| Friday, 25th June 2021, 3:50 pm

സി.പി.ഐ.എം. താമരശ്ശേരി ഏരിയ കമ്മിറ്റി അംഗത്തെ വധിക്കാന്‍ ലീഗ് നേതാക്കള്‍ ഗൂഢാലോചന നടത്തി; ഗുരുതര വെളിപ്പെടുത്തലുമായി യൂത്ത് ലീഗ് ജില്ലാ കൗണ്‍സില്‍ അംഗം മജീദ് കോഴിശ്ശേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലീം ലീഗ് നേതൃത്വത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി യൂത്ത് ലീഗ് ജില്ലാ കൗണ്‍സില്‍ അംഗവും മുസ്‌ലീം ലീഗ് മണ്ഡലം മുനിസിപ്പല്‍ കൗണ്‍സില്‍ അംഗവുമായ മജീദ് കോഴിശ്ശേരി. കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയും സി.പി.ഐ.എം. താമരശ്ശേരി ഏരിയ കമ്മിറ്റി അംഗവും കൊടുവള്ളി നഗരസഭ കൗണ്‍സിലറുമായ കെ.ബാബുവിനെ വധിക്കാന്‍ ലീഗ് നേതാക്കള്‍ ഗൂഢാലോചന നടത്തിയിരുന്നതായി മജീദ് ആരോപിച്ചു.

2013 ജൂലൈയില്‍ കൊടുവള്ളിയില്‍ അബൂബക്കര്‍ സിദ്ദീഖ് എന്നയാളുടെ സ്വാഭാവിക മരണവുമായി ബന്ധപ്പെടുത്തി കെ.ബാബുവിനെ പ്രതിസ്ഥാനത്ത് കൊണ്ടുവരാനും അദ്ദേഹത്തെ വധിക്കാനും ലീഗ് നേതാക്കള്‍ ക്വട്ടേഷന്‍ നല്‍കിയെന്നാണാരോപണം.

സംഭവത്തെക്കുറിച്ച് മജീദ് ഡൂള്‍ന്യൂസിനോട് പറഞ്ഞതിങ്ങനെയാണ്:-

2013 ല്‍ കൊടുവള്ളിയില്‍ വെച്ച് ഒരു സംഘര്‍ഷത്തിനിടയ്ക്ക് അബൂബക്കര്‍ സിദ്ദീഖിന് പരിക്ക് പറ്റി. ഒരു സി.പി.ഐ.എം. പ്രകടനത്തിനിടെയായിരുന്നു സംഭവം. കെ. ബാബുവിനെ അക്രമിച്ചു എന്ന് പറഞ്ഞായിരുന്നു പ്രകടനം. ആ പ്രകടനം പോകുന്ന സമയത്ത് സിദ്ദീഖിനെ കാണുകയും അദ്ദേഹത്തെ മര്‍ദ്ദിക്കുകയും ചെയ്തു.

പക്ഷെ അയാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി അയാള്‍ വീട്ടില്‍ പോകുകയും ചെയ്തു. മൂന്ന് ദിവസത്തിന് ശേഷം അയാള്‍ക്ക് നെഞ്ചുവേദന അനുഭവപ്പെടുകയും മരണപ്പെടുകയും ചെയ്തു. ആ സമയത്ത് ലീഗ് ബാബുവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മരണകാരണം മര്‍ദ്ദനമേറ്റതല്ല, ഹൃദയാഘാതമാണെന്നും പൊലീസ് സ്ഥിരീകരിച്ചു.

അതോടെ ബാബുവിനെ ആക്രമിക്കുക എന്ന പദ്ധതിയാണ് പിന്നെ ഇവര്‍ ആസൂത്രണം ചെയ്തത്. അതിന് കെ.കെ. ഖാദറിനേയും നസീഫിനേയും പാര്‍ട്ടി ചുമതലപ്പെടുത്തുകയാണ്. അവര്‍ കൊയിലാണ്ടി സ്വദേശിയുമായി കോഴിക്കോട് പോയി സംസാരിച്ചു. പക്ഷെ അവര്‍ ഒരു ഡിമാന്റ് മുന്നോട്ടുവെച്ചു.

അവര്‍ കൃത്യം നിര്‍വഹിക്കും. പക്ഷെ പ്രതികളെ പാര്‍ട്ടി കൊടുക്കണം. പ്രതിസ്ഥാനത്ത് അവര്‍ക്ക് വരാന്‍ കഴിയില്ലെന്ന് പറഞ്ഞു. അതോടെ അവര്‍ ഇതില്‍ നിന്ന് പിന്മാറുകയും ചെയ്തു.

ക്വട്ടേഷന്‍ നല്‍കിയവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസ് എടുക്കണമെന്നും മജീദ് ആവശ്യപ്പെട്ടു. ബാബുവിനെ വധിക്കാനും അന്നത്തെ ഡി.വൈ.എഫ്.ഐ. നേതാവ് പ്രദീപനെ വെട്ടി പരിക്കേല്‍പ്പിക്കാനും കൊടുവള്ളി ബാങ്ക് പ്രസിഡന്റിനെ ഭീഷണിപ്പെടുത്താനും പദ്ധതിയിട്ടാണ് ഗൂഢാലോചന നടന്നതെന്നും മജീദ് വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.

ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറിയാണ് മജീദ് പറഞ്ഞ കെ.കെ.എ. ഖാദര്‍. യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറിയാണ് എം.നസീഫ്. ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് വി. അബ്ദുള്‍ഹാജി ഉള്‍പ്പെട്ട ഭാരവാഹി യോഗമാണ് കൊലപാതകത്തിനായി ഇരുവരെയും ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഗൂഢാലോചനയുടെ ഭാഗമായി കെ.കെ.എ. ഖാദറും, എം.നസീഫും കോഴിക്കോട് ബീച്ചില്‍ ക്വട്ടേഷന്‍ സംഘവുമായി ഓഗസ്റ്റ് മാസം രണ്ട് തവണ കൂടിക്കാഴ്ച നടത്തി. നസീഫ് ഇക്കാലയളവില്‍ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലികുട്ടിയുടെ ഓഫീസ് സഹായി ആയിരുന്നു.

അഞ്ച് ലക്ഷം രൂപക്കായിരുന്നു ക്വട്ടേഷന്‍. ക്വട്ടേഷന്‍ സംഘത്തലവന്‍ കൊയിലാണ്ടി സ്വദേശി നമ്പീലിന് ഖാദറും, എം.നസീഫും ചേര്‍ന്ന് 50000 രൂപ അഡ്വാന്‍സ് നല്‍കി. 5 ലക്ഷം രൂപ ഹവാല പണം സ്വരൂപിക്കാനുള്ള ഉത്തരവാദിത്തം അബ്ദുള്‍ഹാജിക്കായിരുന്നെന്നും മജീദ് കൂട്ടിച്ചേര്‍ത്തു.

ഡി.വൈ.എഫ്.ഐ. നേതാവ് പ്രദീപനെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. ഈ ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയവര്‍ തന്നെയാണ് മുന്‍ പഞ്ചായത്ത് സെക്രട്ടറി അജിത റാണിയുടെ അസ്വാഭിക മരണത്തിനു പിന്നിലുമെന്നും ആരോപണമുണ്ട്.

കൊടുവള്ളി, ഒളവണ്ണ ,പുതുപ്പാടി പഞ്ചായത്തുകളില്‍ സെക്രട്ടറിയായിരുന്ന അജിതയുടെ സാമ്പത്തിക കാര്യങ്ങള്‍ മരണത്തിനു മുന്‍പും ശേഷവും ശേഷവും കൈകാര്യം ചെയ്തിരുന്നത് നിലവിലെ ലീഗ് മുനിസിപ്പല്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയാണ്. മരണ ശേഷം ഇവരുടെ സ്വത്ത് കൈമാറ്റം സംബന്ധിച്ച് അന്വഷണം വേണമെന്നും മജീദ് പറഞ്ഞു.

ഇയാള്‍ നടത്തിയിട്ടുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളെ സംബന്ധിച്ച് ലീഗ് ജില്ലാ നേതൃത്തിന് അറിവുണ്ടങ്കിലും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ മടിക്കുന്നതിന് പിന്നില്‍ വധശ്രമത്തിന്റെ ഗൂഢാലോചന, ഹരിത സ്‌നേഹ സംഘം ,സുരക്ഷ സംഘം എന്നിവയിലേക്ക് പിരിച്ച് കിട്ടിയ 96 ലക്ഷം രൂപയോളം പണത്തിന്റെ ഇടപാടുകളാണ്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് കാരാട്ട് ഫൈസലിനോട് പരാജയപ്പെട്ടയാളാണ് കെ.കെ.എ.ഖാദര്‍.

ഹരിത സ്‌നേഹ സംഘം, സുരക്ഷ സ്‌കീം പദ്ധതികളിലൂടെ സ്ത്രീകളെയും വിധവകളെയും തട്ടിപ്പിനിരയാക്കിയത് സംബന്ധിച്ച് സാമൂഹിക വകുപ്പ് മന്ത്രിക്ക് പരാതി നല്‍കുമെന്നും മജീദ് പറഞ്ഞു.

നിരവധി തവണ പാര്‍ട്ടി വേദികളില്‍ ഇത് സംബന്ധിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ നേതൃത്വം പിന്നീട് വിശദീകരിക്കാമെന്ന് പറഞ്ഞ് തടിയൂരുകയാണ് ഉണ്ടായത്. ഇത് സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി വിശദീകരണം ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ കൊടുവള്ളിയിലെ ലീഗ് നേതാക്കളുടെ സ്ഥിരം സന്ദര്‍ശകനായതിന് പിന്നിലെ ദുരൂഹതയും പുറത്ത് വരേണ്ടതുണ്ട്. ഹരിത സ്‌നേഹ സംഘത്തിന്റെ അഴിമതി സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമ പ്രവര്‍ത്തകനെതിരെ ഭീഷണിയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Majeed Kozhissery Muslim League Youth League CPIM

We use cookies to give you the best possible experience. Learn more