| Tuesday, 16th July 2019, 3:14 pm

എം.ജെ രാധാകൃഷ്ണനെ അനാദരിച്ച് മുഖ്യധാരാ സിനിമ; മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാതെ മുന്‍നിര താരങ്ങളും അണിയറ പ്രവര്‍ത്തകരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദേശീയ അന്തര്‍ദേശീയ തലത്തില്‍ നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണനെ അനാദരിച്ച് മുഖ്യധാരാ സിനിമാ പ്രതിനിധികള്‍. എം.ജെ രാധാകൃഷ്ണന്റെ സംസ്‌കാര ചടങ്ങില്‍ മുഖ്യധാരാ സിനിമാ, സാങ്കേതിക വിദഗ്ധരുടെ സംഘടനയിലെ ഭാരവാഹികളോ പ്രതിനിധികളോ ആരും തന്നെ പങ്കെടുത്തിരുന്നില്ല.

എം.ജെ രാധാകൃഷ്ണന്‍ എറെ പ്രോത്സാഹിപ്പിച്ച പുതു സംവിധായകരും, സാങ്കേതിക വിദഗ്ധരും മാത്രമേ ചടങ്ങില്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരായി ഉണ്ടായിരുന്നുള്ളൂ. എം.ജെ രാധാകൃഷ്ണന്റെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച കലാഭവനിലും മുഖ്യധാരാ സിനിമാ രംഗത്തെ പ്രതിനിധീകരിക്കുന്ന ആരും തന്നെ എത്തിയിരുന്നില്ലയെന്നാണ് അദ്ദേഹവുമായി അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞത്.

മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏഴു തവണ നേടിയ ഛായാഗ്രാഹകനാണ് എം.ജെ രാധാകൃഷ്ണന്‍. ദേശാടനം (1996), കരുണം (1999), അടയാളങ്ങള്‍, ഒറ്റക്കയ്യന്‍ (2007), ബയോസ്‌കോപ്പ് (2008), വീട്ടിലേക്കുള്ള വഴി (2010), ആകാശത്തിന്റെ നിറം (2011), കാടുപൂക്കുന്ന നേരം (2016) എന്നീ ചിത്രങ്ങളിലാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. ഇതിനു പുറമേ ആറ് അന്തര്‍ദേശീയ പുരസ്‌കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഒരു ഛായാഗ്രാഹകനും ഇത്രയേറെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ടാവില്ല. ഇത്രയും പ്രാധാന്യമുള്ള വ്യക്തി മരണപ്പെട്ടിട്ടും സിനിമാ മേഖലയിലെ സംഘടനാ നേതാക്കളോ പ്രതിനിധികളോ മരണാനന്തര ചടങ്ങിലെത്താത്തത് അദ്ദേഹത്തോടുള്ള വലിയ അനാദരവാണ്.

എം.ജെ രാധാകൃഷ്ണന് ആദ്യ സംസ്ഥാന പുരസ്‌കാരം ലഭിച്ചത് 1996ല്‍ ജയരാജ് സംവിധാനം ചെയ്ത ‘ദേശാടനം’ എന്ന ചിത്രത്തിലൂടെയായിരുന്നു. ദേശാടനത്തിനുശേഷം പുറത്തിറങ്ങിയ ഒറ്റാല്‍വരെയുള്ള ജയരാജന്‍ സംവിധാനം ചെയ്ത ഒട്ടുമിക്ക ചിത്രങ്ങളുടേയും ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണനായിരുന്നു. അതിനാല്‍ ജയരാജിനെപ്പോലുള്ളവരുടെ സാന്നിധ്യമെങ്കിലും പ്രതീക്ഷിച്ചിരുന്നെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്.

ജനപ്രിയരായ കൊമേഴ്‌സ്യല്‍ സംവിധായകനേയും, പുതുമുഖ സംവിധായകരേയും ഒരേപോലെ കാണുന്നതായിരുന്നു എം.ജെ രാധാകൃഷ്ണന്റെ രീതിയെന്നും അത് മുഖ്യധാരയിലുണ്ടായിരുന്നവരെ ചൊടിപ്പിച്ചിട്ടുണ്ടാവാമെന്നും അതായിരിക്കാം അവഗണനയുടെ കാരണമെന്നും സുഹൃത്തുക്കളില്‍ ചിലര്‍ പറയുന്നു. എം.ജെ രാധാകൃഷ്ണന്‍ ഛായാഗ്രഹണം നിര്‍മ്മിച്ച സിനിമകളില്‍ മൂന്നിലൊന്നും നവാഗതരുടേതായിരുന്നു. തന്നെ സമീപിക്കുന്ന സംവിധായകന്‍ സംഘടനയുടെ കാര്‍ഡുള്ളവരാണോ അല്ലയോ എന്നൊന്നും അദ്ദേഹം പരിശോധിക്കാറില്ലായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു.

എം.എല്‍.എമാരായ മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവരും, സുരേഷ് ഗോപി, ഡോ. ബിജു, ഇന്ദ്രന്‍സ്, ലാല്‍ജോസ്, മധുപാല്‍, ശ്യാമപ്രസാദ്, അടൂര്‍ ഗോപാലകൃഷ്ണന്‍, രാമചന്ദ്ര ബാബു, സണ്ണി ജോസഫ്, ഇസ്മയില്‍ ഹസന്‍ തുടങ്ങിയ ചുരുക്കം ചില ആളുകളും മാത്രമാണ് മുഖ്യധാരാ സിനിമാ രംഗത്തുനിന്നും അദ്ദേഹത്തിന് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്.

We use cookies to give you the best possible experience. Learn more