പത്രപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജ.മജീതിയ വേജ് ബോര്‍ഡിന്റെ ശുപാര്‍ശ നടപ്പാക്കാന്‍ മാധ്യമം മാനേജ്‌മെന്റ് സമ്മതിച്ചു. ഏപ്രില്‍ മുതല്‍ വേജ്‌ബോര്‍ഡിലെ അഞ്ചാം ക്ലാസ് പ്രകാരമുള്ള ശമ്പളം നല്‍കാമെന്നാണ് മാനേജ്‌മെന്റ് വാഗ്ദാനം. വേജ്‌ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകരും ജീവനക്കാരും സമരപരിപാടികള്‍ ആസൂത്രണം ചെയ്തതിനെത്തുടര്‍ന്നാണിത്. തീരുമാനം നടപ്പാക്കപ്പെട്ടാല്‍ മജീതിയ വേജ്‌ബോര്‍ഡ് അംഗീകരിച്ച ആദ്യ മലയാള പത്രമായി മാറും ഈ വര്‍ഷം സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന മാധ്യമം.
ജമാഅത്തെ ഇസ്ലാമികേരള ഘടകം നിയന്ത്രിക്കുന്ന ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റ് ആണ് ഇന്‍ഡ്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി എഡീഷനുകളുള്ള പത്രത്തിന്റെ പ്രസാധകര്‍. ജമാഅത്തെ ഇസ്‌ലാ
മി കേരളാ അമീര്‍ ടി. ആരിഫ് അലിയും ,ജമാഅത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പി.എ.അബ്ദുല്‍ ഹക്കീമുമാണ് ട്രസ്റ്റ് ചെയര്‍മാനും സെക്രട്ടറിയും.
അതേ സമയം ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിച്ചുകൊണ്ട് കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ് അഞ്ചാം ക്ലാസ് പ്രഖ്യാപനം എന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കോടികളുടെ പരസ്യവരുമാനമുള്ള ഗള്‍ഫ് എഡീഷനുകളുടെ കണക്ക് ഉള്‍പ്പെടുത്തി അതിന്‍ പ്രകാരം ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. കണക്കുപ്രകാരം മൂന്നാം ക്ലാസ് ശമ്പളത്തിന് അര്‍ഹതയുണ്ടെങ്കിലും നാലാം ക്ലാസ് ശമ്പളമാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഗള്‍ഫിലെ വരുമാനം പരിഗണിക്കില്ല എന്ന നിലപാടായിരുന്നു മാനേജ്‌മെന്റിന്.
കേരളത്തിലെ ബ്യുറോകളില്‍ നിന്നുള്ള വാര്‍ത്തകളും ലേഖനങ്ങളും സഹിതം കോഴിക്കോട് ഓഫീസില്‍ തയ്യാറാക്കി അയക്കുന്ന ഗള്‍ഫ് എഡീഷനില്‍ കേരളത്തിലെ മുന്‍നിര പത്രത്തേക്കാളേറെയാണ് പരസ്യവരുമാനം. ജാതിമതഭേദമന്യേ ഗള്‍ഫിലെ മലയാളികളുടെ നമ്പര്‍വണ്‍ പത്രമെന്ന് മാനേജ്‌മെന്റും ജമാഅത്ത് നേതാക്കളും അവകാശപ്പെടുന്ന പത്രത്തിന് വരിസംഖ്യാ ഇനത്തിലും വന്‍ വരുമാനമുണ്ട്. ഈ വസ്തുതകള്‍ പരിഗണിച്ചുള്ള ശമ്പള പരിഷ്‌കരണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്ന യുണിയനെ മധ്യസ്ഥ പ്രവര്‍ത്തനത്തില്‍ പേരുകേട്ട പത്രപ്രവര്‍ത്തകനെ ഉപയോഗപ്പെടുത്തി ഭിന്നിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.
ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ക്കായി നിരന്തരം ശബ്ദമുയര്‍ത്തുന്ന പത്രത്തില്‍ സത്യത്തെയും നീതിയെയും കുറിച്ച് വാചാലരാവുന്ന പ്രസ്ഥാനനേതാക്കള്‍ തന്നെ ചൂഷണത്തിന് നേതൃത്വം നല്‍കുമ്പോള്‍ ആരോട് പരാതിപറയുമെന്ന ആശങ്കയിലാണ് ജീവനക്കാര്‍.