| Saturday, 21st September 2019, 7:18 pm

തമിഴ്‌നാട്ടില്‍ നിന്നു കണ്ടെത്തിയ ശേഷിപ്പുകള്‍ ഇന്ത്യയുടെ ചരിത്രം തന്നെ മാറ്റിയേക്കും; സിന്ധു നദീതട നാഗരികത ദ്രാവിഡ സംസ്‌കാരമായിരുന്നുവെന്ന് സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശിവഗംഗ: തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ നടന്ന പര്യവേക്ഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ഇന്ത്യന്‍ ചരിത്രം തന്നെ മാറ്റിയെഴുതാന്‍ കാരണമായേക്കുമെന്ന് റിപ്പോര്‍ട്ട്. സിന്ധു നദീതട നാഗരികത ദ്രാവിഡ സംസ്‌കാരമായിരുന്നുവെന്നും ചില കാരണങ്ങളാല്‍ ഇവിടെ താമസിച്ചിരുന്നവര്‍ ദക്ഷിണേന്ത്യയിലേക്കു കുടിയേറുകയായിരുന്നുവെന്നുമുള്ള വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളാണ് ശിവഗംഗയിലെ കീഴടിയില്‍ നിന്ന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

സിന്ധു സംസ്‌കാരത്തില്‍ കണ്ടെത്തിയ ലിപികള്‍ ദ്രാവിഡ ലിപികള്‍ ആണെന്നുള്ള വാദത്തിന് ആക്കം കൂട്ടുന്ന തെളിവുകളാണിത്. സിന്ധു നദീതട സംസ്‌കാരത്തോളം പഴക്കമുള്ള തെളിവുകളാണ് കീഴാടിയില്‍ നിന്ന് ലഭിച്ചത്.

ഗംഗാ തീരത്തുണ്ടായിരുന്നു നാഗരികതയുടെ സമകാലീനരാണ് കീഴടിയില്‍ ഉണ്ടായിരുന്നതെന്ന തെളിവുകളാണ് പര്യവേക്ഷണം നടത്തിയ ഗവേഷകരെ അമ്പരപ്പിക്കുന്നത്.

സിന്ധു നദീതട സംസ്‌കാരത്തിന്റെ ഭാഗമായി കണ്ടെത്തിയ ലിപികള്‍ക്കും കീഴടിയില്‍ നിന്നു ലഭിച്ച തമിഴ് ബ്രാഹ്മി ലിപിക്കും തമ്മിലുള്ള സാമ്യമാണ് ഇതിനു കാരണം. ഇവ ദ്രാവിഡ ലിപികള്‍ ആയിരിക്കാമെന്നാണ് ഗവേഷകരുടെ അഭിപ്രായം.

കീഴടിയില്‍ നിന്നു കണ്ടെത്തിയ ലിപികള്‍ ഇരു നാഗരികതകളും തമ്മില്‍ ബന്ധമുണ്ടാകാമെന്ന സാധ്യതയിലേക്കാണു കാര്യങ്ങളെത്തിക്കുന്നത്.

തമിഴ് ബ്രാഹ്മി അഥവാ തമിഴിന്റെ ആദ്യ രൂപമായ ലിപികള്‍ക്ക് സിന്ധു നദീതട നാഗരികതയിലെ ലിപികളുമായി സാമ്യമുണ്ട്. ഇതുപോലെ ആയിരത്തോളം അക്ഷരങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇവയില്‍ നിന്നു തെരഞ്ഞെടുത്ത ചിലതിനാണ് സാമ്യമെന്ന് തമിഴ്‌നാട് പുരാവസ്തു ഗവേഷക വിഭാഗം പറയുന്നു. സിന്ധു നദീതട നാഗരികതയിലെ ലിപികളെപ്പോലെ കീഴടിയിലെ ലിപികളിലും എന്താണു രേഖപ്പെടുത്തിയിരിക്കുന്നതെന്നു മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല.

സിന്ധു നദീതട മേഖലയില്‍ നിന്നു കണ്ടെത്തിയ ലിപികളാണ് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ളവയായി കണക്കാക്കുന്നത്. 4500 വര്‍ഷം പഴക്കമാണ് ഇതിനു കണക്കാക്കുന്നത്.

കീഴടിയില്‍ നിന്നു കണ്ടെത്തിയ ശേഷിപ്പുകള്‍ക്ക് ഏകദേശം ക്രിസ്തുവിന് മുമ്പ് 580 വര്‍ഷം പഴക്കമുണ്ട്. ഇവിടെനിന്നു കണ്ടെത്തിയ ചില ചുവരെഴുത്തുകള്‍ സിന്ധു സംസ്‌കാരത്തിലെ ലിപികള്‍ക്കും ബ്രാഹ്മി ലിപികള്‍ക്കും ഇടയിലുള്ള കണ്ണിയാണെന്നാണു നിഗമനം.

സംഘം കാലഘട്ടത്തില്‍ ജീവിച്ചിരുന്നവര്‍ അക്കാലത്തെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം പുലര്‍ത്തിയവരാണെന്നും നിഗമനമുണ്ട്.

