ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പ്രശസ്തമായ “കാവല്‍ക്കാരന്‍ കള്ളനാണ്” എന്ന പ്രയോഗത്തെ മറികടക്കാന്‍ പ്രധാനമന്ത്രി തുടങ്ങി വെച്ച ഹാഷ്ടാഗ് ക്യാമ്പയ്ന്‍ തിരിഞ്ഞ് കൊത്തുന്നു. കാവല്‍ക്കാരനായ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് എന്റെ മകന്‍ എവിടെയെന്നാണ് ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ് ചോദിക്കുന്നത്.
“താങ്കള്‍ കാവല്‍ക്കാരനാണെങ്കില്‍ പറയൂ, എവിടെ എന്റെ മകന്‍ നജീബ്? എ.ബി.വി.പി പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെടാത്തത് എന്തുകൊണ്ടാണ്? രാജ്യത്തെ മൂന്ന് പ്രമുഖ ഏജന്‍സികള്‍ക്ക് അവനെ കണ്ടെത്താന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്” എന്നാണ് നജീബിന്റെ ഉമ്മ ഫാത്തിമയുടെ ചോദ്യം. ട്വീറ്ററിലൂടെയാണ് ഫാത്തിമ ഇക്കാര്യം ചോദിക്കുന്നത്.
പുതിയ ക്യാമ്പയ്ന്‍ ആരംഭിക്കുന്നതിന് മുമ്പ് മോദി ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചിരുന്നു. “നിങ്ങളുടെ കാവല്‍ക്കാരന്‍ ശക്തനായി നിന്നു കൊണ്ട് രാജ്യത്തെ സേവിക്കുന്നു. എന്നാല്‍ ഞാന്‍ തനിച്ചല്ല. അഴിമതിക്കെതിരെയും, സമൂഹിക തിന്മകള്‍ക്കെതിരെയും പോരാടുന്ന എല്ലാവരും കാവല്‍ക്കാരാണ്. രാജ്യത്തിനെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നവരെല്ലാം കാവല്‍ക്കാരണ്. ഇന്ന് എല്ലാ ഇന്ത്യക്കാരും പറയുന്നു ഞാനും കാവല്‍ക്കാരനാണെന്ന്”.
എ.ബി.വി.പി പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ മൂന്നു വര്‍ഷം മുമ്പാണ് ഹോസ്റ്റല്‍ മുറിയില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായത്. പിന്നില്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെയും കുടുംബത്തിന്റേയും ആരോപണം. എന്നാല്‍ കേസ് അന്വേഷിച്ച സി.ബി.ഐ സംഭവത്തില്‍ ദുരൂഹതയൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നജീബിന് വേണ്ടി പാര്‍ലമെന്റിന്റെ മുന്നിലും ദല്‍ഹിലും നിരവധി സമരങ്ങളാണ് നജീബിന്റെ ഉമ്മ ഫാത്തിമ നടത്തിയത്.