[share]
[] തിരുവന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ മുഖ്യപ്രതി ശബരീനാഥ് കോടതിയില്‍ കീഴടങ്ങി. തിരുവന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് ശബരീനാഥ് കീഴടങ്ങിയത്. മൂന്ന് വര്‍ഷമായി ശബരീനാഥ് ഒളിവിലായിരുന്നു. കോടതി മെയ് അഞ്ച് വരെ ഇയാളെ റിമാന്‍ഡ് ചെയ്തു.
തനിക്കെതിരെ വധഭീഷണിയുള്ളതിനാലാണ് കീഴടങ്ങുന്നതെന്ന് ശബരീനാഥ് കോടതിയോട് പറഞ്ഞു. പോലീസ് തനിക്കെതിരെ കള്ളക്കേസുകള്‍ ചാര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. പോലീസും ഗുണ്ടകളും തന്നെ നിരന്തരമായി പീഡിപ്പിക്കുകയാണ്- ശബരീനാഥ് കോടതിയില്‍ പറഞ്ഞു.
തന്നോട് ശത്രുതയുള്ള ഗുണ്ടകള്‍ സബ് ജയിലിലുള്ളതിനാല്‍ തന്നെ അങ്ങോട്ട് അയക്കരുതെന്നും സെന്‍ട്രല്‍ ജയിലിലെ പ്രത്യേക സെല്ലിലേക്ക് അയച്ചാല്‍ മതിയെന്നും ശബരീനാഥ് കോടതിയോട് ആവശ്യപ്പെട്ടു.
2011 ഏപ്രിലില്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയ ശബരീനാഥിന് വേണ്ടി പോലീസ് നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇയാളെ പിടികൂടുന്നതില്‍ പോലീസ് പരാജയപ്പെടുകയായിരുന്നു.
ടോട്ടല്‍ ഫോര്‍ യു എന്ന നിക്ഷേപക സ്ഥാപനം തുടങ്ങിയ ശബരീനാഥ് ചുരുങ്ങിയ കാലം കൊണ്ട് കോടിക്കണക്കിന് രൂപ തട്ടിപ്പിലൂടെ സമ്പാദിച്ചിരുന്നു. ഇയാള്‍ക്കെതിരെ 33 ക്രിമിനല്‍ കേസുകളാണ് നിലവിലുള്ളത്. 10 എണ്ണത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.