മേജര്‍ ലീഗ് ക്രിക്കറ്റില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് വാഷിങ്ടണ്‍ ഫ്രീഡം. വെള്ളിയാഴ്ച ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സിയാറ്റില്‍ ഓര്‍ക്കാസിനെതിരെ അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കിയാണ് ഫ്രീഡം കുതിക്കുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാതെയാണ് വാഷിങ്ടണിന്റെ കുതിപ്പ്.
ലോക്കി ഫെര്‍ഗൂസന്റെയും സൗരഭ് നേത്രാവല്‍ക്കറിന്റെയും ബൗളിങ് മികവിലാണ് വാഷിങ്ടണ്‍ വിജയം സ്വന്തമാക്കിയത്. ഇരുവരും ചേര്‍ന്ന് എതിരാളികളെ ചെറിയ സ്‌കോറില്‍ എറിഞ്ഞിട്ടതോടെ ബാറ്റര്‍മാര്‍ തങ്ങളുടെ ചുമതലയും പൂര്‍ത്തിയാക്കി.
മത്സരത്തില്‍ ടോസ് നേടിയ വാഷിങ്ടണ്‍ നായകന്‍ സ്റ്റീവ് സ്മിത് എതിരാളികളെ ബാറ്റിങ്ങിനയച്ചു. ഓപ്പണര്‍മാര്‍ രണ്ട് പേരെയും ഒറ്റയക്കത്തിന് നഷ്ടമായ ഓര്‍ക്കാസിനെ ക്വിന്റണ്‍ ഡി കോക്കും ക്യാപ്റ്റന്‍ ഹെന്റിക് ക്ലാസനും ചേര്‍ന്ന് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
ഡി കോക്ക് 19 പന്തില്‍ 24 റണ്‍സ് നേടിയപ്പോള്‍ അര്‍ധ സെഞ്ച്വറി നേടിയാണ് ക്ലാസന്‍ തിളങ്ങിയത്. 30 പന്തില്‍ 51 റണ്‍സാണ് സിയാറ്റില്‍ നായകന്‍ സ്വന്തമാക്കിയത്. മൂന്ന് സിക്‌സറും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തവെ മാര്‍കോ യാന്‍സെന്റ പന്തില്‍ മുക്താര്‍ അഹമ്മദിന് ക്യാച്ച് നല്‍കി ക്ലാസന്‍ മടങ്ങി.
ഡി കോക്കിനും ക്ലാസനും പുറമെ ശുഭം രഞ്ജാനെ മാത്രമാണ് സിയാറ്റില്‍ നിരയില്‍ ഇരട്ടയക്കം കണ്ടത്. 12 റണ്‍സാണ് താരം നേടിയത്.
ലോക്കി ഫെര്‍ഗൂസനും സൗരഭ് നേത്രാവല്‍ക്കറും അടങ്ങുന്ന സ്മിത്തിന്റെ ബൗളിങ് നിര ഓര്‍ക്കാസിന് മേല്‍ ആക്രമണമഴിച്ചുവിട്ടതോടെ 19.4 ഓവറില്‍ ടീം 124ന് പുറത്തായി.
ഫ്രീഡത്തിനായി ഫെര്‍ഗൂസന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നേത്രാവല്‍ക്കര്‍ മൂന്ന് വിക്കറ്റും പിഴുതെറിഞ്ഞു. മാര്‍കോ യാന്‍സെനും ഇയാന്‍ ഹോളണ്ടുമാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വാഷിങ്ടണിനും പിഴച്ചു. ഇന്നിങ്‌സിലെ രണ്ടാം പന്തില്‍ തന്നെ ട്രാവിസ് ഹെഡ് പുറത്തായി. ഇമാദ് വസീമിന്റെ പന്തില്‍ അലി ഷെയ്ഖിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
പിന്നാലെയെത്തിയവര്‍ ചെറുത്തുനിന്നെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഓര്‍ക്കാസ് തോല്‍വി വഴങ്ങാന്‍ വിസമ്മതിച്ചു.
എന്നാല്‍ ലാഹിരു മിലാന്തയും (30 പന്തില്‍ 33) ഒബുസ് പിനാറും (30 പന്തില്‍ 31) സാഹചര്യം മനസിലാക്കി ബാറ്റ് വീശിയതോടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ഫ്രീഡം വിജയം സ്വന്തമാക്കി.
ഈ മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്താനും നേത്രാവല്‍ക്കറിനായി. മൂന്ന് മത്സരത്തില്‍ നിന്നും എട്ട് വിക്കറ്റാണ് താരം നേടിയത്.
മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് ജയവും ഒരു സമനിലയുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് വാഷിങ്ടണ്‍ ഫ്രീഡം. ജൂലൈ 15നാണ് സ്മിത്തിന്റെയും സംഘത്തിന്റെയും അടുത്ത മത്സരം. ചര്‍ച്ച് സ്ട്രീറ്റ് പാര്‍ക്കില്‍ നടക്കുന്ന ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.
Also Read ജയിച്ചാല്‍ ഫൈനല്‍, ഇന്ത്യയിറങ്ങുന്നു; ടീമില്‍ ആരൊക്കെ? എതിരാളികള്‍ ആര്?
Also Read അവസാന ടെസ്റ്റല്ലേ, ഈ റെക്കോഡ് ബാക്കിവെക്കാന്‍ സാധിക്കുമോ? ചരിത്രത്തിലെ ഒന്നാമനും നാലാമനുമായി ജിമ്മി
Content highlight: Major League Cricket: Washington Freedom defeated Seattle Orcas