തിരുവനന്തപുരം: അനീതി നിറഞ്ഞ ഇസ്രഈൽ സർക്കാരിനെതിരെ പ്രതിഷേധിക്കുന്ന ഫലസ്തീൻ ജനതയെ കുറ്റവാളികളാക്കുന്ന ആശയം ഹിന്ദുത്വവാദികളുടേതാണെന്ന് സ്വതന്ത്ര നിരീക്ഷകൻ മൈത്രേയൻ.
യുക്തിവാദി സംഘടന എസൻസിന്റെ സ്ഥാപകൻ സി. രവിചന്ദ്രന്റെ ‘ഫലസ്തീൻ വ്യാജമാപ്പും 10 വസ്തുതകളും’ എന്ന പ്രഭാഷണത്തിനെതിരെയായിരുന്നു മൈത്രേയന്റെ വിമർശനം.
‘ഇസ്രഈൽ സർക്കാർ അനീതി നിറഞ്ഞതാണ്. അതിനെതിരെ പ്രതിഷേധിക്കുന്ന ജനത മാത്രമാണ് ഫലസ്തീൻ. ആ പ്രതിഷേധം കണ്ടിട്ട്, അവരെ കുറ്റവാളികളാക്കിയിട്ട് മതപരമായ വിശ്വാസങ്ങളാണ് അവരെ അങ്ങനെ നയിക്കുന്നത് എന്ന് പറഞ്ഞാൽ, അത്രത്തോളം അശ്ലീലമായ ആശയമാണ് ആ പറയുന്നത്.
അങ്ങനെ പറയുന്നവൻ ഏത് ബുദ്ധിമാനായാലും അവനൊരു ഹിന്ദുത്വവാദിയാണ്. അതാണ് ഇതിനെതിരെയുള്ള അശ്ലീല പദം.
കുയുക്തിവാദികൾ’ ഇഷ്ടംപോലെ ഇവിടെയുണ്ട്. അതുകൊണ്ടാണ് ഇതൊക്കെ പറയുന്നത്. അവന്മാർ ചരിത്രമൊക്കെ ഉണ്ടാക്കും, ഒന്നേ രണ്ടേ മൂന്നേ എന്ന് നമ്പറൊക്കെ ഇട്ട് പറയും. ശരിക്കും കുയുക്തി പറയുകയാണ് ചെയ്യുന്നത്.
ചെന്നായയുടെ ന്യായം എന്ന് പറയാറില്ലേ, അത്രേയുള്ളൂ അതൊക്കെ. മറ്റുള്ളവരോട് പകയുണ്ടാക്കുന്ന തരത്തിൽ ന്യായം പറയുന്നതിന് യുക്തിവാദം ഒന്നും ആവശ്യമില്ല. മനുഷ്യരിലെ പക കുറക്കുന്നതിനാണ് യുക്തി പറയേണ്ടത്.
മറ്റൊരു മനുഷ്യനെ കുറിച്ച് കൺസേൺ ഇല്ലാത്തവനെ ഇങ്ങനെയൊക്കെ ന്യായം പറയാൻ പറ്റൂ,’ മൈത്രേയൻ പറഞ്ഞു.
ഇസ്രഈൽ ഇന്ന് ഭരിച്ചുകൊണ്ടിരിക്കുന്നത് ഇന്ത്യ ഇന്ന് ഭരിച്ചുകൊണ്ടിരിക്കുന്നത് പോലെ ഏറ്റവും മോശപ്പെട്ട ആളുകളാണെന്നും അവർക്ക് വേണ്ടി ന്യായം പറയേണ്ട കാര്യമില്ലെന്നും മൈത്രേയൻ പറഞ്ഞു.
‘ഇന്ത്യയിലെ ഹിന്ദുത്വവാദികൾക്ക് മാത്രമേ ഇസ്രഈലിന് പിന്തുണ കൊടുക്കാൻ സാധിക്കൂ, വേറെ ആർക്കും പറ്റില്ല. ബ്രിട്ടീഷുകാർ ഉണ്ടാക്കിയതാണ് ഇസ്രഈൽ. അല്ലാതെ ഇസ്രഈലികൾ വണ്ടി കേറി അങ്ങോട്ട് പോയതൊന്നുമല്ല.
മതമല്ല പ്രശ്നം, വിഭവങ്ങൾക്ക് മേലുള്ള ആധിപത്യമാണ് പ്രശ്നം. ഇസ്രഈലിൽ പ്രശ്നമുണ്ടാക്കുന്നത് ജൂതന്മാരല്ല, സയണിസ്റ്റുകളാണ്.
അറിയാതിരിക്കാനും വെറുക്കാനും പകയുണ്ടാക്കാനും പഠിപ്പിക്കുന്ന ഒരു യുക്തിയും നമ്മൾ സ്വീകരിച്ചു കൂടാ.
ഹമാസ് ഇസ്രഈലിനെ എതിർക്കുന്നു എന്ന് പറയുമ്പോൾ, അതിന്റെ തലേദിവസം വരെ ഫലസ്തീനികൾ ഇസ്രഈലിന് കീഴിൽ അവിടെ ശ്വാസം മുട്ടി നിൽക്കുകയാണ്.
യുദ്ധങ്ങളുടെ മുഴുവൻ കാരണവുമെന്ന് പറയുന്നത് മറ്റ് ആളുകളെ കീഴ്പ്പെടുത്തി അവരെ ഭരിക്കുകയും അവരുടെ മുഴുവൻ വസ്തുവകകളും അടിച്ചുകൊണ്ട് പോകുകയും ചെയ്യണമെന്ന് ആലോചിക്കുന്നവരുടെ യുക്തിക്കകത്താണ് ഉള്ളത്,’ മൈത്രേയൻ പറഞ്ഞു.
Content Highlight: Maithreyan against C Ravichandran’s Israel affinity; only a hindutva person can support Israel