ലോകത്തിനു മുന്നില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നവര്‍…
ഇങ്ങനെയാണ് കായികതാരങ്ങളെ എല്ലാ പത്രമാധ്യമങ്ങളും വിശേഷിപ്പിക്കാറ്. എന്നാല്‍ എല്ലാക്കാലത്തും ഏറ്റവുമധികം ചൂഷണവും വഞ്ചനയും നടക്കുന്ന ഇടങ്ങളിലൊന്നാണ് കായികമേഖല. അതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമായിരിക്കുന്നത്, അടുത്തമാസം റഷ്യയില്‍ നടക്കുന്ന ലോക പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ 56 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏക വനിതയാണ്. കോഴിക്കോട് സ്വദേശിനിയായ മജ്സിയ ബാനു. കേരളത്തിന്റെ സ്ട്രോങ് വുമണായി മൂന്നുതവണ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി.
സാമ്പത്തിക പ്രതിസന്ധി മൂലം സ്പോണ്‍സര്‍ഷിപ്പ് തേടേണ്ടിവന്നപ്പോഴാണ് ഇന്ത്യക്കുവേണ്ടി അന്താരാഷ്ട്രതലത്തില്‍ വരെ നേട്ടങ്ങള്‍ സ്വന്തമാക്കിയ മജ്സിയ വഞ്ചിക്കപ്പെട്ടത്. സ്പോണ്‍സര്‍ ചെയ്യാമെന്നേറ്റ കമ്പനി വാക്കുമാറ്റി സ്പോണ്‍സര്‍ഷിപ്പില്‍ മാറ്റങ്ങള്‍ വരുത്തി.
ഇതു ചോദ്യം ചെയ്തപ്പോള്‍ ആവശ്യത്തിനു പണം തരാമെന്നും എന്നാല്‍ ഖത്തറില്‍ നേരിട്ടു വരണമെന്നുമായി കമ്പനിയെ പ്രതിനിധീകരിച്ച് സംസാരിച്ച നസീര്‍ കണ്ണൂര്‍ മജ്സിയയോടു പറഞ്ഞത്. അയച്ച മെസ്സേജുകളുടെ സ്ക്രീന്‍ഷോട്ടും ശബ്ദരേഖയും എഗ്രിമെന്റും അടക്കമുള്ള തെളിവുകളുമായാണ് മജ്സിയ ഇപ്പോള്‍ മുന്നോട്ടുവന്നിരിക്കുന്നത്.