| Monday, 16th April 2018, 9:29 am

'ശ്രീജിത്തിന് ലോക്കപ്പില്‍വെച്ച് മര്‍ദ്ദനമേറ്റു'; വാരാപ്പുഴ കസ്റ്റഡി മരണത്തില്‍ പ്രധാനസാക്ഷിയുടെ വെളിപ്പെടുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാരാപ്പുഴ: പൊലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട ശ്രീജിത്തിന് ലോക്കപ്പില്‍വെച്ച് മര്‍ദ്ദനമേറ്റിരുന്നുവെന്ന് കേസിലെ പ്രധാനസാക്ഷിയായ ഗണേഷിന്റെ വെളിപ്പെടുത്തല്‍. വീട്ടില്‍ നിന്ന് ശ്രീജിത്തിനെ കൊണ്ടുപോകുന്നതുവരെ യാതൊരു കുഴപ്പവുമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“അമ്പലപ്പറമ്പിലെ സംഘര്‍ഷത്തിലും, ആര്‍.ടി.എഫ് പിടിച്ചുകൊണ്ടുപോകുമ്പോഴും ശ്രീജിത്തിന് പരിക്കേറ്റിരുന്നില്ല. ജീപ്പിനുള്ളില്‍വെച്ചും പൊലീസ് സ്റ്റേഷനില്‍വെച്ചും എന്ത് സംഭവിച്ചുവെന്നറിയില്ല.”

ശ്രീജിത്തിനെ കൊണ്ടുപോകുമ്പോള്‍ കൂടെയുണ്ടായിരുന്നയാളാണ് ഗണേഷ്.

അതേസമയം പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിക്കാനിടയായ സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തി.  ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പി. മോഹന്‍ദാസ് കത്തയച്ചു.


Also Read:  ദീപക്കിനെതിരെ നടക്കുന്നത് സംഘപരിവാറിന്റെ ആസൂത്രിത നുണപ്രചരണം; ദീപക് ശങ്കരനാരായണന് നേരെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ തോമസ് ഐസക്ക്


ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് വരാപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഏപ്രില്‍ ഒമ്പതിനാണ് മരിക്കുന്നത്. പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനേറ്റ് ചെറുകുടല്‍ തകര്‍ന്നാണ് ശ്രീജിത്ത് മരിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് മരണത്തിന് മൂന്ന് ദിവസം മുമ്പാണെന്ന് യുവാവിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കുകയും ചെയ്തു. അതേസമയം ശ്രീജിത്തിന്റെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായി 10 ലക്ഷം രൂപയും ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും കമ്മിഷന്‍ നല്‍കിയ കത്തില്‍ ആവശ്യപ്പെടുകയും ചെയ്തു.

ദേവസ്വം പാടത്ത് വീട്ടില്‍ കയറി അക്രമം നടത്തിയ കേസിലെ പ്രതിയെന്നാരോപിച്ചാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് മര്‍ദ്ദനമാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.


Also Read:  രാമക്ഷേത്ര നിര്‍മാണം ഉടന്‍ ആരംഭിക്കും; ഹിന്ദു സമൂഹത്തിന് ഒന്നും അസാധ്യമല്ലെന്നും വിശ്വ ഹിന്ദു പരിഷത്ത്


ദേവസ്വം പാടത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉടലെടുത്ത സംഘര്‍ഷത്തിനിടെ വാസുദേവന്‍ എന്നയാളുടെ വീട്ടില്‍ കയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്ന പരാതിയിലാണ് ശ്രീജിത്തിനെയും മറ്റു 10 പേരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്ന് മജിസ്‌ട്രേറ്റിനെ നേരിട്ട് ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് ശ്രീജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചായിരുന്നു അന്ത്യം.

ആന്തരിക രക്തസ്രാവവും ഛര്‍ദ്ദി, മൂത്ര തടസം എന്നിവയ്ക്കാണ് ശ്രീജിത്ത് ചികിത്സ തേടിയത്. ഇന്നലെ വൈകിട്ടോടെ ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഇദ്ദേഹത്തെ സന്ദര്‍ശിച്ച് സ്വമേധയാ കേസെടുത്തിരുന്നു. ശ്രീജിത്തിന് പൊലീസ് മര്‍ദ്ദനമേറ്റതായും അതാണ് മരണകാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ക്ഷേത്രത്തിലെ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പരിക്കുകളാവാം മരണകാരണമെന്നാണ് പൊലീസ് പറയുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more