അബൂദാബി: ഫൈനലിന് മുമ്പൊരു ഫൈനല്‍. എ.എഫ്.സി. ഏഷ്യാകപ്പിലെ ഖത്തര്‍-യു.എ.ഇ സെമിഫൈനലിനെ ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ വിലയിരുത്തുന്നത് ഈ വിധമാണ്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന മധ്യേഷ്യന്‍ അന്തരീക്ഷത്തില്‍ മത്സരത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. അബൂദാബിയിലെ മുഹമ്മദ് ബിന്‍ സയ്യിദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം 7.30 ന് കിക്കോഫാകുമ്പോള്‍ മധ്യേഷ്യ രണ്ട് ധ്രുവങ്ങളിലേക്ക് ചുരുങ്ങും.
കേവലമൊരു മത്സരമായി മാത്രം മാറേണ്ട ഖത്തര്‍- യു.എ.ഇ സെമിഫൈനലിന് “ബിഗ് ബാറ്റില്‍” എന്ന ചിത്രം നല്‍കിയത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാറിമറിഞ്ഞ മധ്യേഷ്യന്‍ രാഷ്ട്രീയ ചിത്രമാണ്. മുഹമ്മദ് ബിന്‍ സയ്യിദ് സ്റ്റേഡിയത്തില്‍ നിറയുന്ന 43,000 എമിറാത്തി ആരാധകരേയും അവരുടെ ആരവങ്ങളേയും മറികടക്കേണ്ടിവരും ഖത്തറിന് ഇന്ന് ജയിക്കാന്‍.
2017 ല്‍ യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധമാണ് മത്സരത്തിന് ഗൗരവപ്രാധാന്യം നല്‍കുന്നത്. ഇറാന് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കുക, അല്‍ ജസീറ ചാനലിനെ നിയന്ത്രിക്കുക, തുടങ്ങിയ 13 ഇന ആവശ്യങ്ങളാണ് ഉപരോധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാലും എല്ലാ ആവശ്യങ്ങളോടും ഖത്തര്‍ പറഞ്ഞത് ബിഗ് നോ.
ALSO READ:സാമുറായികള്‍ ഫൈനലിലേക്ക്; ഇറാനെ ഏകപക്ഷീയമായ രണ്ട് ഗോളിന് തോല്‍പിച്ചു
മധ്യേഷ്യന്‍ മേഖലയില്‍ ഖത്തറിനെ ഒറ്റപ്പെടുത്തിയുള്ള സൗദി-യു.എ.ഇ രാഷ്ട്രീയ നീക്കത്തിന് യു.എ.ഇയുടെ മണ്ണില്‍ തന്നെ മറുപടി നല്‍കാനായാല്‍ ഖത്തറിന്റെ മറ്റൊരു രാഷ്ട്രീയ വിജയം കൂടിയാകും അത്. കാരണം എമിറേറ്റിന്റെ മണ്ണിലെ ഏഷ്യാകപ്പ് ഖത്തറിന് മത്സരമെന്നതിലുപരി ഇപ്പോള്‍ രാഷ്ട്രീയ ആയുധം കൂടിയാണ്. ഉപരോധ രാഷ്ട്രങ്ങള്‍ക്കുമേല്‍ രാഷ്ട്രീയ-സാംസ്‌കാരിക മേധാവിത്വം നേടുന്നതിനൊപ്പം കായിക മേഖലയിലെ മേധാവിത്വം കൂടി ഖത്തറിന് ഇന്നത്തെ ജയത്തിലൂടെ ഉറപ്പാക്കാന്‍ കഴിയും.
ഉപരോധം ഏര്‍പ്പെടുത്തിയതിലൂടെ ഖത്തറിനെ തകര്‍ക്കാം എന്നതായിരുന്നു ഉപരോധ രാജ്യങ്ങളുടെ കണക്കുകൂട്ടല്‍. ഉപാധികള്‍ ഖത്തര്‍ അംഗീകരിക്കുമെന്നും തങ്ങളുടെ വഴിക്ക് വരുമെന്നും അവര്‍ വിചാരിച്ചു. പക്ഷെ ഉപരോധത്തിലും ഖത്തറിനെ തകര്‍ക്കാന്‍ യു.എ.ഇ അടങ്ങുന്ന രാജ്യങ്ങള്‍ക്കായില്ല. അതുകൊണ്ട് അവര്‍ക്കുള്ള പുതിയ ആയുധമാണ് ഇന്നത്തെ സെമി ഫൈനല്‍.
