനൊരു ശിവ ഭക്തനും കൃഷ്ണ ഭക്തനും ഒക്കെ ആയതുകൊണ്ട് അതിന്റെ പര്യായത്തിലുള്ള പേര് വേണം എന്ന് കരുതിയിരുന്നെന്നും രവി പറഞ്ഞു. ഒന്ന് രണ്ട് പേരുകളിൽ നിന്ന് പ്രാസം ഒപ്പിക്കുന്ന ഒന്നായി മേജർ മഹാദേവൻ തോന്നിയെന്നും രവി കൂട്ടിച്ചേർത്തു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാനൊരു ശിവ ഭക്തനും കൃഷ്ണ ഭക്തനും ഒക്കെയാണ്. ശിവൻ എന്ന് പറഞ്ഞാൽ ഹിന്ദു മിത്തോളജിയിൽ ഉഗ്രസ്വരൂപൻ, ദേഷ്യക്കാരൻ എന്നൊരു സംഭവമുണ്ട്. ഇതൊക്കെ വെച്ചിട്ടാണ് ശിവന്റെ പര്യായമുള്ള ഒരു പേര് വേണം എന്ന് പറഞ്ഞിട്ട് കുറെ പേരുകളൊക്കെ നോക്കി. ഞാൻ റൈറ്റർ രഞ്ജിത്ത് ആയി സംസാരിച്ചു.

എന്റെ അസിസ്റ്റന്റ് ഷിജു ആയിട്ടും ഡിസ്കസ് ചെയ്തു. അതിൽ വന്ന ഒന്ന് രണ്ട് പേരുകളിൽ ഈ മഹാദേവനാണ് ഏറ്റവും കൂടുതൽ സ്ട്രൈക്ക് ആയിട്ട് തോന്നിയത്. എനിക്കത് പ്രാസം ഒപ്പിക്കുന്ന പോലെ തോന്നി മേജർ മഹാദേവൻ. ബാക്കിയുള്ള പേരുകൾക്ക് പ്രാസം ഇല്ല. അങ്ങനെ ആ പേരിലേക്ക് വന്നതാണ്.

അതിത്രയും സ്ട്രൈക്ക് ആകുമെന്ന് അന്ന് ആലോചിച്ചില്ല പിന്നീട് ഹിസ്റ്ററി ആയിട്ട് മാറി. ആ ഒരു ക്യാരക്ടറിൽ തുടങ്ങി കുരുക്ഷേത്രയിൽ കേണൽ മഹാദേവനായി മാറി അത് കഴിഞ്ഞ് കാന്താരയുടെ അകത്ത് മേജർ മഹാദേവൻ തന്നെ 1971ലെ മഹാദേവൻ സീരിയസിന്റെ അൾട്ടിമേറ്റിലേക്ക് അതും വന്നു. ഇനി എന്നാണ് മഹാദേവൻ സീരീസ് എന്ന് ചോദിച്ചാൽ എനിക്ക് ഉത്തരം പറയാൻ പറ്റില്ല,’ മേജർ രവി പറഞ്ഞു.

Content Highlight: Major ravi about how major mahadevan name came