| Thursday, 21st March 2019, 2:26 pm

നിങ്ങള്‍ എവിടുത്തെ ചൗക്കിദാറാണ്; നിങ്ങളുടെ മൂക്കിന് താഴെയല്ലേ ഇതെല്ലാം സംഭവിക്കുന്നത്; മോദിയോട് ഒവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച മേം ഭീ ചൗക്കിദാര്‍ കാമ്പയിനെതിരെ രൂക്ഷ പരിഹാസവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ഇന്ത്യയ്ക്ക് വേണ്ടത് ഒരു നല്ല പ്രധാനമന്ത്രിയെയാണെന്നും അല്ലാതെ കാവല്‍ക്കാരനെയല്ലെന്നും പറഞ്ഞായിരുന്നു മോദിക്കെതിരെ അദ്ദേഹം അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

“” നിങ്ങളുടെ മൂക്കിന് താഴെയാണ് പത്താന്‍കോട്ട് ആക്രമണവും ഉറി ആക്രമണവും പുല്‍വാമ ഭീകരാക്രമണവുമെല്ലാം നടന്നത്. നിങ്ങള്‍ എന്ത് തരം ചൗക്കിദാറാണ്? ഇന്ത്യയ്ക്ക് വേണ്ടത് സത്യസന്ധനായ ഒരു പ്രധാനമന്ത്രിയെയാണ്. അല്ലാതെ ഒരു കാവല്‍ക്കാരനെയല്ല- ഒവൈസി പറഞ്ഞു.

പ്രധാനമന്ത്രി എന്തിനാണ് സ്വാമി അസീമാനന്ദയെ ഭയപ്പെടുന്നതെന്നും ഒവൈസി ചോദിച്ചു. “” നിങ്ങള്‍ ഒരു യഥാര്‍ത്ഥ ചൗക്കിദാര്‍ ആണെങ്കില്‍ സംത്‌ഡോത സ്‌ഫോടനക്കേസില്‍ അസീമാനന്ദ അടക്കം നാല് പ്രതികളെ വെറുതെ വിട്ട കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകണമെന്നും ഒവൈസി ആവശ്യപ്പെട്ടു.


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കിലും പ്രധാനമന്ത്രി ആകാം: സൂചനയുമായി മായാവതി


“”നിങ്ങള്‍ എന്തിനാണ് അദ്ദേഹത്തെ ഭയക്കുന്നത്. ഒരു കാലത്ത് അദ്ദേഹം ആര്‍.എസ്.എസിന്റെ ഏറ്റവും അടുത്ത ആളായിരുന്നു ആര്‍.എസ്.എസ് പ്രത്യയശാസ്ത്രം പിന്തുടര്‍ന്ന് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി ഇന്ത്യയുടെ സംയുക്തമായ ഒരു സംസ്‌ക്കാരത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നും കുറ്റപ്പെടുത്തി.

“” നരേന്ദ്രമോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിന് പിന്നാലെ പാര്‍ലമെന്റില്‍ നടത്തിയ ആദ്യപ്രസംഗം എനിക്ക് ഓര്‍മ്മയുണ്ട്. 1200 വര്‍ഷത്തെ പോരാട്ടത്തിന് ശേഷമാണ് നമുക്ക് അധികാരത്തിലെത്താന്‍ ആയതെന്ന് അദ്ദേഹം പറയുന്നുണ്ട്. അന്ന് എന്റെ സമീപം കോണ്‍ഗ്രസിന്റെ ഒരു എം.പിയായിരുന്നു ഇരുന്നത്. മോദി ഇത് എന്താണ് പറയുന്നതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ദല്‍ഹി മുസ്‌ലീം ഭരണാധികാരികള്‍ ഭരിച്ചിരുന്ന കാലത്തെ കുറിച്ചാണ് അദ്ദേഹം ഓര്‍മ്മിപ്പിച്ചതെന്ന് ഞാന്‍ കോണ്‍ഗ്രസ് എം.പിയോട് പറഞ്ഞു.

ആ ഒരൊറ്റ പ്രസംഗത്തിലൂടെ തന്നെ 25-30 വര്‍ഷം ആര്‍.എസ്.എസ് പ്രത്യയശാസ്ത്രം പിന്തുടര്‍ന്നുപോന്ന ഒരാള്‍ മാത്രമാണ് മോദിയെന്ന് ഞാന്‍ മനസിലാക്കിയിരുന്നു. ആര്‍.എസ്.എസിന്റെ പുസ്തകങ്ങള്‍ വായിച്ചാല്‍ തന്നെ ഇന്ത്യയുടെ വൈവിധ്യപരമാര്‍ന്ന സംസ്‌ക്കാരത്തിന് എതിരാണ് അവര്‍ എന്ന് നമുക്ക് മനസിലാകുമെന്നും ഒവൈസി പറഞ്ഞു.

We use cookies to give you the best possible experience. Learn more