ഉപരോധത്തിലൂടെ സാധിക്കാത്തത് ഏഷ്യാകപ്പ് സെമിഫൈനലില്‍ നേടിയെടുക്കാമെന്ന മോഹം യു.എ.ഇയും സൗദിയുമടങ്ങുന്ന രാജ്യങ്ങള്‍ക്കുണ്ട്. ലോകം ഉറ്റുനോക്കുന്ന മത്സരമായതിനാല്‍ ഉപരോധത്തിലൂടെ നേടാനാകാത്തത് ഫുട്‌ബോളിന്റെ പച്ചപ്പുല്‍ മൈതാനിയില്‍ സൗദികളും എമറാത്തികളും സ്വപ്‌നം കാണുന്നു. അതിനുള്ള നീക്കവും എമറാത്തികള്‍ തുടങ്ങിയിട്ടുണ്ട്.
സെമിഫൈനലില്‍ ഖത്തറിനെ പിന്തുണയ്ക്കുന്നവരുടെ സംഖ്യ കുറയ്ക്കാന്‍ എമിറേറ്റ് കൗണ്‍സില്‍ ടിക്കറ്റ് മുഴുവന്‍ വാങ്ങി എമിറേറ്റ് ആരാധകര്‍ക്ക് മാത്രം നല്‍കിയത് മത്സരത്തിന്റെ രാഷ്ട്രീയ പ്രാധാന്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
ALSO READ: മെസ്സിയോ മറഡോണയോ മികച്ചവന്‍?; സര്‍ അലക്‌സ് ഫര്‍ഗൂസന് പറയാനുള്ളത്
ഇന്ന് ഖത്തറിന് വേണ്ടി ഗ്യാലറിയില്‍ ആരവം തീര്‍ക്കാന്‍ ഒരു ആരാധകന്‍ പോലുമുണ്ടാകില്ല എന്നതാണ് സത്യം. ഖത്തറികള്‍ക്ക് എമിറേറ്റിലേക്ക് പ്രവേശനം നിഷേധിച്ചതിനാലാണ് ഖത്തര്‍ പതാകകള്‍ മുഹമ്മദ് ബിന്‍ സയ്യിദ് സ്റ്റേഡിയത്തില്‍ ഉയരാത്തതിന് പ്രധാന കാരണം. ഇത്തരം വെല്ലുവിളികള്‍ക്കിടയില്‍ നിന്നുകൊണ്ട് ഫൈനലിലേക്ക് മാര്‍ച്ച് നടത്തിയാല്‍ അത് യു.എ.ഇയ്ക്ക് ഫുട്‌ബോളിലൂടെ ഖത്തര്‍ നല്‍കുന്ന രാഷ്ട്രീയമറുപടിയാകുമെന്ന് മധ്യേഷ്യന്‍ രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നു.
ഖത്തറികള്‍ക്ക് ഇത് വെറുമൊരു മത്സരം മാത്രമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഫൈനല്‍ ജയിച്ച ആത്മസുഖമായിരിക്കും തങ്ങള്‍ക്ക് ഇന്നത്തെ ജയം. ഇത് ഉപരോധ രാഷ്ട്രങ്ങള്‍ക്കുമേലുള്ള രാഷ്ട്രീയ ജയം കൂടിയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ഖത്തര്‍ ആരാധകര്‍ സംസാരിക്കുന്നത്.
ഉപരോധത്തിന് ശേഷം ഇരുരാജ്യങ്ങളും ആദ്യമായാണ് നേര്‍ക്കുനേര്‍ വരുന്നത്. ഖത്തറിന് മേല്‍ ജയിക്കാനുളള പതിനെട്ടടവും യു.എ.ഇ നോക്കുന്നുണ്ട്. അതുകൊണ്ടാണ് ടിക്കറ്റുകള്‍ മുഴുവന്‍ എമിറാത്തികള്‍ക്ക് നല്‍കിയതെന്ന് പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലായ മിഡില്‍ ഈസ്റ്റ് ഐ വിലയിരുത്തുന്നു. ഏതുവിധേനയും ജയിക്കണമെന്ന ലക്ഷ്യമാണ് ഉള്ളത്. മത്സരത്തിന്റെ രാഷ്ട്രീയ നേട്ടത്തില്‍ യു.എ.ഇയ്ക്ക് കൃത്യമായ ബോധ്യമുണ്ടെന്നും മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഖത്തറിന്റെ കഴിഞ്ഞ മത്സരങ്ങളിലും ആരാധകരുടെ പങ്ക് കുറവായിരുന്നു. സെമിഫൈനലില്‍ ഖത്തറിന് വേണ്ടി ആരവം തീര്‍ക്കാന്‍ ഒമാനികളും രാജ്യാന്തര ആരാധകരും എത്തുമെന്ന് അറിയിച്ചിരുന്നു. ഇത് ഇല്ലാതാക്കാനാണ് ടിക്കറ്റ് എമിറാത്തികള്‍ക്ക് നല്‍കിയതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്നത്തെ മത്സരത്തെ യു.എ.ഇ വല്ലാതെ ഭയപ്പെടുന്നുണ്ടെന്നാണ് ഇംഗ്ലീഷ് സ്‌പോര്‍ട്‌സ് പോര്‍ട്ടലായ സ്‌കൈ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫിഫയുടെ നിയമങ്ങള്‍ കാറ്റില്‍ പറത്തി രാഷ്ട്രീയലാക്കോടെ യു.എ.ഇ നടത്തുന്ന നീക്കങ്ങള്‍ ഫുട്‌ബോളിന് ചേര്‍ന്നതല്ലെന്ന കടുത്ത വിമര്‍ശനമാണ് യൂറോപ്യന്‍ മാധ്യമങ്ങള്‍ ഉന്നയിക്കുന്നത്.
