ധാക്ക: യു.എസ് പൗരനും ബംഗ്ലാദേശി വംശജനുമായ മതേതരവാദി ബ്ലോഗര്‍ അവിജിത് റോയിയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. തിങ്കളാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അവിജിത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ മുമ്പ് വധഭീഷണി നടത്തിയിട്ടുള്ളയാളെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
“അവിജിത് റോയിയെ കൊലപ്പെടുത്തിയ കേസില്‍ ഇയാളാണ് പ്രധാന പ്രതി.” റാപിഡ് ആക്ഷന്‍ ബെറ്റാലിയന്‍ (ആര്‍.എ.ബി) വക്താവ് മോജര്‍ മക്‌സുദുല്‍ അലാം പറഞ്ഞു. ഫറാബി ഷാഫിയൂര്‍ റഹ്മാനാണ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ധമാക്കയില്‍വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ് ഫറാബി റോയിയെ ഭീഷണിപ്പെടുത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനമെന്ന് വക്താവ് അറിയിച്ചു. ഫറാബി നിരവധി തവണ ഭീഷണിപ്പെടുത്തിയതായി റോയിയുടെ കുടുംബം പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധാക്കയിലെ ഡൗണ്‍ ടൗണില്‍വെച്ച് വ്യാഴാഴ്ചയായിരുന്നു അമേരിക്കന്‍ ബ്ലോഗറെ വെട്ടികൊലപ്പെടുത്തിയിരുന്നത്. മറ്റൊരു മതേതര ബ്ലോഗറായിരുന്ന അഹമ്മദ് റജീബ് ഹൈദര്‍ കൊല്ലപ്പെട്ട കേസിലും ഫറാബി ആയിരുന്നു മുഖ്യപ്രതി. ഈ കേസില്‍ 2013 ല്‍ അറസ്റ്റിലായ ഫറാബി പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
ഒരു പുസ്തക പ്രദര്‍ശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിയായിരുന്നു അവിജിത്തിനെയും ഭാര്യയെയും അജ്ഞാതര്‍ ആക്രമിച്ചത്. ആക്രമണത്തില്‍ അവിജിത് കൊല്ലപ്പെടുകയും ഭാര്യയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മതവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ എഴുത്തുക്കള്‍ ഇസ്‌ലാമത തീവ്രവാദികളില്‍ വിദ്വേഷം ജനിപ്പിച്ചിരുന്നു. മതേതര കാഴ്ചപ്പാടുകളും, ശാസ്ത്രവും സാമൂഹ്യ പ്രശ്‌നങ്ങളും ഉയര്‍ത്തിക്കാട്ടിയുള്ള എഴുത്തുകള്‍ കാരണം അദ്ദേഹവും കുടുംബവും നിരന്തരം ഭീഷണി നേരിട്ടിരുന്നു.
അടുത്തിടെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ നാസ്തികതയെ അദ്ദേഹം പ്രതിരോധിച്ചിരുന്നു. “ആശാസ്ത്രീയ, വിവേകരഹിത വിശ്വാസങ്ങളെ എതിര്‍ക്കാനുള്ള യുക്തി” എന്നാണ് അദ്ദേഹം പോസ്റ്റില്‍ പറഞ്ഞിരുന്നത്.