തമിഴ് ബ്രാഹ്മി ലിപി രേഖപ്പെടുത്തിയ ഒരു കലത്തിന്റെ ഭാഗങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ നിഗമനത്തിലെത്തിച്ചേര്‍ന്നത്. ആധന്‍, കുധിരനാധന്‍ എന്നിങ്ങനെയാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ബി.സി ആറാം നൂറ്റാണ്ട് മുതല്‍ത്തന്നെ ഈ കാലഘട്ടത്തിലുള്ളവര്‍ അക്ഷരാഭ്യാസമുള്ളവരായിരുന്നുവെന്നാണ് പര്യവേക്ഷണത്തില്‍ നിന്നും മനസ്സിലായിരിക്കുന്നത്.

ഇന്ത്യയുടെ വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ വ്യാപിച്ചിരുന്ന നാഗരികതയാണ് സിന്ധു നദീതടത്തിലേതും. ബി.സി 5000- ബി.സി 1500 കാലഘട്ടത്തിലാണ് ഇതു നിലനിന്നിരുന്നത്.

സിന്ധു നദീതട സംസ്‌കാരം തകര്‍ന്നതുതന്നെ ഇവിടെ താമസിച്ചിരുന്ന ജനങ്ങള്‍ ചില കാരണങ്ങളാല്‍ മറ്റിടങ്ങളിലേക്കു കുടിയേറിയതിനാലാണെന്നാണ് ഇതുവരെ കരുതുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്തോ-യൂറോപ്യന്മാര്‍ ഉപഭൂഖണ്ഡത്തിലേക്ക് എത്തിയതിനു ശേഷമാണ് ഇവിടുത്തെ ജനങ്ങളില്‍ ഡി.എന്‍.എയുടെ കലര്‍പ്പുണ്ടാകുന്നത് എന്ന തരത്തില്‍ സമീപകാല പഠനങ്ങള്‍ പുറത്തുവന്നിരുന്നു.

അതിനാല്‍ ആര്യന്മാര്‍ വരുന്നതിനു മുന്‍പേ നിലനിന്നിരുന്ന സിന്ധു നദീതട നാഗരികത ദ്രാവിഡ സംസ്‌കാരമായിരുന്നിരിക്കാമെന്നാണ് ചില ചരിത്രകാരന്മാര്‍ കരുതുന്നത്.

2500 വര്‍ഷം മുന്‍പ് ബി.സി ആറാം നൂറ്റാണ്ടില്‍ വൈഗ നദീതീരത്ത് ഒരു നാഗരികത നിലനിന്നിരുന്നുവെന്നും കണ്ടെത്തലുണ്ട്. അക്കാലം സംഘം കാലഘട്ടമെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്.

മുന്‍പ് ബി.സി 300 വരെയാണ് സംഘം കാലഘട്ടത്തിന്റെ പഴക്കമായി വിലയിരുത്തിയിരുന്നത്. പുതിയ വിവരങ്ങള്‍ പ്രകാരം അത് ബി.സി 600 വരെയാണെന്ന് അനുമാനിക്കേണ്ടി വരും.

കീഴടിയില്‍ നിന്നു മൃഗങ്ങളുടേതായ 70 സാമ്പിളുകളും കണ്ടെടുത്തിട്ടുണ്ട്. ഇവയില്‍ നിന്ന് പശു, കാള, പോത്ത്, ചെമ്മരിയാട്, ആട്, നീലക്കാള, കൃഷ്ണമൃഗം, കാട്ടുപന്നി, മയില്‍ എന്നിവയുടെ ഡി.എന്‍.എ തിരിച്ചറിഞ്ഞു.

ഈ വിവരങ്ങളില്‍ നിന്ന് ഇവയിലേതെങ്കിലും മൃഗങ്ങളെ കീഴടിയിലെ ജനങ്ങള്‍ കാര്‍ഷികവൃത്തിക്കായി പ്രയോജനപ്പെടുത്തിയിരിക്കാമെന്നാണ് കരുതുന്നത്. മറ്റുള്ളവയെ ഇറച്ചിക്കായും. കണ്ടെത്തിയ സാമ്പിളുകളിലെ മുറിപ്പാടുകളാണ് ഈ നിഗമനത്തിലെത്തിച്ചേരാന്‍ കാരണം.

പര്യവേക്ഷണത്തിന്റെ അഞ്ചാം ഘട്ടം ഈവര്‍ഷം ജൂണിലാണ് ആരംഭിച്ചത്. അടുത്ത ഘട്ടം ഉടന്‍ ആരംഭിക്കും. കീഴടിക്ക് അടുത്തുള്ള കോണ്ടഹായി, അഗരം, മണലൂര്‍ എന്നിവിടങ്ങളിലും പര്യവേക്ഷണം നടത്തും. പഴയ മധുരയിലും അതുണ്ടാകും.

കീഴടി ഒരു വ്യാവസായിക മേഖലയാണ് ഇപ്പോള്‍. കോണ്ടഹായി ഒരു ശ്മശാന ഭൂമിയും മറ്റു രണ്ടു സ്ഥലങ്ങള്‍ ജനവാസ മേഖലയുമാണ്.

ചിത്രങ്ങള്‍ക്കു കടപ്പാട്: ന്യൂസ് മിനിറ്റ്‌

We use cookies to give you the best possible experience. Learn more