ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 180 വര്‍ഷം പഴക്കമുള്ള മസ്ജിദിന്റെ മിനാരങ്ങള്‍ ഉള്‍പ്പടെയുള്ള പ്രധാന ഭാഗങ്ങള്‍ ജില്ല ഭരണകൂടം പൊളിച്ചുമാറ്റി. റോഡ് കൈയേറിയാണ് പള്ളി നിര്‍മിച്ചത് എന്ന് ആരോപിച്ചായിരുന്നു നടപടി. ഫത്തേപൂര്‍ നൂരി ജുമാമസ്ജിദിന്റെ പ്രധാന ഭാഗങ്ങളാണ് പൊളിച്ചുനീക്കിയത്. പുരാവസ്തു വകുപ്പിന്റെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട നിര്‍മിതിയാണ് നുരി മസ്ജിദ്.
പള്ളി പൊളിക്കുന്നതിന്റെ ഭാഗമായി പ്രതിഷേധങ്ങളുണ്ടാകുമെന്ന് ഭയന്ന് പ്രദേശവാസികളായ 25000പേരെ വീട്ടുതടങ്കലിലാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് രാവിലെയാണ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ജില്ല ഭരണകൂടം പള്ളിയുടെ പിന്‍ഭാഗത്തെ പ്രധാന ചുമരുകളുള്‍പ്പടെ പൊളിച്ചത്.
കൈയേറ്റം സംബന്ധിച്ച ജില്ല ഭരണകൂടത്തിന്റെ നോട്ടീസ് ചോദ്യം ചെയ്ത് കൊണ്ടുള്ള മസ്ജിദ് ഭാരവാഹികളുടെ ഹരജി അലഹാബാദ് ഹൈക്കോടതി 13ന് പരിഗണിക്കാനിരിക്കെയാണ് നടപടി. എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ സായുധരായിട്ടുള്ള വലിയ പൊലീസ് സംഘത്തെ പ്രദേശത്ത് വിന്യസിച്ച് കൊണ്ടായിരുന്നു ജില്ല ഭരണകൂടം പള്ളി പൊളിച്ചത്.
2024 സെപ്തംബര്‍ 24നാണ് റോഡ് വികസനത്തിന്റെ ഭാഗമായി യു.പി. പൊതുമരാമത്ത് വകുപ്പ് മസ്ജിദ് ഭാരവാഹികള്‍ക്ക് നോട്ടീസ് നല്‍കിയത്. മസ്ജിദിന്റെ ചിലഭാഗങ്ങലും 133 വീടുകളും ചില കച്ചവട സ്ഥാപനങ്ങളും റോഡ് കൈയേറിയാണ് നിര്‍മിച്ചത് എന്ന് കാണിച്ചായിരുന്നു നോട്ടീസ്. പൊതുമരാമത്ത് വകുപ്പിന്റെ നടപടിക്കെതിരെ മസ്ജിദ് ഭാരവാഹികള്‍ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
പൊതുമരാമത്ത് വകുപ്പ് പറയുന്ന പ്രകാരമുള്ള ഭാഗങ്ങള്‍ പൊളിച്ചുനീക്കിയാല്‍ പള്ളിക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കുമെന്നും ആയതിനാല്‍ തന്നെ പള്ളി പൊളിക്കുന്നത് തടയണമെന്നും മസ്ജിദ് കമ്മിറ്റി ഹരജിയിലൂടെ ആവശ്യപ്പെട്ടിരുന്നു. 180 വര്‍ഷം പഴക്കമുള്ള മസ്ജിദ് കേവലം ആരാധനാലയം മാത്രമല്ലെന്നും പ്രദേശത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണെന്നും ഹരജിയിലുണ്ടായിരുന്നു.
നൂരി മസ്ജിദ് പുരാവസ്തു വകുപ്പിന്റെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണെന്നും മസ്ജിദിനെ എ.എസ്.ഐയുടെ സംരക്ഷിത കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഹരജിയിലുണ്ടായിരുന്നു. ഈ ഹരജി വരും ദിവസങ്ങളില്‍ പരിഗണിക്കാനിരിക്കെയാണ് ഇന്ന് യു.പി. ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പള്ളി പൊളിച്ചത്.
content highlights: Major parts of 180-year-old noori masjid in fatehpur mosque demolished in UP, 25,000 people detained