| Friday, 3rd June 2022, 8:02 pm

അഭിനയം മാത്രമല്ല, സംവിധാനവും കയ്യിലുണ്ട്, ബാഹുബലിയിലും തിളങ്ങി; മേജറിലെ അദിവി ശേഷ് ചില്ലറക്കാരനല്ല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാക്കിയ മേജര്‍ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സന്ദീപിനെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചത് തെലുങ്ക് താരം അദിവി ശേഷാണ്.

2010 ല്‍ കര്‍മ എന്ന സിനിമയില്‍ നായകനായിട്ടാണ് അദിവി ശേഷിന്റെ കരിയറിന്റെ തുടക്കം. ചിത്രത്തിന്റെ സംവിധാനവും അദിവി ശേഷ് തന്നെയായിരുന്നു. 2011 ല്‍ പുറത്ത് വന്ന പാഞ്ച, 2013 ല്‍ പുറത്തിറങ്ങിയ പല്‍പ്പു എന്നീ ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങളിലൂടെ അദിവി ശേഷ് താനൊരു വേഴ്‌സറ്റൈല്‍ ആക്ടറാണെന്ന് തെളിയിച്ചു.

റണ്‍ രാജാ റണ്‍(2014), ലേഡീസ് ആന്റ് ജന്റില്‍മാന്‍(2015) എന്നീ ചിത്രങ്ങള്‍ ഇതിന് പുറകെ വന്നു. 2015 ല്‍ പുറത്ത് വന്ന ബാഹുബലിയിലൂടെ തെലുങ്ക് സിനിമാ ലോകത്തിന് പുറത്തേക്കും അദിവി ശേഷ് ശ്രദ്ധിക്കപ്പെട്ടു.

റാണാ ദഗുബ്ബതി അവതരിപ്പിച്ച പര്‍വാര്‍ ദേവന്റെ മകന്‍ ഭദ്രനായിട്ടായിരുന്നു അദിവി ശേഷ് ബാഹുബലിയിലെത്തിയത്. അച്ഛനെക്കാള്‍ ക്രൂരത നിറഞ്ഞ മകനായി പ്രേക്ഷകരുടെ വെറുപ്പ് നേടിയാണ് ബാഹുബലിയില്‍ അദിവി ശേഷ് അഭിനയിച്ചതെങ്കില്‍ മേജറില്‍ അത് നേര്‍വിപരീതമായി.

ബാഹുബലിക്ക് ശേഷം ഡോണ്‍ഗാട്ട, ക്ഷണം, അമി തുമി, ഗോഡാചാരി എന്നീ ചിത്രങ്ങളും അദിവി ശേഷിന്റേതായി പുറത്ത് വന്നു. അദിവി ശേഷ് തന്നെ തിരക്കഥയെഴുതിയ ക്ഷണം വലിയ വാണിജ്യവിജയം നേടിയതിന് പുറമേ മികച്ച തിരക്കഥാകൃത്തിനുള്ള ഐ.ഐ.എഫ്.എ അവാര്‍ഡ് നേടി. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും അദിവി ശേഷിന് ലഭിച്ചു. 2019 ലെ യെവരു ടോളിവുഡിന് പുറത്തേക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ മേജറും പ്രേക്ഷകരുടെ കയ്യടി നേടുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ സന്ദീപായി വെള്ളിത്തിരയില്‍ അദിവി ശേഷ് ജീവിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ നെടുംതൂണ്‍.

ശോഭിത ധൂലിപാല, സായി മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍ ആയി എത്തിയത്. സോണി പിക്‌ചേഴ്‌സ് ഫിലിം ഇന്ത്യ, മഹേഷ് ബാബുവിന്റെ റെ ജി.എം.ബി എന്റര്‍ടൈന്‍മെന്റ്, എ പ്ലസ് എസ് മൂവീസ് എന്നിവ സംയുക്തമായിട്ടാണ് ചിത്രം നിര്‍മിച്ചത്.

Content Highlight: major movie actor adivi sesh Directed and scripted for movies, and also acted in bahubali

We use cookies to give you the best possible experience. Learn more