| Thursday, 13th May 2021, 12:42 pm

കൊവിഡ് പ്രതിരോധത്തിന് മോദിക്ക് നിര്‍ദേശങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത നീക്കം; 12 പാര്‍ട്ടികള്‍ ഒപ്പിട്ട കത്ത് നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് രൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ ഒന്‍പത് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കി പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങി 12 പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കളാണ് റിപ്പോര്‍ട്ട് ചെയ്തത്.

സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവെക്കുക, കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുക തുടങ്ങിയ ഒന്‍പത് നിര്‍ദേശങ്ങളാണ് കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മായാവതിയുടെ ബി.എസ്.പി, ആംആദ്മി പാര്‍ട്ടി ഒഴികെ പ്രമുഖ പ്രതിപക്ഷ കക്ഷികള്‍ എല്ലാം കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

‘ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം പരിഗണിക്കേണ്ടതും തയ്യാറാക്കേണ്ടതുമായ നിരവധി കാര്യങ്ങള്‍ ഞങ്ങള്‍ ഒറ്റയ്ക്കും കൂട്ടമായും നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു. എന്നാല്‍ ഇതെല്ലാം കേന്ദ്രം അവഗണിച്ചു. ഇതാണ് മനുഷ്യനിര്‍മിതമായ ഇത്രയും വലിയ ഒരു ദുരന്തത്തിന് കാരണമായത്,’ കത്തില്‍ പറയുന്നു.

നേരത്തെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും വിമര്‍ശിച്ച് കത്തെഴുതിയതിന് പിന്നാലെയാണ് പ്രതിപക്ഷത്തിന്റെ നീക്കം.

ഇത് നിങ്ങളുടെ രീതി അല്ലെങ്കിലും ജനങ്ങളുടെ ആവശ്യം മാനിച്ച് ഞങ്ങളുടെ നിര്‍ദേശത്തോട് പ്രതികരിച്ചതിന് നന്ദി എന്നും കത്തില്‍ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, സി.പി.ഐ.എം, സി.പി.ഐ, ഡി.എം.കെ, ജെ.ഡി.എസ്, എന്‍.സി.പി, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, ഝാര്‍ഖണ്ട് മുക്തി മോര്‍ച്ച, ജമ്മു കശ്മീര്‍ പീപ്പിള്‍സ് അലയന്‍സ്, ആര്‍.ജെ.ഡി തുടങ്ങിയ പാര്‍ട്ടികളാണ് കത്തില്‍ ഒപ്പുവെച്ചത്.

കത്തില്‍ പരാമര്‍ശിക്കുന്ന നിര്‍ദേശങ്ങള്‍

ആഗോളതലത്തിലോ, ആഭ്യന്തരതലത്തിലോ കിട്ടാവുന്ന ഇടങ്ങളില്‍ നിന്നെല്ലാം വാക്‌സിന്‍ കണ്ടെത്തി നല്‍കാന്‍ ശ്രമിക്കണം.

എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഏര്‍പ്പെടുത്തുക

ആഭ്യന്തരമായി വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള ലൈസന്‍സിംഗ് നടപടികള്‍ സ്വീകകരിക്കുക

വാക്‌സിനായി അനുവദിച്ച ബഡ്ജറ്റ് തുക 35,000 കോടി ഉടന്‍ ചെലവഴിക്കുക

സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് ആ പണം ഓക്‌സിജന്‍, വാക്‌സിന്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുക

കണക്കാക്കാത്ത സ്വകാര്യ ട്രസ്റ്റ് ഫണ്ടുകള്‍, പി.എം കെയറിലുള്ള ഫണ്ടുകള്‍ എന്നിവ വാക്‌സിനും ഓക്‌സിജനും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങാന്‍ ഉപയോഗിക്കുക

തൊഴിലില്ലാത്തവര്‍ക്ക് 6000 രൂപ മാസം നല്‍കുക

ആവശ്യക്കാര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുക

കര്‍ഷകര്‍ കൊവിഡില്‍ പെട്ടുപോകാതിരിക്കാന്‍ കാര്‍ഷിക നിയമങ്ങള്‍ എടുത്തുകളയുക

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Major Opposition Parties Send Joint Letter With 9 Points

Latest Stories

We use cookies to give you the best possible experience. Learn more