കപാഡിയയുടെ വിജയം അവര്‍ക്കു മാത്രം അവകാശപ്പെട്ടത്; മുഖ്യധാരാ ഇന്ത്യന്‍ സിനിമാ വ്യവസായത്തിന് പ്രത്യേകിച്ച് ഒരു റോളുമില്ല: പൂക്കുട്ടി
national news
കപാഡിയയുടെ വിജയം അവര്‍ക്കു മാത്രം അവകാശപ്പെട്ടത്; മുഖ്യധാരാ ഇന്ത്യന്‍ സിനിമാ വ്യവസായത്തിന് പ്രത്യേകിച്ച് ഒരു റോളുമില്ല: പൂക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th May 2024, 1:40 pm

ന്യൂദല്‍ഹി: ഇന്ത്യയിലെ മുഖ്യധാരാ സിനിമാവ്യവസായത്തിന് പായല്‍ കപാഡിയയുടെ വിജയത്തില്‍ പറയത്തക്ക ബന്ധമൊന്നുമില്ലെന്ന് പ്രശസ്ത സംഗീത സംവിധായകന്‍ റസൂല്‍ പൂക്കുട്ടി. ഈ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രിക്‌സ് അവാര്‍ഡ് നേടിയ പായല്‍ കപാഡിയയെ അഭിനന്ദിച്ച് കൊണ്ട് തന്റെ ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് പൂക്കുട്ടി ഇക്കാര്യം പറഞ്ഞത്.

കപാഡിയ നേടിയ വിജയത്തിന് എഫ്.ടി.ഐ.ഐക്ക് പ്രത്യേകിച്ചൊരു റോളുമില്ലെന്നും, കപാഡിയയുടേത് വ്യക്തിപരമായ വിജയമാണെന്നും പൂക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കാനിലേക്ക് പ്രതിനിധികളെ അയക്കുന്നതില്‍ ഇന്ത്യന്‍ സിനിമാ വ്യവസായം നല്‍കുന്ന പിന്തുണ വളരെ ചെറുതാണെന്നും പൂക്കുട്ടി ചൂണ്ടിക്കാട്ടി.

‘ഓരോരുത്തരും ലക്ഷ്യ സ്ഥാനത്തെത്തുന്നത് അവരവരുടെ മാത്രം കഴിവ് കൊണ്ടാണ്. എല്ലാവരുമില്ലെങ്കിലും, പ്രചോദനമാകാന്‍ പ്രാപ്തരായ ചിലരെങ്കിലും ഉള്ളത് കൊണ്ടാണ് അവര്‍ വിജയിക്കുന്നത്. ലോകമെമ്പാടുമുള്ള കലാകാരന്മാരാണ് ഈ ദേശീയ നേട്ടത്തിന് പിറകില്‍. അവര്‍ ഇന്ത്യന്‍ സിനിമയ്ക്കു വേണ്ടി ചിലവഴിക്കുന്ന ഊര്‍ജവും വില മതിക്കാനാവാത്തതാണ്,’ പൂക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഇനിയും നിരവധി പായല്‍മാരും, ചിദാനന്ദ്മാരും,സന്തോഷ് ശിവനും വരാനിരിക്കുന്നുണ്ടെന്നും, അവര്‍ക്ക് വേണ്ട വിധം പ്രചോദനങ്ങള്‍ നല്‍കേണ്ടതുണ്ടെന്നും പൂക്കുട്ടി വ്യക്തമാക്കി. സ്വാതന്ത്ര്യമുള്ളതും നന്മ നിറഞ്ഞതുമായ ഒരു സമൂഹമാണ് കെട്ടിപ്പടുക്കേണ്ടത്. ആ ഇടങ്ങളില്‍ സിനിമയുടെ സത്യസന്ധമായ ആഘോഷങ്ങളും ആരവങ്ങളുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കപാഡിയയ്ക്കെതിരെയുള്ള എഫ്.ടി.ഐ.ഐയുടെ കേസിനെ കുറിച്ച് പരാമര്‍ശിച്ച് കൊണ്ടാണ് പൂക്കുട്ടി തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.

അടുത്തമാസം, കേസില്‍ കോടതി വാദം കേള്‍ക്കാനിരിക്കുമ്പോഴാണ്, കപാഡിയക്ക് പുരസ്‌കാരം കിട്ടുന്നതെന്ന കാര്യവും പൂക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടി കാട്ടി. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പുരസ്‌കാരം നേടുന്നത് സ്ഥാപനത്തിന് അഭിമാനമാണെന്ന് എഫ്.ടി.ഐ.ഐ പറഞ്ഞിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥിനിയെ അഭിനന്ദിക്കുന്ന എഫ്.ടി.ഐ.ഐ തന്നെ കപാഡിയക്കെതിരെ കേസിനു പോകുന്നത് കാണുമ്പോള്‍ വല്ലാത്ത വൈരുദ്ധ്യം അനുഭവപ്പെടുന്നുണ്ടെന്നും പൂക്കുട്ടി പറഞ്ഞു.

എഫ്.ടി.ഐ.ഐ.യുടെ ചെയര്‍മാനായി ‘മഹാഭാരത്’ എന്ന മെഗാ ടി.വി സീരിയലിലെ യുധിഷ്ഠിരനെ അവതരിപ്പിച്ചതിലൂടെ പ്രശസ്തനായ നടനും ബി.ജെ.പി നേതാവുമായ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരെ ക്യാമ്പസില്‍ വലിയ വിദ്യാര്‍ത്ഥി പ്രഖാപനം ഉയര്‍ന്നിരുന്നു. കപാഡിയയായിരുന്നു സമരത്തിന് നേതൃത്വം നല്‍കിയത്. ഗജേന്ദ്ര ചൗഹാനെ എഫ്.ടി.ഐ.ഐ യുടെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കണമെന്നായിരുന്നു ആവശ്യം.

പൊലീസ് കപാഡിയ ഉള്‍പ്പെടെ 35 വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143, 147, 149, 323, 353, 506 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. 2016 ലാണ് കോടതി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഇനി ജൂണിലാണ് വാദം കേള്‍ക്കുക.

Content Highlight: Mainstream film industry had nothing to do with Kapadia’s win: Resul Pookutty