| Monday, 6th November 2023, 3:42 pm

ഫലസ്തീന്‍ അനുകൂല പോസ്റ്റിട്ടതിന് പിന്നാലെ ജര്‍മന്‍ ക്ലബ്ബ് പുറത്താക്കി; ഗസയിലെ നിരപരാധികള്‍ നരകമനുഭവിക്കുമ്പോള്‍ തന്റെ നഷ്ടം ഒന്നുമല്ലെന്ന് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഗസയില്‍ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതില്‍ അപലപിച്ച് പോസ്റ്റിട്ടതിന് പിന്നാലെ അന്‍വര്‍ അല്‍ ഗാസിയുമായുള്ള കരാര്‍ റദ്ദാക്കി ജര്‍മന്‍ ക്ലബ്ബായ മേയിന്‍സ്. ഒക്ടോബര്‍ ഏഴിന് എവര്‍ട്ടണിന്റെയും ആസ്റ്റണ്‍ വില്ലയുടേയും മുന്‍ ഫോര്‍വേഡായ ഗാസിയെ മേയിന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

തുടര്‍ന്ന് തന്റെ പോസ്റ്റ് ഗാസി പിന്‍വലിച്ചിരുന്നെങ്കിലും താന്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും തന്റെ ചിന്തകളും പ്രാര്‍ത്ഥനകളും നിരപരാധികളായ ഇരകള്‍ക്കൊപ്പമാണെന്നും എഴുതി താരം മറ്റൊരു പോസ്റ്റ് പങ്കുവെച്ചിരുന്നു.

ക്ലബ്ബ് പുറത്താക്കിയതിന് ശേഷം ഗാസി ഇന്ന് മറ്റൊരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഗസയിലെ നരകതുല്യമായ ജീവിതങ്ങളോട് താരതമ്യം ചെയ്യുമ്പോള്‍ തന്റെ ഉപജീവനമാര്‍ഗം നഷ്ടമായത് ഒന്നുമല്ലെന്ന് അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.

‘ഒറ്റക്ക് നില്‍ക്കേണ്ടി വന്നാലും സത്യത്തിനൊപ്പം നില്‍ക്കുക. നരകമഴിച്ചുവിട്ട ഗസയിലെ നിരപരാധികളായ ആളുകളോട് താരതമ്യം ചെയ്യുമ്പോള്‍ തന്റെ ഉപജീവന മാര്‍ഗം നഷ്ടപ്പെട്ടത് ഒന്നുമല്ല,’ ഗാസി പറഞ്ഞു.

നേരത്തെ ഫലസ്തീനെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് പിന്നാലെ ബയേണ്‍ മ്യൂണിക്ക് താരം നുസൈര്‍ മസ്റൂയിയെ പുറത്താക്കണമെന്ന് ജര്‍മന്‍ എം.പി ജോഹന്നാസ് സ്നീഗര്‍ ആവശ്യപ്പെട്ടിരുന്നു.

ഇസ്രഈലിനെതിരെ ഫലസ്തീന് വിജയിക്കാന്‍ കഴിയട്ടെ’ എന്നാണ് മസ്റൂയി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഫലസ്തീന്‍ പതാകയോടൊപ്പമാണ് അദ്ദേഹം ഫലസ്തീനെ പിന്തുണക്കുന്ന പോസ്റ്റ് പങ്കുവെച്ചിരുന്നത്.

ഫലസ്തീനെ പിന്തുണച്ച് പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ ജര്‍മന്‍ ദിനപത്രമായ ‘ബില്‍ഡ്’ അദ്ദേഹത്തെ ‘തീവ്രവാദത്തെ പിന്തുണക്കുന്നയാള്‍’ എന്ന് വിശേഷിപ്പിച്ച് വാര്‍ത്ത നല്‍കിയിരുന്നു. ഇസ്രഈല്‍ അനുകൂലികള്‍ ഒന്നടങ്കം താരത്തിനെതിരെ രംഗത്തെത്തിയതോടെ തന്റെ പോസ്റ്റിന് മസ്റൂയി വിശദീകരണം നല്‍കിയിരുന്നു.

‘ഞാന്‍ ഇവിടെ ആരോടൊപ്പമാണ് നിന്നത് എന്ന കാര്യത്തില്‍ ഒരു വിശദീകരണം നല്‍കേണ്ടി വരുന്നതില്‍ നിരാശയുണ്ട്. ആയിരക്കണക്കണക്കിന് നിരപരാധികളാണ് കൊന്നൊടുക്കപ്പെട്ടത്. ലോകത്തിന് നീതിയും സമാധാനവും ഉണ്ടാകുന്നതിന് വേണ്ടിയാണ് ഞാന്‍ നിലകൊള്ളുന്നത്.

അതിന് വേണ്ടിയാണ് നമ്മള്‍ പ്രവര്‍ത്തിക്കേണ്ടത്. അതുകൊണ്ട് ഞാന്‍ എല്ലായിപ്പോഴും തീവ്രവാദത്തിനും വിദ്വേഷത്തിനും കലാപങ്ങള്‍ക്കും എതിരായിരിക്കും,’ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം, ബയേണ്‍ മ്യൂണിക്കും മസ്റൂയിക്കെതിരെ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ക്ലബ്ബിലെ ഓരോ കളിക്കാരനും ജീവനക്കാരനും ബയേണ്‍ ഫുട്ബോള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ അറിഞ്ഞിരിക്കണമെന്നായിരുന്നു ബയേണ്‍ മ്യൂണിക്കിന്റെ വിശദീകരണം.

Content Highlights: Mainz ends contract with El Ghazi after he voices support for Palestine

Latest Stories

We use cookies to give you the best possible experience. Learn more