കേരളത്തിലെ ബി.ജെ.പിയുടെ പ്രസിഡന്റടക്കമുള്ളവരെ താന്‍ അംഗീകരിക്കുന്നില്ലെന്ന് നടനും സംവിധായകനും ബി.ജെ.പി സഹയാത്രികനുമായ മേജര്‍ രവി. ബി.ജെ.പി പ്രവര്‍ത്തകനായിട്ടാണ് താന്‍ അറിയപ്പെടുന്നത് എങ്കിലും താന്‍ ഇപ്പോഴും ആ പാര്‍ട്ടിയില്‍ അംഗമല്ലെന്നും, അതുകൊണ്ട് തന്നെ തനിക്ക് ചോദ്യംചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ദി പ്രൈം വിറ്റ്‌നസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസേനനും ഭീമന്‍ രഘുവും ബി.ജെ.പി വിട്ട് മറ്റുപാര്‍ട്ടികളിലേക്ക് പോയാലും ഇല്ലെങ്കിലും തനിക്കൊരു പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും ബി.ജെ.പി വിട്ടത് അവരവരുടെ വ്യക്തിപരമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിലായിരിക്കാമെന്നും അതെല്ലാം സത്യമായിരിക്കാമെന്നും മേജര്‍ രവി പറഞ്ഞു.
‘ഭീമന്‍ രഘുവും രാജസേനനും ബി.ജെ.പിയില്‍ നിന്ന് പോയത് അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ടാണ്. അവര്‍ പറഞ്ഞിട്ടുള്ളതില്‍ സത്യാവസ്ഥയുണ്ടായിരിക്കും. അവര്‍ അനുഭവിച്ചിട്ടുള്ളതായിരിക്കും അവര്‍ പറഞ്ഞിട്ടുണ്ടാകുക. ഒരു കാര്യത്തില്‍ എനിക്കതില്‍ വ്യത്യസ്തതയുണ്ട്. നിങ്ങളൊരു പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് എടുത്തിട്ടുണ്ടെങ്കില്‍, നിങ്ങള്‍ അതിന്റെ നിയമങ്ങള്‍ പാലിക്കണം. ഞാന്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്തിട്ടില്ല. പക്ഷെ ഞാന്‍ അറിയപ്പെടുന്നത് ബി.ജെ.പിക്കാരനായിട്ടാണ്. ഞാനാണെങ്കില്‍ ഇവിടുത്തെ പ്രസിഡന്റടക്കം കൊമ്പത്തിരിക്കുന്നവന്മാരെയൊന്നും അംഗീകരിക്കുന്നില്ല. അവരൊന്നും നേതാക്കന്‍മാരായി ഇരിക്കേണ്ടവരല്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അവരെയൊക്കെ വിമര്‍ശിക്കാറുമുണ്ട്. കാരണം, ഞാന്‍ ആ പാര്‍ട്ടിയുടെ മെമ്പറല്ല. ഞാന്‍ ഒരു പൗരനാണ്.
അതേസമയം തന്നെ കേന്ദ്രത്തെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യാറുണ്ട്. എല്ലാ സമയത്തും ഞാന്‍ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചില സമയത്ത് ചോദ്യം ചെയ്തിട്ടുമുണ്ട്. അങ്ങനെയുള്ള എനിക്ക് വേണമെങ്കില്‍ ഏത് പാര്‍ട്ടിയിലും പോയി ജോയിന്‍ ചെയ്യാം. ഞാന്‍ ഇന്നുവരെ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ല. പക്ഷെ 2016 മുതല്‍ ഞാന്‍ പങ്കെടുത്തിട്ടുള്ളത് ബി.ജെ.പിയുടെ ഇലക്ഷന്‍ ക്യാമ്പയിനിലാണ്. നല്ലത് ചെയ്താല്‍ ഞാന്‍ അംഗീകരിക്കും. പക്ഷെ ഇവിടുത്തെ ബി.ജെ.പിയുടെ നേതാവിനെ എവിടെയാണ് കാണുന്നത്. തീര്‍ച്ചയായും, ഭീമന്‍ രഘു പറഞ്ഞത് സത്യമായിരിക്കാം. പാര്‍ട്ടി മെമ്പറായത് കൊണ്ട് അവര്‍ക്ക് പാര്‍ട്ടിക്കകത്ത് നിന്ന് ചോദ്യം ചെയ്യാന്‍ പറ്റിയില്ലായിരിക്കും. അതുകൊണ്ട് അവര്‍ രാജിവെച്ചു. അവര്‍ വേറെ പാര്‍ട്ടിയില്‍ പോയി.
ജനസേവനമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ നിങ്ങള്‍ ഒരു പാര്‍ട്ടിയിലും ചേരേണ്ട ആവശ്യമില്ല. ഞാനിപ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എനിക്കൊരു പാര്‍ട്ടിയുടെയും സപ്പോര്‍ട്ടിന്റെ ആവശ്യമില്ല. എനിക്ക് ജനങ്ങളുടെ സപ്പോര്‍ട്ടുണ്ട്. ഒരു പാര്‍ട്ടിയുടെ ഭാഗമായി ഞാന്‍ ഒതുങ്ങേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ ഭീമന്‍രഘവും രാജസേനനും പോയാലും പോയില്ലെങ്കിലും പ്രശ്‌നമില്ല. രാഷ്ട്രീയമെന്നത് ഒരു ഡേര്‍ട്ടി ഗെയ്മാണെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. അതിനകത്ത് നിന്ന് കളിക്കുന്നവര്‍ ഒരു പ്രത്യേക മാനസികാവസ്ഥയുള്ള ആളുകളാണ്. എനിക്കത് പറ്റില്ല,’ മേജര്‍ രവി പറഞ്ഞു.