ന്യൂദല്‍ഹി: കൊവിഡ് രൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ ഒന്‍പത് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കി പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങി 12 പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കളാണ് റിപ്പോര്‍ട്ട് ചെയ്തത്.
സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവെക്കുക, കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുക തുടങ്ങിയ ഒന്‍പത് നിര്‍ദേശങ്ങളാണ് കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മായാവതിയുടെ ബി.എസ്.പി, ആംആദ്മി പാര്‍ട്ടി ഒഴികെ പ്രമുഖ പ്രതിപക്ഷ കക്ഷികള്‍ എല്ലാം കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.
‘ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം പരിഗണിക്കേണ്ടതും തയ്യാറാക്കേണ്ടതുമായ നിരവധി കാര്യങ്ങള്‍ ഞങ്ങള്‍ ഒറ്റയ്ക്കും കൂട്ടമായും നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു. എന്നാല്‍ ഇതെല്ലാം കേന്ദ്രം അവഗണിച്ചു. ഇതാണ് മനുഷ്യനിര്‍മിതമായ ഇത്രയും വലിയ ഒരു ദുരന്തത്തിന് കാരണമായത്,’ കത്തില്‍ പറയുന്നു.