സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് എന്തുകൊണ്ട് എത്തിയില്ലെന്ന് ചോദ്യത്തോട് മനസുതുറക്കുകയാണ് മലയാളത്തിന്റെ പ്രിയ നടന്‍ മുകേഷ്. ഒരു കാലത്ത് പ്രധാനപ്പെട്ട സംവിധായകര്‍ മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമകള്‍ മാറി മാറി എടുത്ത് മത്സരിക്കുകയായിരുന്നെന്നും അന്നൊന്നും താനുള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് നല്ലൊരു വേഷം തരാനോ നായകനാക്കാനോ ആരും തയ്യാറായിരുന്നില്ലെന്നുമാണ് മുകേഷ് പറയുന്നത്.
എന്തുകൊണ്ട് സൂപ്പര്‍സ്റ്റാര്‍ ആയില്ലെന്ന് പണ്ടുമുതലേ ആളുകള്‍ ചോദിക്കുന്നതാണ്. ഇപ്പോഴും ചോദിക്കുന്നുണ്ട്. എന്താണ് അതെന്ന് ഞാനും ആലോചിച്ചിട്ടുണ്ട്. റോളിന് വേണ്ടി നമ്മള്‍ ആരേയും സമീപിച്ചിട്ടില്ലായിരിക്കാം, പക്ഷേ കിട്ടുന്ന റോളുകള്‍ ആത്മാര്‍ത്ഥമായി ചെയ്യുന്ന ആളാണ് ഞാന്‍.
ഒരുപക്ഷേ സിദ്ദിഖ് ലാലുമാരോടുള്ള ദേഷ്യമായിരിക്കാം മറ്റുള്ള സംവിധായകരും നിര്‍മ്മാതാക്കളും എന്നോട് തീര്‍ക്കുന്നത്. കാരണം ഇവരുടെ ഒരു പടം ഇറങ്ങുമ്പോള്‍ ബാക്കിയെല്ലാവരുടേയും പടം പൊളിഞ്ഞുപോകുകയാണ്. വലിയ വലിയ പടങ്ങളാണ് പൊളിയുന്നത്.
ഇവരുടെ റിലീസ് അനുസരിച്ച് അവര്‍ അവരുടെ പടം മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യം അക്കാലത്തുണ്ടായി. ‘ഇപ്പോള്‍ നിങ്ങളെ മതി കേട്ടോ വേറെ ആരും വേണ്ട’ എന്ന് പലരും എന്റെ അടുത്ത് പോലും വന്ന് പറഞ്ഞു തുടങ്ങി. ഇതിന് ശേഷം അക്കാലത്ത് പ്രധാനപ്പെട്ട പടമെടുക്കുന്ന വലിയ ആളുകളൊന്നും തന്നെ നമ്മളെ ഹീറോയായിട്ടോ അല്ലെങ്കില്‍ പ്രധാനപ്പെട്ട കഥാപാത്രം തരാനോ തയ്യാറായില്ല. അത് വളരെ സത്യമായിട്ടുള്ള കാര്യമാണ്.
ഞാന്‍ ബോയിങ് ബോയിങ് പോലുള്ള സിനിമകള്‍ മുന്‍പ് ചെയ്തിട്ടുണ്ട്. അത്യാവശ്യം ഈക്വല്‍ റോളുകള്‍ ചെയ്തിട്ടും പിടിച്ചു നിന്ന ആളാണ്. എന്നാല്‍ പിന്നീട് ആ തരത്തിലുള്ള റോളുകളൊന്നും എനിക്കും ഞാനുള്‍പ്പെടെയുള്ള രണ്ടാംനിര നടന്മാര്‍ക്കും കിട്ടിയില്ല. ഞങ്ങളെ വെച്ച് സിനിമയെടുക്കാന്‍ ആര്‍ക്കും ധൈര്യമില്ല.
അന്ന് റിസ്‌ക് എടുക്കാനൊന്നും ആരും തയ്യാറല്ല. ശരിയ്ക്കും പറഞ്ഞാല്‍ ഞാന്‍ ഉള്‍പ്പെടെയുള്ള ഗ്യാങ്ങിന്റെ കലാജീവിതം,സിനിമാ ജീവിതം മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും കൂട്ടുകാരായിട്ടോ അനിയന്‍മാരായിട്ടോ അയല്‍ക്കാരായിട്ടോ തീരുമെന്ന് വിചാരിച്ചു. വേറെ സ്‌കോപ്പ് ഇല്ല.
വലിയ വലിയ സംവിധായകര്‍ ഒരു പടത്തില്‍ മമ്മൂട്ടിയെ വെക്കും അടുത്ത പടത്തില്‍ മോഹന്‍ലാല്‍, അങ്ങനെയൊരു മത്സരമായി. ആ അവസരത്തിലാണ് റാംജിറാവു പോലൊരു സിനിമ പുതുമുഖങ്ങളെ വെച്ച് വരുന്നത്.
ആദ്യത്തെ ദിവസങ്ങളില്‍ ആളുകളില്ലാതിരുന്ന ചിത്രം പിന്നീട് അവിടെ നിന്ന് 150 ദിവസം ഓടിയെന്നും കഥ നന്നായാല്‍ സിനിമ നന്നാകുമെന്ന ധാരണ അതോടെയുണ്ടായെന്നും സിനിമ വിജയിക്കാന്‍ വലിയ താരങ്ങളുടെ ആവശ്യമില്ല എന്ന് ബോധ്യപ്പെടുത്തിയി ചിത്രമായിരുന്നു റാംജിറാവു സ്പീക്കിങ് എന്നും മുകേഷ് അഭിമുഖത്തില്‍ പറയുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Major filmmaker was not willing to give a good role says Actor Mukesh