എങ്ങനെ നോട്ടമിടാതിരിക്കും, എല്ലാവര്‍ക്കും ഒരുപോലെ പ്രിയങ്കരനല്ലെ ഈ ഇതിഹാസം; സമ്മര്‍ ട്രാന്‍സ്ഫറില്‍ സൂപ്പര്‍ സ്‌ട്രൈക്കറിനായി ഉന്തും തള്ളും
Football
എങ്ങനെ നോട്ടമിടാതിരിക്കും, എല്ലാവര്‍ക്കും ഒരുപോലെ പ്രിയങ്കരനല്ലെ ഈ ഇതിഹാസം; സമ്മര്‍ ട്രാന്‍സ്ഫറില്‍ സൂപ്പര്‍ സ്‌ട്രൈക്കറിനായി ഉന്തും തള്ളും
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 24th October 2022, 12:02 pm

ഈ സീസണില്‍ മികച്ച പ്രകടനമാണ് പാരീസ് സെന്റ് ഷെര്‍മാങ് സൂപ്പര്‍താരം ലയണല്‍ മെസി പുറത്തെടുക്കുന്നത്.

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലൂടെ പി.എസ്.ജിയിലേക്കെത്തിയ താരത്തിന് തുടക്കത്തില്‍ ക്ലബ്ബിനെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള പെര്‍ഫോമന്‍സ് കാഴ്ച വെക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും പിന്നീട് റെക്കോഡ് നേട്ടങ്ങളാണ് അര്‍ജന്റീനിയന്‍ ഇതിഹാസം സ്വായത്തമാക്കുന്നത്.

വ്യക്തിഗത നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കാത്ത താരമാണ് ലയണല്‍ മെസി എന്നുള്ളത് ബാഴ്‌സലോണയിലായിരുന്നപ്പോഴും താരം തെളിയിച്ചതാണ്.

സഹതാരങ്ങള്‍ നേടുന്ന ഗോളുകളില്‍ പലതിലും അസിസ്റ്റിങ്ങിലൂടെ മെസിയുടെ കാല്‍സ്പര്‍ശം പതിക്കാറുണ്ട്.

പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം അജാസിയോക്കെതിരെ നടന്ന ഏറ്റുമുട്ടലില്‍ എതിരില്ലാത്ത മൂന്ന് ഗോളകള്‍ക്കാണ് പി.എസ്.ജി വിജയിച്ചത്.

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളുകളും മെസിയുടെ ഒരു ഗോളുമാണ് പി.എസ്.ജിക്ക് ജയം നേടിക്കൊടുത്തത്.

അതില്‍ എംബാപ്പെ നേടിയ രണ്ട് ഗോളുകളും മെസിയുടെ അസിസ്റ്റിലൂടെയായിരുന്നു.

ഇപ്പോള്‍ താരത്തെ സ്വന്തമാക്കാനുള്ള തത്രപ്പാടിലാണ് മുന്‍നിര ക്ലബ്ബുകള്‍. പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ ജനുവരിയില്‍ നടക്കാനിരിക്കുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ താരത്തെ വാങ്ങാന്‍ കാത്തിരിക്കുകയാണ് ക്ലബ്ബുകള്‍.

ഇതില്‍ റയല്‍ മാഡ്രിഡും ചെല്‍സിയുമാണ് ഏറ്റവും മുന്നിലെന്നാണ് വാര്‍ത്താ ഏജന്‍സിയായ എല്‍ നാഷനല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അറ്റാക്കിങ് നിരയിലേക്ക് അര്‍ജന്റൈന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസിയെ കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയിടുകയാണ് യുണൈറ്റഡ്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള്ള തര്‍ക്കങ്ങള്‍ സങ്കീര്‍ണതയിലായിരിക്കുന്ന സാഹചര്യത്തിലാണ് യുണൈറ്റഡ് പുതിയ തീരുമാനങ്ങളുമായി മുന്നേറുന്നതാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

പ്രീമിയര്‍ ലീഗിലെ ഒരു മത്സരത്തിനിടയില്‍ താരത്തിന്റെ ഭാഗത്ത് നിന്ന വലിയ വീഴ്ച സംഭവിച്ചതിനാല്‍ റൊണാള്‍ഡോയെ തുടര്‍ന്ന് നടന്ന് മാച്ചില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയായിരുന്നു.

ജനുവരിയിലെ ട്രാന്‍സ്ഫറിലൂടെ റോണോ ക്ലബ്ബ് വിടാന്‍ പദ്ധതിയിടുന്നുണ്ടെന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മെസി ടീമിലേക്ക ചേക്കേറുന്നത് ഗുണകരമാകുമെന്ന് കോച്ച് എറിക് ടെന്‍ ഹാഗ് പറഞ്ഞതാി എല്‍ നാഷനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം പിയറി എമെറിക്ക് ഔബമെയാങ്ങും അര്‍മാന്‍ഡോ ബ്രോജയുമാണ് ചെല്‍സിയുടെ മുന്‍നിര ഫോര്‍വേഡ് താരങ്ങള്‍. കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ ബാഴ്‌സലോണയില്‍ നിന്ന് സൈന്‍ ചെയ്ത ഔബെമെയാങ്ങിന് ചെല്‍സിയില്‍ മികച്ച ഫോമിലേക്കെത്താനായിട്ടില്ല.

അത്തരമൊരു സാഹചര്യത്തിലാണ് ചെല്‍സി ലയണല്‍ മെസിയെ പോലൊരു ഇതിഹാസ താരത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ വ്യഗ്രതപ്പെടുന്നത്.

എന്നാല്‍ സാമ്പത്തിക പിരിമുറുക്കത്തെ തുടര്‍ന്ന് മെസിയെ കൈവിടേണ്ടി വന്നതിന്റെ വിട്ടുമാറാത്ത നൈരാശ്യത്തിലാണ് ബാഴ്‌സ.

പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചയുടന്‍ താരം ബാഴ്‌സയിലേക്ക് തിരികെയെത്തുമെന്ന് അടങ്ങാത്ത പ്രതീക്ഷയിലാണ് കൂട്ടരും.

എന്നിരുന്നാലും മെസി തന്റെ സൈനിങ്ങിനെ കുറിച്ച് ഇതുവരെ ഒന്നും വ്യക്തമാക്കിയിട്ടില്ല. വരാനിരിക്കുന്ന ഖത്തര്‍ ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് താരം.

തന്റെ കരിയറിലെ അവസാനത്തെ ലോകകപ്പായിരിക്കും ഖത്തറിലേതെന്ന് നേരത്തെ പ്രഖ്യാപിച്ച മെസി, വിരമിക്കുന്നതിന് മുമ്പ് രാജ്യത്തിനായി കപ്പുയര്‍ത്താനുകുമെന്ന പ്രതീക്ഷയിലാണ്.

Content Highlights: Main football clubs are eagerly waiting to own Argentine Legend  in  summer transfer