സെമിഫൈനലിന് മുന്നോടിയായി നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളെ അംഗീകരിക്കാനാവില്ലെന്ന് ക്രിസ്റ്റിയന്‍ അള്‍റിഷെന്‍ പറയുന്നു. ഖത്തറികള്‍ക്ക് യു.എ.ഇയില്‍ മത്സരം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ പകരം സംവിധാനം സ്റ്റേഡിയത്തില്‍ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. ദ യുണൈറ്റഡ് അറബ് എമിറേറ്റ്- ശക്തി, രാഷ്ട്രീയം എന്ന പുസ്തകത്തിന്റെ രചയിതാവാണ് ക്രിസ്റ്റ്യന്‍ അള്‍റിഷെന്‍.
എന്നാല്‍ ഖത്തര്‍ ടീം ആരാധകരില്ലാതെ കളിക്കാന്‍ തയ്യാറാണെന്ന് പറയുന്നു. മത്സരത്തിന് മുമ്പെ തങ്ങളിത് പ്രതീക്ഷിച്ചതാണെന്നും കളിക്കാര്‍ പറയുന്നുണ്ട്. ഇന്നത്തെ കളി തങ്ങള്‍ക്ക് കേവലമൊരു കളി മാത്രമല്ലെന്ന ഉത്തമബോധ്യത്തോടെയാകും മത്സരത്തിനിറങ്ങുകയെന്ന് കളിക്കാര്‍ ട്വീറ്റ് ചെയ്യുന്നു.
യു.എ.ഇ ടീമും ജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. എമിറാത്തികളുടെ അഭിമാനം സംരക്ഷിക്കാന്‍ ഇന്ന് ജയം അത്യാവശ്യമാണെന്നും 90 മിനിറ്റിന് ശേഷം തങ്ങളായിരിക്കും ചിരിക്കുകയെന്നും യു.എ.ഇ. പറയുന്നു. ഇരു രാജ്യങ്ങള്‍ക്കിടയിലും വളര്‍ന്ന രാഷ്ട്രീയ അന്തരത്തിന് ഫുട്‌ബോളിലൂടെ മറുപടി നല്‍കാനാണ് കളിക്കാര്‍ ശ്രമിക്കുന്നത്.
നിലവിലെ റാങ്കിങില്‍ ഖത്തര്‍ 93-ാമതും എമിറേറ്റ് 79-ാമതുമാണ്. ഖത്തറിന്റെ ആദ്യകാല ഫുട്‌ബോള്‍ താരത്തിന്റെ മകനായ മന്‍സൂരി മത്സരത്തെ വിലയിരുത്തുന്നത് ഈ വിധമാണ്.
“ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കളിയാണിത്. നല്ല പേടിയുണ്ട്. ഇന്ന് ജയിച്ചാല്‍ എല്ലാമേഖലയിലും ഞങ്ങള്‍ ജയിച്ചെന്നാണ്.”
ഏഷ്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരമാകുമിതെന്നാണ് ബ്രിട്ടനിലെ സല്‍ഫോര്‍ഡ് സ്‌കൂളിലെ സ്‌പോര്‍ട്‌സ് എന്റര്‍പ്രൈസ് പ്രഫസറായ സൈമണ്‍ ചാദ്വിക്ക് പറയുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യവും ഇന്നത്തെ മത്സരത്തെ കളിക്കാരും, ഇരു രാജ്യങ്ങളും അഭിമാനമായി കാണുന്നതുമാണ് ഇതിന് കാരണമായിട്ട് അദ്ദേഹം പറയുന്നത്.